വിൻഡീസിന് ഹോപ്; നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി
text_fieldsവെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിന്റെ ബാറ്റിങ്
ഹൈദരാബാദ്: ഉപ്പൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ പ്രതീക്ഷിച്ച പോലെ റണ്ണൊഴുകിയപ്പോൾ ഇന്ത്യക്കെതിരെ നാലാം ട്വന്റി മത്സരത്തിൽ വെസ്റ്റിൻഡീസിന് 24 റൺസ് ജയം.
വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ ഇന്ത്യൻ മറുപടി 19.3 ഓവറിൽ 223 റൺസിലൊതുങ്ങി. ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസൺ കൂറ്റൻ അടികളോടെ ഉജ്ജ്വല തുടക്കമാണ് നൽകിയത്.
23 പന്തിൽ 56 റൺസെടുത്ത സഞ്ജു തന്നെയാണ് ടോപ് സ്കോറർ. 20 പന്തിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും 25 പന്തിൽ 43 റൺസെടുത്ത തിലക് വർമയും മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല.
ഉജ്ജ്വല ഫോം തുടരുന്ന ക്യാപ്റ്റൻ ഷായ് ഹോപ് പരമ്പരയിലെ രണ്ടാമത്തെയും ഇത്തവണത്തെ ഇന്ത്യൻ പര്യടനത്തിലെ നാലാമത്തെയും സെഞ്ച്വറി കണ്ടെത്തിയതാണ് വിൻഡീസ് ഇന്നിങ്സിലെ സവിശേഷത.
നാല് ഫോറുകളുടെയും ഒമ്പത് സിക്സറുകളുടെയും അകമ്പടിയോടെ 50 പന്തിൽ 102 റൺസുമായി പുറത്താവാതെനിന്ന ഓപണർ ഹോപ്പിന്റെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 247 റൺസ് അടിച്ചുകൂട്ടി സന്ദർശകർ. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ വിൻഡീസിന് ജയം അനിവാര്യമാണ്.
ടോസ് നേടിയപ്പോൾ ബൗൾ ചെയ്യാനുള്ള ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരുടെ തീരുമാനം അടിച്ചു കാറ്റിൽപറത്തി കരീബിയൻ ഓപണർമാർ. ജുവൽ ആൻഡ്രൂവുമായിച്ചേർന്ന് അതിവേഗം സ്കോർ ചലിപ്പിച്ചു ഹോപ്.
നാല് ഓവർ തികയും മുമ്പെ ടീം ടോട്ടൽ 50 പിന്നിട്ടു. എട്ടാം ഓവറിൽ വിൻഡീസ് മൂന്നക്കം തൊട്ടു. നേരിട്ട 28ാം പന്തിൽ ഹോപ്പിന്റെ അർധശതകവും പിറന്നു. 12 പന്തിൽ 33 റൺസടിച്ച ഹെറ്റ്മെയറിനെ ഒമ്പതാം ഓവറിൽ പ്രിൻസ് യാദവ് സ്വന്തം പന്തിൽ പിടകൂടുമ്പോൾ സ്കോർ 110.
ഹോപ്-റോവ്മാൻ പവൽ കൂട്ടുകെട്ടും മോശമാക്കിയില്ല. 12 ഓവറിൽ വിൻഡീസ് 150ലെത്തി. 17 പന്തിൽ 24 റൺസ് ചേർത്ത പവലിനെ 13ാം ഓവറിൽ അർഷ്ദീപ് സിങ് മടക്കി. വിക്കറ്റിന് പിറകിൽ സഞ്ജു സാംസണിന് ക്യാച്ച്.
പകരമെത്തിയ ഷെർഫെയ്ൻ റഥർഫോർഡും ഹോപ്പും ഇന്ത്യൻ ബൗളർമാരെ പ്രഹരിക്കുന്നത് തുടർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

