രണ്ടാം ടെസ്റ്റിൽ ബുംറയില്ല; മുന്നിൽ പ്ലാൻ ബി?
text_fieldsലണ്ടൻ: ജയിക്കാമായിരുന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോൽവി ചോദിച്ചുവാങ്ങിയ ടീം ഇന്ത്യയെ തുറിച്ചുനോക്കി അടുത്ത ടെസ്റ്റിൽ വലിയ വെല്ലുവിളി. ഹെഡിങ്‍ലിയിൽ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന ജസ്പ്രീത് ബുംറ ഇറങ്ങിയേക്കില്ലെന്നാണ് സൂചന. ആദ്യ ടെസ്റ്റിൽ ഇരു ഇന്നിങ്സുകളിലുമായി 44 ഓവർ എറിഞ്ഞ താരം ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന രണ്ടാമങ്കത്തിൽ പുറത്തിരിക്കുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയപ്പോൾ ബുംറ കരക്കിരുന്നു. പ്രസിദ്ധ് കൃഷ്ണയും ആദ്യ ദിനത്തിൽ പ്രാക്ടീസിനുണ്ടായില്ല. മുഹമ്മദ് സിറാജ് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധയൂന്നിയപ്പോൾ അർഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവരും നെറ്റ്സിലെത്തി. ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവരടക്കം ബാറ്റർമാരും എത്തി. കൂടുതൽ എറിയുന്നത് ബുംറക്ക് ഭാരമാകുന്നുവെന്നതിനാൽ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ മൂന്നിൽ മാത്രമാകും ബുംറ ഇറങ്ങുക. കളി തോറ്റെങ്കിലും ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കുകയുംചെയ്തതാണ്. എഡ്ജ്ബാസ്റ്റണിൽ കരക്കിരിക്കുന്ന താരം ബർമിങ്ഹാമിൽ ജൂലൈ 10ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ഇറങ്ങിയേക്കും.
ഇംഗ്ലീഷ് ബാറ്റിങ് കൂടുതൽ കരുത്തു കാട്ടുകയും പിച്ചുകൾ ബൗളിങ്ങിനെ തുണക്കാതിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് ഓപണർമാരായ ബെൺ ഡക്കറ്റും സാക് ക്രോളിയും ഇന്ത്യൻ ബൗളിങ്ങിനെ കണക്കിന് പ്രഹരിച്ചിരുന്നു.
ഓരോ പന്തും അടിച്ചുപറത്താൻ ശ്രമിക്കുന്നതിന് പകരം കാത്തിരുന്ന് അവസരം ഉപയോഗപ്പെടുത്തുന്നതിലായിരുന്നു ഇരുവരും പിറകെ വന്നവരും ജാഗ്രത പുലർത്തിയത്. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ എങ്ങനെ പേസും സ്പിന്നും ഉപയോഗിക്കാമെന്ന് ഗൃഹപാഠം ചെയ്യാതെയായി ഇന്ത്യൻ ബൗളർമാരുടെ വരവ്. വിക്കറ്റെടുത്തെങ്കിലും പ്രസിദ്ധ് കൃഷ്ണ, ഷാർദുൽ താക്കൂർ എന്നീ ബൗളർമാർ ലൈനും ലെങ്തും കൃത്യമായി കാക്കുന്നതിൽ പരാജയമായി. ഹെഡിങ്‍ലിയിലെ പിച്ച് ബൗളിങ്ങിനെ ഒട്ടും സഹായിക്കുന്നതായിരുന്നില്ലെങ്കിലും മഴ കനത്തുനിന്ന അഞ്ചാം ദിനത്തിലും ഇന്ത്യൻ ബൗളർമാർക്ക് സമ്മർദം ചെലുത്താനാകാതെ പോയി. രണ്ടാം ഇന്നിങ്സിൽ ഏറ്റവും കൃത്യമായെറിഞ്ഞ സിറാജിന് നിർഭാഗ്യത്തിന് വിക്കറ്റ് ലഭിച്ചതുമില്ല. ടീം കൂടുതൽ പ്രതിസന്ധിയിലായ ഓരോ ഘട്ടത്തിലും ബുംറയെ വിളിക്കുകയെന്ന അവസാന വഴിയും അടുത്ത ടെസ്റ്റിൽ ഉണ്ടായേക്കില്ല.
ബുംറയുടെ പിൻഗാമിയായി അർഷ്ദീപോ ആകാശ് ദീപോ ഇറങ്ങുമെന്നാണ് സൂചന. സിറാജിനൊപ്പം പന്തെടുക്കുന്ന പേസർമാർ കൂടുതൽ കരുത്ത് കാട്ടിയാലേ ടീമിന് വരും മത്സരങ്ങളിൽ മികവ് കാട്ടാനൊക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.