റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന് ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം
text_fieldsകാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം ആരാധകർ രോഹിത് ശർമയുടെ കട്ടൗട്ട് ഉയർത്തുന്നു
തിരുവനന്തപുരം: റണ്ണൊഴുകുമെന്ന് പ്രതീക്ഷിക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യയും വെസ്റ്റിൻഡീസുമായുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം നടക്കും. ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള മെൻ ഇൻ ബ്ലൂ ആദ്യമായാണ് കാര്യവട്ടത്ത് ഏകദിനം കളിക്കുന്നത്. റണ്ണൊഴുകുന്ന പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയിട്ടുള്ളതെന്ന് ക്യുറേറ്ററും സംഘാടകരും വ്യക്തമാക്കി. അവസാനം നടന്ന ശ്രീലങ്കയുമായുള്ള മത്സരരത്തിൽ വിരാട് കോഹ്ലിയുടെ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടിയിരുന്നു.
ഇന്ത്യൻടീം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പരിശീലനം നടത്തിയെങ്കിലും വെസ്റ്റിൻഡീസ് ടീം ഇന്നലെ മാത്രമാണ് ഇറങ്ങിയത്. എന്നാൽ സ്റ്റേഡിയം ബൗളർമാരെ പിന്തുണക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ബൗളിങ് കോച്ച് മോർണി മോർക്കലും വെസ്റ്റിൻഡീസ് പരിശീലകരും പുലർത്തുന്നുണ്ട്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മൂന്നര വർഷങ്ങൾക്ക് ശേഷമാണ് ഗ്രീൻഫീൽഡിൽ ഒരു അന്താരാഷ്ട്ര ഏകദിനമത്സരം നടക്കുന്നത്. 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും കളിക്കുമോയെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുവർക്കും ഈ പരമ്പര ഏറെ നിർണായകവുമാണ്. രോ-കോ സഖ്യത്തിന്റെ മികച്ച ഒരു പ്രകടനത്തിനായാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
ബാറ്റിങ്ങിൽ ഗില്ലിന് പുറമെ കെ.എൽ. രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ എന്നിവരുൾപ്പെട്ട ഇന്ത്യൻനിര ശക്തമാണ്. പക്ഷെ ജസ്പ്രീത് ബുംറെയുടെ അഭാവത്തിലുള്ള ബൗളിങ് നിരക്ക് വെല്ലുവിളികൾ ഏറെയാണ്. അടുത്ത ലോകകപ്പ് സ്ക്വാഡിൽ ആർക്കൊക്കെ ഇടം കിട്ടുമെന്ന് അവർക്ക് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയിലെ പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ച ആഖിബ്നബി, നമൻ ധീർ എന്നിവർക്കെല്ലാം ഈ പരമ്പര നിർണായകമാണ്. ഷായ് ഹോപ്പിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ പരിചയ സമ്പന്നരേക്കാൾ യുവനിരക്കാണ് ഏറെ പ്രാധാന്യം നൽകിയിട്ടുള്ളത്. അതിനാൽ വാശിയേറിയ ഒരു മത്സരമാണ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്. 35,000 പേർ കളി കാണാൻ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

