ഇന്ത്യക്ക് തിരിച്ചടി! ബിർമിങ്ഹാമിലെ ഇന്ത്യൻ ഹീറോ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനുണ്ടാകില്ല
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യക്ക് നിർണായകമാണ്. പരമ്പരയിൽ ശുഭ്മൻ ഗില്ലും സംഘവും 2-1ന് പുറകിലാണ്. നാലാം ടെസ്റ്റിൽ തോൽവി വഴങ്ങിയാൽ ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.
അതുകൊണ്ട് ഓൾഡ് ട്രാഫോർഡിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ലോർഡ്സിൽ പൊരുതി തോറ്റ ഇന്ത്യ, നാലാം ടെസ്റ്റിൽ തിരിച്ചുവരവ് നടത്തി പരമ്പരയിൽ ഒപ്പമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടെയാണ് ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിങ്ങിന്‍റെ നട്ടെല്ലായ ആകാശ് ദീപ് കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലോർഡ്സ് ടെസ്റ്റിനിടെ താരത്തിനെ പുറംവേദന അലട്ടിയിരുന്നു. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ താരം ഏറെ പ്രയാസപ്പെട്ടാണ് പന്തെറിഞ്ഞത്.
പരിക്കിൽനിന്ന് പൂർണ മുക്തനാകാത്ത ആകാശ് നാലാം ടെസ്റ്റ് കളിക്കുമെന്നതിൽ ഇപ്പോഴും ഉറപ്പില്ല. എന്നാൽ, ഓവലിലെ അഞ്ചാം ടെസ്റ്റിൽ താരം കളിക്കും. പരമ്പരയിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമേ ബുംറയെ കളിപ്പിക്കൂവെന്ന് നേരത്തെ തന്നെ ടീം മാനേജ്മെന്‍റ് തീരുമാനമെടുത്തിരുന്നു. അതിനാൽ ബുംറയെ നിർണായകമായ നാലാം ടെസ്റ്റിൽ കൂടി കളിപ്പിക്കാനാണ് സാധ്യത. അഞ്ചാം ടെസ്റ്റിൽ ബുംറക്കു പകരക്കാരനായി ആകാശ് ടീമിൽ മടങ്ങിയെത്തിയേക്കും.
അതേസമയം, ബുംറയെ ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. താരത്തിന്‍റെ ജോലി ഭാരം കുറക്കുന്നതിന്‍റെ ഭാഗമായാണ് പരമ്പരയിലെ മൂന്നു ടെസ്റ്റുകളിൽ മാത്രം കളിപ്പിക്കാൻ ടീം തീരുമാനിച്ചത്. പരമ്പരയിൽ ഇനിയുള്ള രണ്ടു ടെസ്റ്റുകളിൽ ബുംറയും ആകാശും ഒരുമിച്ച് കളിക്കാനിറങ്ങില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തി. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരിക്കേറ്റ താരം വിശ്രമത്തിനുശേഷം ഏപ്രിലിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
പരമ്പരയിൽ ആദ്യ ടെസ്റ്റ് തോറ്റിട്ടും ബിർമിങ്ഹാമിലെ രണ്ടാം ടെസ്റ്റിൽ ബുംറക്ക് വിശ്രമം നൽകിയിരുന്നു. ആകാശ് ദീപിന്‍റെ തകർപ്പൻ ബൗളിങ്ങാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 336 റൺസിന്റെ റെക്കോഡ് ജയമാണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ് ദീപ്, ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും കൈക്കലാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.