റൺമല താണ്ടാതെ ഗുജറാത്ത്, ലഖ്നോവിന് 33 റൺസ് ജയം
text_fieldsഅഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നോ സൂപ്പർ ജയന്‍റ്സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തിരുന്നു. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിന് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ സാധിച്ചുള്ളൂ. 33 റൺസിനാണ് സൂപ്പർ ജയന്‍റ്സിന്‍റെ ജയം.
29 പന്തിൽ 57 റൺസെടുത്ത ഷാരൂഖ് ഖാനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. റൂഥെർഫോർഡ് 22 പന്തിൽ 38ഉം, ജോസ് ബട്ട്ലർ 18 പന്തിൽ 33ഉം റൺസെടുത്തു. നായകൻ ശുഭ്മാൻ 20 പന്തിൽ 35 റൺസുമെടുത്തു. ലഖ്നോവിനായി വിൽ ഒരൂർക്കെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മിച്ചൽ മാർഷിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയും നിക്കോളാസ് പുരാന്‍റെ തകർപ്പൻ അർധ സെഞ്ച്വറിയുമാണ് ലഖ്നോവിനെ വമ്പൻ സ്കോറിലെത്തിച്ചത്. 64 പന്തിൽ എട്ടു സിക്സും 10 ഫോറുമടക്കം 117 റൺസെടുത്താണ് മാർഷ് പുറത്തായത്. താരത്തിന്‍റെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയാണിത്. സീസണിൽ ഒരു വിദേശ താരത്തിന്‍റെ ആദ്യ സെഞ്ച്വറിയും. പുരാൻ 27 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 56 റൺസെടുത്ത് പുറത്താകാതെ നിന്നു.
ലഖ്നോ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. എയ്ഡൻ മാർക്രം 24 പന്തിൽ 36 റൺസെടുത്തു. ലഖ്നോവിനായി ഓപ്പണർമാർ ഗംഭീര തുടക്കം നൽകി. 9.5 ഓവറിൽ 91 റൺസാണ് മാർക്രമും മാർഷും കൂടി അടിച്ചുകൂട്ടിയത്. പവർ പ്ലേയിൽ 53 റൺസ്. നായകൻ ഋഷഭ് പന്ത് ആറു പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.