ഓപണർമാർ പുറത്ത്, ഇംഗ്ലണ്ട് രണ്ടിന് 225; നാലാം ടെസ്റ്റിൽ പിടിമുറുക്കി ആതിഥേയർ
text_fieldsഅർധ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റ്
മാഞ്ചസ്റ്റർ: പരിക്കിന്റെ വേദന മറന്ന് ഋഷഭ് പന്ത് ബാറ്റുമായി ക്രീസിലെത്തി അർധ ശതകം തികച്ച് മടങ്ങിയ ദിവസം ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്. സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 358 റൺസിൽ അവസാനിപ്പിച്ച ഇംഗ്ലീഷുകാർ രണ്ടാംദിനം സ്റ്റെമ്പെടുക്കുമ്പോൾ 46 ഓവറിൽ രണ്ടിന് 225 എന്ന ശക്തമായ നിലയിലാണ്. ഓപണർമാരായ ബെൻ ഡക്കറ്റും (94) സാക് ക്രൗലിയുമാണ് (84) പുറത്തായത്. ഒലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിൽ. നായകനും പേസറുമായ ബെൻ സ്റ്റോക്സിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യയെ ഓൾ ഔട്ടാക്കാൻ ആതിഥേയരെ സഹായിച്ചത്. മറ്റൊരു പേസർ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി ശക്തമായ പിന്തുണ നൽകി.
തലേന്ന് സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റിന് 264 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 19 വീതം റൺസെടുത്ത് രവീന്ദ്ര ജദേജയും ഷാർദുൽ താക്കൂറും ക്രീസിലുണ്ടായിരുന്നു. എന്നാൽ, രണ്ടാംദിനം 94 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി. രണ്ടാം ഓവറിൽ തന്നെ ഹാരി ബ്രൂക്കിന്റെ ക്യാച്ചിലൂടെ ജദേജയെ ആർച്ചർ പുറത്താക്കുമ്പോൾ ഒരു റൺസ് മാത്രമാണ് കൂട്ടിച്ചേർത്തിരുന്നത്. 40 പന്തിൽ 20 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയത് വാഷിങ്ടൺ സുന്ദർ. വാഷിങ്ടണും ഷാർദുലും സ്കോർ പതിയെ ചലിപ്പിക്കുന്നതിനിടെ മറ്റൊരു തിരിച്ചടി. 88 പന്തിൽ 41 റൺസെടുത്ത ഷാർദുലിനെ ഡക്കറ്റിനെ ഏൽപിച്ചു സ്റ്റോക്സ്. ആറിന് 314.
ഒന്നാംദിനം വ്യക്തിഗത സ്കോർ 37 റൺസിൽ നിൽക്കെ പരിക്കേറ്റ് മടങ്ങിയ പന്ത് വീണ്ടും ക്രീസിലേക്ക്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ആറിന് 321. പന്തും (39) വാഷിങ്ടണും (20) ക്രീസിൽ. 27 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിനെ സ്റ്റോക്സ്, ക്രിസ് വോക്സിന്‍റെ കൈകളിലെത്തിച്ചു. പിന്നെ ഇറങ്ങിയ അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിനെ റണ്ണെടുക്കാൻ അനുവദിക്കാതെ വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ ഏൽപിച്ച സ്റ്റോക്സ് സ്കോർ എട്ടിന് 337ലാക്കി. ബുംറയെ സാക്ഷിയാക്കി പന്ത് അർധ ശതകം പൂർത്തിയാക്കി. പിന്നാലെ താരത്തെ ആർച്ചർ ക്ലീൻ ബൗൾഡാക്കി. 75 പന്തിൽ 54 റൺസാണ് പന്ത് നേടിയത്.
ബുംറയും സിറാജും ചേർന്ന് ടീം സ്കോർ 350 കടത്തി. ബുംറയെ (4) വിക്കറ്റ് കീപ്പറുടെ ഗ്ലൗസിൽ ഭദ്രമാക്കി ആർച്ചർ ഇന്ത്യൻ ഇന്നിങ്സിന് തിരശീലയിട്ടു. അഞ്ച് റൺസുമായി സിറാജ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഓപണർമാർ ഏകദിന ശൈലിയിൽ ഇന്ത്യൻ ബൗളർമാരെ കൈകാര്യം ചെയ്തു. 166 റൺസ് ചേർത്ത ഓപണിങ് കൂട്ടുകെട്ടിന് ജദേജയാണ് വിരാമമിട്ടത്. ക്രോളിയെ (84) രാഹുൽ ക്യാച്ചെടുത്ത് മടക്കി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഡക്കറ്റിനെ ഋഷഭ് പന്തിന് പകരം വിക്കറ്റ് കാക്കുന്ന ധ്രുവ് ജുറെൽ പിടിച്ചു പുറത്താക്കി. അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിനാണ് വിക്കറ്റ്. മൂന്നാംദിനം നേരത്തെ വിക്കറ്റുകൾ നേടാനായാൽ മാത്രമേ ഇന്ത്യക്ക് മത്സരം തിരിച്ചുപിടിക്കാനാകൂ.
പന്തിന് കൈയടി
ലണ്ടൻ: മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ബാറ്റിങ്ങിനിടെ പരിക്കേറ്റ് മടങ്ങിയ ഋഷഭ് പന്ത് വീണ്ടും ക്രീസിലെത്തിയപ്പോൾ നിലക്കാത്ത കൈയടിയും ആഘോഷവുമായി വരവേറ്റ് ആരാധകർ. ക്രിസ് വോക്സിന്റെ യോർക്കർ നേരിടാനുള്ള ശ്രമത്തിനിടെയായിരുന്നു പരിക്ക്. കാലിന് നീരു വന്നതോടെ ബാറ്റിങ് തുടരാൻ സാധിക്കാതായ താരം ഗോൾഫ് കാർട്ടിലാണ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. തിരിച്ചുവരവ് അസാധ്യമെന്നുറപ്പിച്ചടത്തു നിന്നാണ് രണ്ടാം ദിനം പാഡണിഞ്ഞ് പന്ത് അർധ ശതകം കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.