ശുഭ്മൻ ഗിൽ ജൂലൈയിലെ മികച്ച ക്രിക്കറ്റ് താരം; പുരസ്കാരം നേടുന്നത് നാലാം തവണ
text_fieldsമുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ജൂലൈ മാസത്തിലെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ.
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. നാലാം തവണയാണ് ഗില്‍ ഐ.സി.സിയുടെ പ്ലയര്‍ ഓഫ് ദ മന്ത് നേടുന്നത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, ദക്ഷിണാഫ്രിക്കന്‍ താരം വിയാന്‍ മുള്‍ഡര്‍ എന്നിവരെ മറികടന്നാണ് ഗില്‍ നേട്ടം സ്വന്തമാക്കിയത്.
ജൂലൈയിൽ മൂന്നു ടെസ്റ്റുകളിൽനിന്നായി ഗിൽ 567 റൺസാണ് നേടിയത്. 94.50 ആണ് ശരാശരി. ആറു ഇന്നിങ്സുകളിൽനിന്നായി ഒരു ഇരട്ട സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ജയിച്ച ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടിയ ഗിൽ, രണ്ടാം ഇന്നിങ്സിൽ 161 റൺസും എടുത്തു. ഇന്ത്യൻ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ തന്നെ ഒരുപിടി റെക്കോഡുകളാണ് ഗിൽ സ്വന്തം പേരിലാക്കിയത്.
നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ വെറ്ററൻ താരം വിരാട് കോഹ്ലി നേടിയ 449 റൺസെന്ന റെക്കോഡ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റിൽ തന്നെ ഗിൽ മറികടന്നിരുന്നു. ഏഷ്യക്കു പുറത്ത് ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് എഡ്ജ്ബാസ്റ്റണിൽ ഗിൽ സ്വന്തമാക്കിയത്. സിഡ്നിയിൽ ഇതിഹാസം സചിൻ തെണ്ടുൽക്കർ നേടിയ 241 റൺസാണ് പഴങ്കഥയായത്.
സുനിൽ ഗവാസ്കർ, ദ്രാവിഡ് എന്നിവർക്കുശേഷം ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി കുറിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഗില്ലിന്‍റെ പേരിലായി. നേരത്തെ, 2025 ഫെബ്രുവരി, 2023 ജനുവരി, 2023 സെപ്റ്റംബർ എന്നീ മാസങ്ങളിലും ഗിൽ മികച്ച ഐ.സി.സി താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.