പ്രഭ്സിമ്രാൻ 34 പന്തിൽ 69, ശ്രേയസ് 30 പന്തിൽ 52*; ലഖ്നോവിനെ എട്ടു വിക്കറ്റിന് കീഴടക്കി പഞ്ചാബിന് രണ്ടാം ജയം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ പഞ്ചാബ് കിങ്സിന് എട്ടു വിക്കറ്റ് ജയം. ലഖ്നോ മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം പഞ്ചാബ് 23 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. പ്രഭ്സിമ്രാൻ സിങ്ങിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് പഞ്ചാബിന്‍റെ വിജയം അനായാസമാക്കിയത്. 34 പന്തിൽ 69 റൺസെടുത്താണ് താരം പുറത്തായത്.
മൂന്നു സിക്സും ഒമ്പതു ഫോറുമടങ്ങുന്നതാണ് പ്രഭ്സിമ്രാന്‍റെ ഇന്നിങ്സ്. 23 പന്തിലാണ് താരം 50ലെത്തിയത്. നായകൻ ശ്രേയസ് അയ്യർ 30 പന്തിൽ 52 റൺസെടുത്ത് പുറത്താകാതെ നിന്നു. നാലു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. സ്കോർ: ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. പഞ്ചാബ് 16.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 177.
പ്രിയാൻഷ് ആര്യയാണ് (ഒമ്പത് പന്തിൽ എട്ട്) പുറത്തായ മറ്റൊരു താരം. നെഹൽ വധേര 25 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോവിനെ പഞ്ചാബിന്‍റെ മികച്ച ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. നിക്കോളാസ് പൂരനാണ് ടോപ് സ്കോറർ. 30 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 44 റൺസെടുത്തു. നായകൻ ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി.
അഞ്ചു പന്തുകൾ നേരട്ടി താരം രണ്ടു റൺസുമായി മടങ്ങി. ഡൽഹി കാപിറ്റൽസിനെതിരെ പൂജ്യവും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 15 റൺസുമാണ് താരത്തിന്‍റെ സമ്പാദ്യം. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 27 കോടി രൂപ നൽകിയാണ് പന്തിനെ ലഖ്നോ ടീമിലെത്തിച്ചത്. താരത്തിന്‍റെ മോശം ബാറ്റിങ്ങിൽ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിമർശനം ശക്തമാണ്. പവർ പ്ലേയിൽ 40 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട ലഖ്നോവിനെ, അവസാന ഓവറുകളിൽ ആയുഷ് ബദോനിയുടെയും അബ്ദുൽ സമദിന്‍റെയും ഇന്നിങ്സാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും 21 പന്തിൽ 47 റൺസാണ് അടിച്ചെടുത്തത്.
എയ്ഡൻ മാർക്രം (18 പന്തിൽ 28), മിച്ചൽ മാർഷ് (പൂജ്യം), ആയുഷ് ബദോനി (33 പന്തിൽ 41), ഡേവിഡ് മില്ലർ (18 പന്തിൽ 19), അബ്ദുൽ സമദ് (12 പന്തിൽ 27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റൺസുമായി ശാർദൂൽ ഠാക്കൂറും റണ്ണൊന്നും എടുക്കാതെ ആവേശ് ഖാനും പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റെടുത്തു. ലോക്കി ഫെർഗൂസൺ, ഗ്ലെൻ മാക്സ് വെൽ, മാർകോ ജാൺസെൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.