സിറാജ്: ക്യാപ്റ്റൻ ഗില്ലിന്റെ അത്ഭുതവിളക്ക്
text_fieldsലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിലെ തോൽവിയുടെ ക്ലൈമാക്സ് ചിത്രം ഇന്ത്യക്കാർ മറന്നുതുടങ്ങിയിട്ടില്ലായിരുന്നു. വിജയ പ്രതീക്ഷകളെല്ലാം അവസാനിച്ച നേരത്ത് രവീന്ദ്ര ജദേജയുടെ ചെറുത്തുനിൽപ്പിന് വാലറ്റം വരെ കരുത്ത് പകർന്ന മുഹമ്മദ് സിറാജിന്റെ ചിത്രം. ഷുഐബ് ബഷീറിന്റെ പന്ത് തന്റെ ബാറ്റിലുരസി ലെഗ് സ്റ്റമ്പിൽ പതിക്കുമ്പോൾ ഒരു രാജ്യത്തിന്റെ സങ്കടങ്ങൾ ഒന്നടങ്കം പേറി അയാൾ ക്രീസിൽ തകർന്നിരുന്നു. അവസാനം വരെ പോരാടിയിട്ടും സർവവും കൈവിട്ടുപോയ ആ പോരാളിയുടെ ചിത്രം കായികപ്രേമികളുടെ ഉള്ളുലച്ചു. എന്നാൽ, ഏറെ വൈകാതെ മറ്റൊരു ചിത്രം കൂടി അതേ പോരാളിയിലൂടെ പിറവികൊണ്ടു. തോൽവിയുടെ വക്കിൽ നിന്നൊരു ടീമിനെ അസാമാന്യ പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് അയാൾ വിജയശ്രീലാളിതനായിരിക്കുന്നു. ലോർഡ്സിൽ ഇന്ത്യ കൈവിട്ട ജയം തന്റെ അതിമനോഹര ബൗളിങ് പ്രകടനത്തിലൂടെ സിറാജ് ഓവലിൽ തിരിച്ചുപിടിച്ചിരിക്കുന്നു. വിജയാഘോഷത്തിന്റെ പാരമ്യതയിൽ നിന്നുമയാൾ പോരാട്ടത്തിന്റെ പ്രതീകവും തന്റെ പ്രിയപ്പെട്ട കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ചു.
പ്രായശ്ചിത്തം
'മുഹമ്മദ് സിറാജ്' സ്തുതിക്കപ്പെട്ട വിളക്കെന്നാണ് ആ അറബി പദത്തിനർഥം. ഓവലിലെ വിജയത്തോടെ, സിറാജ് തന്റെ പേരിനെ അന്വർഥമാക്കി. പരാജയത്തിന്റെ അന്ധകാരത്തിലേക്ക് പതിക്കുകയായിരുന്ന ശുഭ്മൻ ഗിൽ സംഘത്തിന് വിജയത്തിന്റെ വെളിച്ചം സമ്മാനിച്ചവൻ. അവഗണന കൊണ്ടും പരിഹാസം കൊണ്ടും തകർക്കാൻ ശ്രമിച്ച ഉത്തരവാദിത്തപ്പെട്ടവർ പോലും സിറാജിന്റെ പ്രകടനത്തിന് സ്തുതി പാടാൻ നിർബന്ധിതരായി. അവസാന ഓവറുകളിൽ ജയം പിടിക്കുമെന്ന് ഇംഗ്ലിഷ് ടീം ഉറപ്പിച്ച മത്സരമാണ് അതിമനോഹര പന്തുകളിലൂടെ സിറാജ് ഇന്ത്യക്കായി പിടിച്ചുവാങ്ങിയത്. രണ്ട് ഇന്നിങ്സിലുമായി നേടിയത് ഒമ്പത് വിക്കറ്റുകൾ. മത്സരത്തിൽ എറിഞ്ഞതാകട്ടെ, 46.3 ഓവറുകളും. ടെസ്റ്റിന്റെ നാലാം ദിനം ജയം ഇന്ത്യയുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള സുവർണാവസരം പാഴാക്കിയതിനുള്ള സിറാജിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു അത്. ഹാരി ബ്രൂക്കിന്റെ ക്യാച്ച് പാഴാക്കിയപ്പോൾ പഴിച്ചവരെല്ലാരും മത്സരാനന്തരം പ്രകീർത്തിക്കുന്നതാണ് കണ്ടത്.
പോരാട്ടം
വിശ്രമമില്ലാതെ അഞ്ച് മത്സരങ്ങളും തുടർച്ചയായി കളിച്ച്, എറിഞ്ഞ അവസാന പന്തിനെ 143 കിലോമീറ്റർ വേഗത്തിൽ ലാൻഡ് ചെയ്യിച്ച സിറാജിനെ ഇനി മാറ്റിനിർത്താൻ ടീം ഇന്ത്യക്കാകില്ല. ഒറ്റ സ്പെല്ലിൽ 10 ഓവർ വരെ എറിയുക, ഫീൽഡിങ് തുടരുക, ആവശ്യമുള്ളപ്പോൾ ഇംപാക്റ്റ് ഉണ്ടാക്കുക... ഇതിൽപരം എന്തുവേണം ഒരു ടെസ്റ്റ് ബൗളർക്ക്. പരിക്ക് വരുമെന്ന പേരിൽ ബുംറ വിശ്രമിക്കുന്നു, മുഹമ്മദ് ഷമിയാകട്ടെ, സ്ഥിരം പരിക്കിന്റെ പിടിയിലും. കളിക്കളത്തിൽ തികഞ്ഞ പോരാളിയായി സിറാജ് വളർന്നുവെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഈ പരമ്പര. ഇരു ഭാഗത്തും അഞ്ച് ടെസ്റ്റുകളിലും കളിച്ച ഏക ഫാസ്റ്റ് ബൗളറാണ് സിറാജ്. പരമ്പരയിൽ 23 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ. ജസ്പ്രീത് ബുംറക്ക് ജോലിഭാരം കാരണം രണ്ട് ടെസ്റ്റുകളിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും, സിറാജ് അവസരത്തിനൊത്ത് ഉയർന്നു. സമ്മർദ ഘട്ടങ്ങളിലെല്ലാം അയാൾ ടീമിനെ ചേർത്തുനിർത്തി. മൈതാനത്ത് തന്റെ സഹബൗളർമാർക്ക് അയാൾ നിരന്തരം പ്രചോദനമായി.
'ബുംറയുടെ ഫിറ്റ്നസ് സംബന്ധിച്ച ചോദ്യങ്ങൾ നിലനിൽക്കും, ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ഭാവി വ്യക്തമല്ല. എന്നാൽ, പുതിയ പേസർമാരെ വളർത്താൻ സിറാജുണ്ടാകുമെന്ന് വിശ്വസിക്കുക, ഇന്ത്യയുടെ ബൗളിങ് പരിശീലകൻ മോർൺ മോർക്കലിന്റെ വാക്കുകളിലുണ്ട് സിറാജിന്റെ പോരാട്ട വൈഭവം.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: റെക്കോഡ് പുസ്തകത്തിലേക്ക്
7881: ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത പഞ്ച മത്സര ടെസ്റ്റ് പരമ്പര. 1993ൽ ആറ് മത്സരങ്ങളടങ്ങിയ ആസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ 7221 റൺസ് പിറന്നിരുന്നു.
3809: അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഒരു ടീം നേടുന്ന ഏറ്റവും കൂടുതൽ റൺസ് റെക്കോഡ് ഇന്ത്യക്ക്
21: ഏറ്റവുമധികം സെഞ്ച്വറികൾ പിറന്ന ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പര. 1955ലെ ആസ്ട്രേലിയ-വെസ്റ്റിൻഡീസ് പരമ്പരക്കൊപ്പം.
754: ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി ശുഭ്മൻ ഗിൽ. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും.
6000+, 39: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ 6,000 റൺസ് നേടുന്ന ആദ്യ കളിക്കാരനായി ജോ റൂട്ട്. 39ാം സെഞ്ച്വറി നേടി ഏറ്റവുമധികം ടെസ്റ്റ് ശതകങ്ങൾ കുറിച്ചവരുടെ പട്ടികയിൽ നാലാമനും.
50+, 6: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം അർധ ശതകങ്ങൾ നേടിയ ബാറ്ററായി രവീന്ദ്ര ജദേജ (6).
4+, 7: ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം തവണ നാലോ അതിലധികമോ വിക്കറ്റ് നേടുന്ന ബൗളറായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് (7).
23: ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറായി മുഹമ്മദ് സിറാജ്. ജസ്പ്രീത് ബുംറയുടെ റെക്കോഡിനൊപ്പം.
51: ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ. ഇശാന്ത് ശർമയുടെ റെക്കോഡിനൊപ്പം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.