ഇന്ത്യൻ താരത്തെ ലോർഡ്സിന്‍റെ ഗേറ്റിൽ തടഞ്ഞു, പേര് പറഞ്ഞിട്ടും കടത്തിവിടാതെ സെക്യൂരിറ്റി; ഒടുവിൽ രക്ഷക്കെത്തിയത് ദിനേഷ് കാർത്തിക് -VIDEO
text_fieldsഇന്ത്യൻ ട്വന്‍റി20 താരവും ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ വിക്കറ്റ് കീപ്പറും ഇടക്കാല ക്യാപ്റ്റനുമായ ജിതേഷ് ശർമയെ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടഞ്ഞ് സുരക്ഷാ ജീവനക്കാർ. പേര് പറഞ്ഞിട്ടും സുരക്ഷാ ജീവനക്കാർക്ക് തിരിച്ചറിയാനായില്ല. തുടർന്ന് ആർ.സി.ബിയുടെ ബാറ്റിങ് കോച്ചും മെന്‍ററുമായ ദിനേഷ് കാർത്തിക് എത്തി ഇടപെട്ടാണ് താരത്തിനെ അകത്ത് കടത്തിവിട്ടത്.
മത്സരം നടക്കുന്നതിനിടെയാണ് ജിതേഷ് ശർമ സ്റ്റേഡിയത്തിലേക്ക് കളി കാണാനായി വന്നത്. എന്നാൽ, ഗേറ്റിൽ തടഞ്ഞു. പേര് പറഞ്ഞിട്ടും ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞിട്ടും സുരക്ഷ ജീവനക്കാരന് തിരിച്ചറിയാനായില്ല. ഇതോടെ പ്രവേശനം നിഷേധിക്കപ്പെട്ടു.
അപ്പോഴാണ്, തന്‍റെ ഐ.പി.എൽ ടീമിന്‍റെ കോച്ചും മെന്‍ററും മുൻ ഇന്ത്യൻ താരവുമായ ദിനേഷ് കാർത്തിക് സമീപത്തുള്ളത് ജിതേഷ് ശർമ ശ്രദ്ധിച്ചത്. ജിതേഷ് ശർമ ദിനേഷ് കാർത്തികിനെ അടുത്തേക്ക് വിളിച്ചെങ്കിലും ബഹളത്തിനിടെ കാർത്തിക് വിളി കേട്ടില്ല. തുടർന്ന് ജിതേഷ് ഫോണിൽ കാർത്തികിനെ വിളിക്കുകയായിരുന്നു. തന്നെ കടത്തിവിടാത്ത സാഹചര്യവും വിശദീകരിച്ചു.
ടെസ്റ്റ് പരമ്പരയുടെ കമന്‍ററി ടീം അംഗമായാണ് ദിനേഷ് കാർത്തിക് ഇംഗ്ലണ്ടിലെത്തിയിരുന്നത്. ജിതേഷ് ശർമ വിളിച്ചയുടൻ കാർത്തിക് ഗേറ്റിനരികിലേക്ക് വന്ന് സുരക്ഷാ ജീവനക്കാരോട് കാര്യം പറഞ്ഞ് താരത്തെ അകത്തു കടത്തി.
ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ ജേതാക്കളായ ആർ.സി.ബിയെ ക്യാപ്റ്റൻ രജത് പാട്ടിദാറിന്‍റെ അസാന്നിധ്യത്തിൽ രണ്ട് മത്സരങ്ങളിൽ നയിച്ചത് ജിതേഷ് ശർമയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഒമ്പത് അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ലോർഡ്സിൽ നടന്ന മൂന്നാംടെസ്റ്റില്‍ 22 റൺസിനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യമായ 193 റൺസ് പിന്തുടർന്ന ഇന്ത്യയെ 170 റൺസിന് ഇംഗ്ലണ്ട് പുറത്താക്കുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.