58 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം; ബാക്കിയുള്ളത് ഒരുദിനം, കൈയിലുള്ളത് ആറുവിക്കറ്റ്, ജയിക്കാൻ 135 റൺസ്
text_fieldsലണ്ടൻ: 193 റൺസ് വിജയലക്ഷ്യവുമായി നാലാം ദിനത്തിന്റെ അവസാന സെഷനിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 58 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്.
നിലയുറപ്പിക്കും മുൻപെ ഓപണർ യശസ്വി ജയ്സ്വാളിനെ (0) പുറത്താക്കി ജോഫ്ര ആർച്ചറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 14 റൺസെടുത്ത കരുൺ നായരെ ബ്രൈഡൻ കാർസ് എൽ.ബിയിൽ കുരുക്കി. ആറ് റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലും കാർസിന്റെ എൽ.ബിയിൽ കുടുങ്ങി. തുടർന്ന് ആകാശ് ദീപ് (1) ബെൻ സ്റ്റോക്സിന് വിക്കറ്റ് നൽകി മടങ്ങിയതോടെ നാലാം ദിനം സ്റ്റംപെടുത്തു. 33 റൺസുമായി കെ.എൽ.രാഹുലാണ് ക്രീസിൽ. ഇനി ഒരു ദിവസം ശേഷിക്കെ ആറ് വിക്കറ്റ് കൈയിലിരിക്കെ 135 റൺസ് വേണം ഇന്ത്യക്ക് ജയിക്കാൻ.
ഇന്ത്യൻ ബൗളർമാർ അവരുടെ റോൾ ഭംഗിയാക്കിയതോടെ സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച കളി ഇന്ത്യയുടെ വഴിക്ക് വരികയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് എറിഞ്ഞിടുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇരു ടീമും 387 റൺസ് വീതം നേടിയതിനാൽ ഇന്ത്യക്ക് 193 റൺസ് മാത്രം മതിയായിരുന്നു ജയിക്കാൻ. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വാഷിങ്ടൺ സുന്ദറാണ് ബൗളർമാരിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. നാലുപേരെയും ബൗൾഡാക്കുകയായിരുന്നു വാഷിങ്ടൺ. പേസർമാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുറയും രണ്ട് വീതവും ആകാശ് ദീപും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
തലേന്ന് വിക്കറ്റ് നഷ്ടപ്പെടാതെ ഒരു ഓവറിൽ രണ്ട് റൺസിലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിർത്തിയത്. രാവിലെ ഓപണർമാരായ സാക് ക്രോളിയും (2) ബെൻ ഡക്കറ്റും (0) ഇന്നിങ്സ് പുനരാരംഭിച്ചു. ആറാം ഓവറിൽ മുഹമ്മദ് സിറാജിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ ഡക്കറ്റ് വീണു. 12 പന്തിൽ 12 റൺസെടുത്ത താരം മിഡ് ഓണിൽ ജസ്പ്രീത് ബുംറക്ക് ക്യാച്ച് സമ്മാനിച്ചു. 22ൽ ആദ്യ വിക്കറ്റ്. പകരമെത്തിയ ഒലി പോപ്പിന് ആയുസ്സ് 17 പന്തുകൾ. 12 ഓവർ പൂർത്തിയാകവെ പോപ്പിനെ (4) സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ രണ്ടിന് 42.
നിതീഷ് കുമാർ റെഡ്ഡി പന്തുമായെത്തിയതോടെ മറുതലക്കലുണ്ടായിരുന്ന ഓപണർ ക്രോളിയുടെ പോരാട്ടത്തിനും അന്ത്യമായി. 49 പന്ത് നേരിട്ട് 22 റൺസ് ചേർത്ത ക്രോളിയെ യശസ്വി ജയ്‍സ്വാൾ ക്യാച്ചെടുത്തു. 50ൽ മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടതോടെ ആതിഥേയർ പതറി. ഹാരി ബ്രൂക്-ജോ റൂട്ട് കൂട്ടുകെട്ടിലായിരുന്നു അടുത്ത പ്രതീക്ഷ. ആകാശ് ദീപ് എറിഞ്ഞ 22ാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ യഥാക്രമം രണ്ട് ഫോറും ഒരു സിക്സുമടിച്ചു ബ്രൂക്. തന്റെ അടുത്ത ഓവറിൽ ആകാശ് ഇതിന് മധുര പ്രതികാരം ചെയ്തു. 19 പന്തിൽ 23 റൺസ് നേടിയ ബ്രൂക് ക്ലീൻ ബൗൾഡ്. സ്കോർ ബോർഡിൽ 87. നാലിന് 98ലെത്തിയപ്പോൾ ലഞ്ചിന് സമയമായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (2) റൂട്ടും (17) ക്രീസിൽ.
ഇംഗ്ലീഷ് സ്കോർ മൂന്നക്കം കടത്തിയ മുന്നേറിയ റൂട്ട്-സ്റ്റോക്സ് സഖ്യം ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായി. ബുംറയും സിറാജും മാറിമാറി ശ്രമിച്ചിട്ടും ഇത് തകർക്കാനായില്ല. ഇടക്ക് രവീന്ദ്ര ജദേജയുടെ സ്പിന്നും പരീക്ഷിച്ചു ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. അപ്പുറത്ത് സ്പിന്നുമായി വാഷിങ്ടൺ സുന്ദറും. ലീഡ് 150ഉം കടത്തി ഇവർ. പിന്നാലെ വാഷിങ്ടണിന് മുന്നിൽ മുട്ടുമടക്കി ഒന്നാം ഇന്നിങ്സിലെ ശതക വീരനായ റൂട്ട്. 96 പന്തിൽ 40 റൺസ് ചേർത്ത ബാറ്ററുടെ കുറ്റിതെറിച്ചു. അഞ്ചിന് 154. ജാമി സ്മിത്തിനെ (8) ബൗൾഡാക്കി വാഷിങ്ടൺ അതിവേഗം പറഞ്ഞുവിട്ടതോടെ ആറിന് 164ലേക്കെത്തി ഇംഗ്ലണ്ട്. ചായ സമയത്ത് ആറിന് 175. ക്രിസ് വോക്സും (8) സ്റ്റോക്സും (27) ക്രീസിൽ.
കളി പുനരാരംഭിച്ചപ്പോൾ വിക്കറ്റ് വീഴ്ചയും തുടർന്നു. 96 പന്തിൽ 33 റൺസെടുത്ത സ്റ്റോക്സിനെയും ബൗൾഡാക്കി വാഷിങ്ടൺ. ബ്രൈഡൻ കാർസെയെ (1) അടുത്ത ഓവറിൽ ബുംറയും സ്റ്റമ്പിളക്കി വിട്ടതോടെ എട്ടിന് 182. ബുംറ നിർത്താനുള്ള ഭാവമില്ലായിരുന്നു. തന്റെ തൊട്ടടുത്ത ഓവറിൽ വോക്സിനെയും (10) പറഞ്ഞുവിട്ടു പേസർ. 185ലാണ് ഒമ്പതാം വിക്കറ്റ് വീണത്. അവസാന വിക്കറ്റിൽ ഷുഐബ് ബഷീറും (2) ജോഫ്ര ആർച്ചറും (5 നോട്ടൗട്ട്) അൽപനേരം ചെറുത്തുനിന്നു. ഒടുവിൽ ഷുഐബിനെയും വാഷിങ്ടൺ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് 192ന് ഓൾ ഔട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.