കിവിയരങ്ങ്; ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsഇന്ത്യൻ ബാറ്റർമാരായ ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും പരിശീലന സെഷനിൽ
ക്രൈസ്റ്റ്ചർച്ച് (ന്യൂസിലൻഡ്): ഏഴു മാസം മുമ്പ് നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിന്റെ ഓർമകളിൽ ഇന്ത്യയും ന്യൂസിലൻഡും മറ്റൊരു പോരാട്ടത്തിന്. അഹ്മദാബാദിൽ നടന്ന കലാശപ്പോരിൽ ജയിച്ച് ഇന്ത്യ വീണ്ടും ചാമ്പ്യന്മായിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ കിരീടം കൈവിട്ടതിന്റെ ക്ഷീണം തീർക്കാൻ മെൻ ഇൻ ബ്ലൂവിനെ സ്വന്തം നാട്ടിൽ കിട്ടിയിരിക്കുകയാണ് കിവികൾക്ക്. അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ കളി വ്യാഴാഴ്ച ഹാഗ്ലി ഓവലിൽ നടക്കും.
വെസ്റ്റിൻഡീസിനെതിരായ പരമ്പര സമനിലയിൽ വഴങ്ങിയ ശേഷമാണ് ശ്രേയസ് അയ്യരും സംഘവും ന്യൂസിലൻഡിലേക്ക് പറന്നത്. സമ്പന്നമായ ബാറ്റിങ് നിരയാണ് പ്രധാന കരുത്ത്. ഇന്നിങ്സ് ഓപൺ ചെയ്യുന്ന സഞ്ജു സാംസണും അഭിഷേക് ശർമയും പിന്നാലെയെത്തുന്ന ഇഷാൻ കിഷനും ശ്രേയസ്സും തിലക് വർമയുമെല്ലാം മികച്ച ഇന്നിങ്സ് കാഴ്ചവെക്കാൻ ശേഷിയുള്ളവരാണ്. കൗമാര വെടിക്കെട്ടുകാരൻ വൈഭവ് സൂര്യവംശി ഊഴം കാത്ത് ബെഞ്ചിലിരിക്കുന്നുണ്ട്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകിയിരിക്കുകയാണ്. നാലുവർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനൊപ്പം അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് തുടങ്ങിയവരുണ്ട്. സ്പിന്നർ വരുൺ ചക്രവർത്തി പരിക്ക് ഭേദമായി വീണ്ടും ടീമിലിടം പിടിച്ചിരിക്കുകയാണ്. അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, നമൻ ധിർ തുടങ്ങിയ ഓൾ റൗണ്ടർമാരും ഉൾപ്പെട്ടതാണ് സംഘം.
മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീമിൽ ഓൾ റൗണ്ടർ രചിൻ രവീന്ദ്രയില്ലാത്ത കുറവുണ്ട്. പരിക്കിൽനിന്ന് മോചിതരായി സ്പിൻ ഓൾ റൗണ്ടർ മൈക്കൽ ബ്രേസ് വെല്ലും ആഡം മിൽനെയും മടങ്ങിയെത്തി. ജേകബ് ഡഫി, മാറ്റ് ഹെൻട്രി, ലോക്കി ഫെർഗുസൻ, മിൽനെ, കൈൽ ജാമിസൻ, ബ്ലെയർ ടിക്ക്നർ എന്നിവരടങ്ങിയ പേസ് ബൗളിങ് യൂനിറ്റിലാണ് പ്രധാന പ്രതീക്ഷ. ഫിൻ അലൻ, ഡെവൺ കോൺവേ, ടിം സീഫെർട്ട് തുടങ്ങിയവരാൽ ബാറ്റിങ് നിരയും സ്ട്രോങ്ങാണ്. പരമ്പരയിൽ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിക്കുന്നുണ്ട് ഇന്ത്യ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, അക്ഷർ പട്ടേൽ, ശിവം ദുബെ, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, മായങ്ക് യാദവ്, നമൻ ധിർ, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ആഡം മിൽനെ, ജേക്കബ് ഡഫി, മാറ്റ് ഹെൻട്രി, മൈക്കൽ ബ്രേസ് വെൽ, ലോക്കി ഫെർഗൂസൻ, കൈൽ ജാമിസൻ, ടിം സീഫെർട്ട്, ഗ്ലെൻ ഫിലിപ്സ്, ബ്ലെയർ ടിക്ക്നർ, ജോഷ് ക്ലാർക്സൺ, ഫിൻ അലൻ, നതാൻ സ്മിത്ത്, ബിവോൺ ജേക്കബ്സ്.

