ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ സർവസജ്ജം; ഇംഗ്ലീഷ് പടക്ക് സമ്പൂർണ തോൽവിയുമായി മടക്കം
text_fieldsഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം കപ്പുമായി
അഹ്മദാബാദ്: ട്വന്റി20യിൽ കൈവിട്ടത് ഏകദിനത്തിൽ പിടിക്കാമെന്ന് സ്വപ്നം കണ്ട ഇംഗ്ലീഷ് പടക്ക് സമ്പൂർണ തോൽവിയുമായി മടക്കം. ജസ്പ്രീത് ബുംറയുടെ അഭാവം ആധിയാകുന്നതിനിടെയും നാളുകൾക്കിടെ കേളികൊട്ടുണരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ യുവനിരക്കൊപ്പം വെറ്ററൻ പടയും സർവസജ്ജമെന്ന വിളംബരമായി അവസാന ഏകദിനത്തിൽ ടീം ഇന്ത്യ കുറിച്ചത് 142 റൺസിന്റെ ആധികാരിക ജയം. ഇതോടെ പരമ്പരയിൽ മൂന്നും ജയിച്ച് സ്വന്തം മണ്ണിൽ ഇന്ത്യക്ക് വൈറ്റ്വാഷ്. സ്കോർ ഇന്ത്യ 356, ഇംഗ്ലണ്ട് 214.
ആദ്യ രണ്ട് ഏകദിനത്തിലും അർധ സെഞ്ച്വറിയുമായി തുടക്കം ഗംഭീരമാക്കിയിരുന്ന ഉപനായകൻ ശുഭ്മാൻ ഗില്ലിന്റെ ശതകമാണ് ഇന്ത്യൻ ബാറ്റിങ്ങിൽ നിർണായകമായത്. 104 പന്ത് നേരിട്ട് മൂന്ന് സിക്സും 14 ഫോറും പറത്തി സെഞ്ച്വറി തൊട്ട താരം കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുകളും ഉയർത്തി. ഏറെയായി ഫോം കണ്ടെത്താൻ വിഷമിച്ച വിരാട് കോഹ്ലി 52 റൺസെടുത്തപ്പോൾ ശ്രേയസ് അയ്യർ 78 റണ്ണും നേടി. ഏകദിനത്തിൽ 14,000 റൺസ് എന്ന അപൂർവ റെക്കോഡിലേക്ക് 37 റൺസ് അകലത്തിലാണ് കോഹ്ലി. അവസാന പന്തിൽ ഓൾ ഔട്ടായെങ്കിലും കരുത്തോടെ ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയത് 357 റൺസ് വിജയലക്ഷ്യം. ആദിൽ റശീദ് നാലു വിക്കറ്റെടുത്തത് മാത്രമായിരുന്നു ഇംഗ്ലീഷ് ബൗളിങ്ങിൽ അൽപമെങ്കിലും പ്രതീക്ഷയായത്.
മറുവശത്ത്, ബാറ്റർമാർ നൽകിയ തുടക്കം പന്തിൽ ആവാഹിച്ച ഇന്ത്യൻ ബൗളിങ് നിര 34.2 ഓവറിൽ 214 റൺസിന് എതിരാളികളെ എല്ലാവരെയും പുറത്താക്കിയതോടെ ഇന്ത്യൻ വിജയം സമ്പൂർണം. തുടക്കത്തിൽ പേസിനെ ശക്തമായി നേരിട്ട ഇംഗ്ലീഷ് ബാറ്റർമാർ സ്പിന്നിനു മുന്നിൽ കറങ്ങിവീണാണ് തോൽവിയിലേക്ക് കൂപ്പുകുത്തിയത്. അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടുവിക്കറ്റ് വീതം നേടിയപ്പോൾ കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ഓരോന്നും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.