ലോർഡ്സിൽ സ്കോർ ഒപ്പത്തിനൊപ്പം; ഇംഗ്ലണ്ടിനു പിന്നാലെ ഇന്ത്യയും 387 റൺസിന് പുറത്ത്
text_fieldsലണ്ടൻ: ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സ്കോർ ഒപ്പത്തിനൊപ്പം. ഇംഗ്ലണ്ടിനു പിന്നാലെ ഇന്ത്യയും 387 റൺസിന് പുറത്തായി.
ഓപ്പണർ കെ.എൽ. രാഹുലിന്‍റെ സെഞ്ച്വറിയും രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യയെ ആതിഥേയരുടെ സ്കോറിനൊപ്പമെത്തിച്ചത്. രാഹുൽ 100 റൺസെടുത്തും ഋഷഭ് പന്ത് 74 റൺസെടുത്തും മടങ്ങി. 72 റൺസാണ് ജദേജയുടെ സമ്പാദ്യം. 376ന് ആറ് എന്ന നിലയിൽനിന്നാണ് 387 റൺസിന് ഇന്ത്യ ഓൾ ഔട്ടായത്. 11 റൺസിനിടെയാണ് അവസാന നാലു വിക്കറ്റുകൾ വീണത്.
മൂന്നാംദിനം ബാറ്റിങ് പുനരാരംഭിക്കുമ്പോൾ രാഹുലും പന്തുമായിരുന്നു ക്രീസിൽ. നാലാം വിക്കറ്റിൽ ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. നേരിട്ട 86ാം പന്തിലായിരുന്നു ഋഷഭിന്റെ അർധശതകം. മൂന്നിന് 107ൽ ഇന്ത്യ പതറവെ സംഗമിച്ച രാഹുൽ-ഋഷഭ് സഖ്യം സ്കോർ 250ന് അരികിലെത്തിച്ചു. 112 പന്തിൽ 74 റൺസ് ചേർത്ത വിക്കറ്റ് കീപ്പർ ബാറ്ററെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് റണ്ണൗട്ടാക്കുകയായിരുന്നു. 248ലാണ് നാലാം വിക്കറ്റ് വീണത്. തുടർന്ന് മത്സരം ലഞ്ചിന് പിരിയുമ്പോൾ 98 റൺസുമായി രാഹുൽ ക്രീസിലുണ്ടായിരുന്നു.
ഋഷഭിന് പകരക്കാരനായി ജദേജ വന്നു. 176ാം പന്തിലാണ് രാഹുലിന്റെ പത്താം ടെസ്റ്റ് ശതകം പിറന്നത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ രാഹുലിന് മടക്കമായി. ഓപണറെ ഹാരി ബ്രൂക്കിനെ ഏൽപിച്ചു സ്പിന്നർ ഷുഐബ് ബഷീർ. 13 ബൗണ്ടറികളടങ്ങുന്നതായിരുന്നു പ്രകടനം. അഞ്ചിന് 254. ജദേജയും നിതീഷ് കുമാർ റെഡ്ഡിയുമായി പിന്നെ. 21ാം പന്തിലാണ് നിതീഷ് അക്കൗണ്ട് തുറക്കുന്നത്. സ്കോറിങ്ങിന് പിന്നെയും വേഗം കുറഞ്ഞു. ചായക്കു മുമ്പ് 300 കടന്നു. ഇടക്ക് പലതവണ ഇംഗ്ലീഷ് ബൗളർമാർ നിതീഷിനെയും ജദേജയെയും പരീക്ഷിച്ചു.
ഒടുവിൽ നിതീഷ് സ്റ്റോക്സിന് മുന്നിൽ മുട്ടുമടക്കി. 91 പന്തിൽ 30 റൺസെടുത്ത താരത്തെ വിക്കറ്റിന് പിന്നിൽ ജാമി സ്മിത്ത് പിടികൂടി. 326ൽ ആറാം വിക്കറ്റ് വീണു. 87ാം പന്തിലായിരുന്നു ജദേജയുടെ 50. ജദേജ വോക്സിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങി.
വാഷിങ്ടൺ സുന്ദർ (76 പന്തിൽ 23), ആകാശ് ദീപ് (10 പന്തിൽ ഏഴ്), ജസ്പ്രീത് ബുംറ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നു വിക്കറ്റ് നേടി. ജൊഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.