ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് അപൂർവ നേട്ടം; മുന്നിൽ പാകിസ്താൻ മാത്രം...
text_fieldsദുബൈ: ട്വന്‍റി20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ടീം. 250 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.
ഏഷ്യ കപ്പ് ടൂർണമെന്‍റിന്‍റെ പ്രാഥമിക റൗണ്ടിൽ ഒമാനെതിരെ അവസാന മത്സരം കളിക്കാനിറങ്ങിയതോടെയാണ് ഇന്ത്യ 250 അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ എന്ന നേട്ടത്തിലെത്തിയത്. പാകിസ്താനാണ് ഏറ്റവും കൂടുതൽ ട്വന്‍റി20 മത്സരങ്ങൾ കളിച്ച ടീം. 275 മത്സരങ്ങൾ. ന്യൂസിലൻഡ് (235), വെസ്റ്റിൻഡീസ് (228) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 212 മത്സരങ്ങളുമായി ശ്രീലങ്ക അഞ്ചാമതാണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സഞ്ജു സാംസണിന്റെ തോളിലേറി എട്ടു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നേടി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് വീഴ്ചക്കിടെയാണ് അർധ സെഞ്ച്വറി തികച്ചത്. ഒരു വശത്ത്‍ വിക്കറ്റുകൾ വീണു തുടങ്ങിയപ്പോൾ, ഒമാന്റെ സ്പിൻ പേസ് പരീക്ഷണങ്ങളെ സമർഥമായി നേരിട്ട് താരം സ്കോർ ബോർഡുയർത്തി. മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയുമായി 41 പന്തിലായിരുന്നു സഞ്ജു അർധ സെഞ്ച്വറി തികച്ചത്.
56 റൺസെടുത്താണ് താരം പുറത്തായത്. അഭിഷേക് ശർമ (38), ശുഭ്മൻ ഗിൽ (5), ഹാർദിക് പാണ്ഡ്യ (1), അക്സർ പട്ടേൽ (26), ശിവം ദുബെ (5), തിലക് വർമ (29), അർഷ് ദീപ് സിങ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അഞ്ചിന് 130 എന്ന നിലയിൽ വെല്ലുവിളി നേരിട്ട ഇന്ത്യയെ ആറാം വിക്കറ്റിൽ ക്രീസിലെത്തിയ തിലക് വർമക്കൊപ്പം ചേർന്ന് സഞ്ജു സുരക്ഷിതമായ സ്കോറിലെത്തിക്കുകയായിരുന്നു. ഹർഷിദ് റാണയും (13 നോട്ടൗട്ട്), കുൽദീപ് യാദവും (1) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഒമാൻ 11.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്. 33 പന്തിൽ 32 റൺസെടുത്ത നായകൻ ജതീന്ദർ സിങ്ങിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 27 പന്തിൽ 25 റൺസുമായി ആമിർ കലീമും 12 പന്തിൽ 16 റൺസുമായി ഹമ്മാദ് മിർസയുമാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

