അർധ സെഞ്ച്വറി പിന്നിട്ട് രാഹുലും ഗില്ലും; ഓൾഡ് ട്രാഫോഡിൽ ഇന്ത്യ പൊരുതുന്നു
text_fieldsകെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും മത്സരത്തിനിടെ
മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയും നഷ്ടമാകാതിരിക്കാൻ ഇന്ത്യ പൊരുതുന്നു. നാലാംദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി പിന്നിട്ട ഓപണർ കെ.എൽ. രാഹുലും (87*) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് (78*) ക്രീസിൽ. 669 എന്ന വമ്പൻ സ്കോർ ഒന്നാമിന്നിങ്സിൽ സ്വന്തമാക്കിയ ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കി. 311 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. നിലവിൽ ഇംഗ്ലണ്ടിന്റെ സ്കോറിനേക്കാൾ 137 റൺസ് പിന്നിലാണ് ഇന്ത്യ. 358 റൺസായിരുന്നു സന്ദർശകരുടെ ഒന്നാമിന്നിങ്സ് സ്കോർ.
ലഞ്ചിന് മുമ്പ് മൂന്നോവർ ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ സ്കോർബോർഡ് തുറക്കുംമുമ്പ് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്രിസ് വോക്സായിരുന്നു അന്തകൻ. നാലാം പന്തിൽ ഓപണർ യശസ്വി ജയ്സ്വാളിനെ വോക്സിന്റെ തകർപ്പൻ പന്തിൽ ഒന്നാം സ്ലിപ്പിൽ ജോ റൂട്ട് പിടികൂടി. മൂന്നാമനായ സായ് സുദർശൻ അടുത്ത പന്തിൽ പുറത്ത്. അവസാന സെക്കൻഡിൽ ‘ലീവ്’ ചെയ്യാൻ തീരുമാനിച്ച സുദർശന് പണി പാളി. ഷോർട്ട് പിച്ച് ചെയ്ത പന്ത് ബാറ്റിൽകൊണ്ട് രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന്റെ കൈയിൽ. തുടർന്ന് രാഹുലും ക്യാപ്റ്റൻ ഗില്ലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ശനിയാഴ്ച പിറന്നത്. ടീം ചരിത്രത്തിലെ അഞ്ചാമത്തെ വലിയ സ്കോറുമാണിത്. 2014ന് ശേഷം ആദ്യമായാണ് ഇന്ത്യ ടെസ്റ്റിൽ 600ലേറെ റൺസ് വഴങ്ങുന്നത്.
റൂട്ടിന് പിന്നാലെ സ്റ്റോക്സ്
150 റൺസ് നേടിയ ജോ റൂട്ടിന് പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ 141 റൺസാണ് ഇംഗ്ലീഷ് സ്കോർ 600 കടത്തിയത്. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് നാലാം ദിനം മൂന്നക്കത്തിലെത്തിയത്. മൂന്നാം ദിനം എറിഞ്ഞ് കുഴങ്ങിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ശനിയാഴ്ച മോശമല്ലാതെ പന്തെറിഞ്ഞു. ഏഴിന് 544 എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനായി വാലറ്റത്ത് ബ്രയ്ഡൻ കാഴ്സ് 47ഉം ലിയാം ഡോസൺ 26ഉം റൺസ് നേടി സ്റ്റോക്ക്സിന് കരുത്തേകി. 198 പന്തിൽ 11 ഫോറും മൂന്ന് സിക്സുമടക്കമാണ് ഇംഗ്ലീഷ് നായകൻ 141 റൺസ് നേടിയത്. രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റോക്സിന്റെ ടെസ്റ്റ് സെഞ്ച്വറി പിറക്കുന്നത്.
ടെസ്റ്റ് ചരിത്രത്തിൽ 7,000 റൺസും 200 വിക്കറ്റും നേടുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടടവും ഇംഗ്ലണ്ട് ഓൾറൗണ്ടർ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്സ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക് കാലിസ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ. സ്റ്റോക്സ് 7000 റൺ സും 229 വിക്കറ്റുമാണ് ഇതുവരെ നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.