Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ഇന്ത്യ - പാക് മത്സരം...

‘ഇന്ത്യ - പാക് മത്സരം ഒത്തുകളി; തോറ്റുകൊടുക്കാൻ ജയ് ഷാ പാകിസ്താന് പണം നൽകി’

text_fields
bookmark_border
‘ഇന്ത്യ - പാക് മത്സരം ഒത്തുകളി; തോറ്റുകൊടുക്കാൻ ജയ് ഷാ പാകിസ്താന് പണം നൽകി’
cancel
camera_alt

ഇന്ത്യ -പാകിസ്താൻ മത്സരത്തിൽനിന്ന്

മുംബൈ: ഏഷ്യാകപ്പിൽ ഞായറാഴ്ച ദുബൈയിൽ നടന്ന ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരം ഒത്തുകളി ആയിരുന്നുവെന്ന ആരോപണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്ത്. മത്സരം തോറ്റുകൊടുക്കാനായി പാകിസ്താന് ഐ.സി.സി ചെയർമാൻ ജയ് ഷാ 50,000 കോടി കോഴ നൽകി. 1.5 ലക്ഷം കോടിയുടെ ചൂതാട്ടമാണ് നടന്നത്. മത്സരത്തിനെതിരെ എല്ലായിടത്തും പ്രതിഷേധം ഉയർന്നിരുന്നു. മത്സരം ഒഴിവാക്കാനാകില്ലെങ്കിൽ ഐ.സി.സി തലപ്പത്തുനിന്ന് ജയ് ഷാ രാജിവെക്കണമായിരുന്നു. ജനവികാരം വെച്ച് കളിച്ചാൽ നേപ്പാളിനു സമാനമായ സാഹചര്യം ഇവിടെയും ഉണ്ടാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

“ഇന്ത്യ -പാകിസ്താൻ മത്സരം ഒത്തുകളിയായിരുന്നു. 1.5 ലക്ഷം കോടിയുടെ ചൂതാട്ടത്തിൽ 50,000 കോടി പാകിസ്താനിലെത്തി. കേന്ദ്രമന്ത്രി അമിത് ഷായുടെ മകനാണ് അത് പാകിസ്താന് നൽകിയത്. ഭീകരവാദം ശക്തിപ്പെടുത്തി അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. അമിത് ഷായുടെ മകൻ ജയ് ഷാ ഐ.സി.സി ചെയർമാനും പാകിസ്താനിയായ മൊഹ്സിൻ നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമാണ്. മോദി സർക്കാർ നാണംകെട്ട കാര്യങ്ങളാണ് ചെയ്യുന്നത്. ബി.സി.സി.ഐയും മറ്റ് ക്രിക്കറ്റ് സംഘടനകളും ജയ് ഷായുടെ നിയന്ത്രണത്തിലാണ്.

ഈ മത്സരം നടത്തിയത് ഇന്ത്യക്ക് വലിയ നാണക്കേടാണ്. ഒഴിവാക്കാനാകില്ലെങ്കിൽ ഐ.സി.സി തലപ്പത്തുനിന്ന് ജയ് ഷാ രാജിവെക്കണമായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് അമിത് ഷാ ദേശീയതയും ഹിന്ദുത്വയുമാണ് പ്രചരിപ്പിക്കുന്നത്. എന്നിട്ട് പാകിസ്താനുമായി മത്സരത്തിന് ഇറങ്ങാൻ ഇന്ത്യൻ താരങ്ങൾക്ക് അനുമതി നൽകിയത് കേന്ദ്ര സർക്കാറാണ്. മഹാരാഷ്ട്രയിലെ ഐ.ടി മന്ത്രി ആശിഷ് ശീലറുടെ മകൻ മൊഹ്സിൻ നഖ്വിക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്. ആശിഷ് ശീലർ ധാർമിക ഉത്തരവാദിത്തമേറ്റ് രാജിവെക്കണം. മുൻകാലങ്ങളിൽ, ഇന്ത്യ ഇത്തരം ക്രിക്കറ്റ് മത്സരങ്ങളിൽനിന്ന് പിന്മാറിയിട്ടുണ്ട്. ഇത്തവണ കേന്ദ്ര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ താൽപര്യമാണ് പരിഗണിച്ചത്. ജയ് ഷാ ദുബൈയിൽ ഇരുന്ന് മത്സരം സംഘടിപ്പിച്ചു.

സഞ്ജയ് റാവത്ത്, ജയ് ഷാ

പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിലൂടെ ആർക്കാണ് പ്രയോജനം? ഈ മത്സരത്തിനെതിരെ എല്ലായിടത്തും പ്രതിഷേധം ഉയർന്നിരുന്നു, അതുകൊണ്ടാണ് പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിച്ചത്. മാന്യമായ ഉദ്ദേശ്യത്തോടെയല്ല അദ്ദേഹം മണിപ്പൂരിലേക്ക് പോയത്. ദുബൈയിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം മണിപ്പൂരിലേക്ക് പോയത്. ബിജെപിയുടെ ദേശീയതയും ഹിന്ദുത്വയും ലോകത്തിലെ ഏറ്റവും വലിയ കപടതയാണ്. നിരവധി ക്രിക്കറ്റ് താരങ്ങൾ മത്സരത്തെ എതിർത്തിട്ടുണ്ട്, ഈ മത്സരം കളിക്കുന്നവർ സ്വയം ലജ്ജിക്കേണ്ടതാണ്. അവരുടെ ഹൃദയത്തിൽ ദേശീയതയും ദേശസ്‌നേഹവും ഇല്ലേ? കളിക്കാൻ വിസമ്മതിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ജയ് ഷാ ക്രിക്കറ്റ് കളിക്കാരെ തൂക്കിലേറ്റുമായിരുന്നോ? അതോ അമിത് ഷാ അവരെ ജയിലിലടക്കുമായിരുന്നോ.

ജനവികാരം വെച്ച് കളിച്ചാൽ നേപ്പാളിനു സമാനമായ സാഹചര്യം ഇവിടെയും ഉണ്ടാകുമെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. അമിത് ഷാ ദേശസ്നേഹം പഠിപ്പിക്കുന്നു, പക്ഷേ അദ്ദേഹത്തിന്‍റെ മകൻ ജയ് ഷാ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റപ്പെട്ടിട്ടും ദുബായിൽ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മോദിയും അമിത് ഷായും, ജനവികാരവും അന്തസ്സും കൊണ്ട് കളിച്ചതിനാൽ സ്ഥാനങ്ങൾ ഉപേക്ഷിച്ച് രാജ്യം വിട്ട് ഓടിപ്പോകേണ്ടിവരും” -സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം പാകിസ്താനെതിരെ ഏഴുവിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടിയപ്പോൾ, ഇന്ത്യ 15.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത കുൽദീപ് യാദവാണ് കളിയിലെ താരം. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് (37 പന്തിൽ 47*) മത്സരത്തിലെ ടോപ് സ്കോറർ. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ യു.എ.ഇ ജയിച്ചതോടെ ഇന്ത്യ സൂപ്പർ ഫോറിൽ കടക്കുന്ന ആദ്യ ടീമായി. വെള്ളിയാഴ്ച ഒമാനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIICCpcbIndian Cricket TeamSanjay Rautjay shahPakistan Cricket TeamAsia Cup 2025
News Summary - India-Pak match was fixed; Jay Shah gave money to Pak, says Sanjay Raut
Next Story