ബാറ്റിൽ റീസ്റ്റാർട്ട്; ഐ.പി.എൽ മത്സരങ്ങൾ ഇന്ന് ബംഗളൂരുവിൽ പുനരാരംഭിക്കും
text_fieldsആർ.സി.ബി താരം വിരാട് കോഹ്ലി പരിശീലനത്തിനിടെ
ബംഗളൂരു: ഇന്ത്യ - പാകിസ്താൻ യുദ്ധത്തിന്റെ ഇടവേള കഴിഞ്ഞ് ഐ.പി.എല്ലിന് പുനരാരംഭം. ശനിയാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഇനിയുള്ള മത്സരങ്ങൾ പ്ലേ ഓഫ് നിർണയിക്കുമെന്നതിനാൽ ഇടവേളക്കുശേഷമുള്ള പോരിന് ചൂടേറും. 11 മത്സരങ്ങളിൽനിന്ന് എട്ടു ജയവും മൂന്നു തോൽവിയുമടക്കം 16 പോയന്റുള്ള ബംഗളൂരുവിന് സ്വന്തം മൈതാനത്ത് ഒരു ജയം കൂടി കുറിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാനാവും. അതേസമയം, 12 മത്സരങ്ങളിൽനിന്ന് അഞ്ചു ജയമടക്കം 11 പോയന്റുള്ള കൊൽക്കത്തക്ക് ഇന്ന് ജയിച്ചാലും മറ്റു ടീമുകളുടെ മത്സര ഫലത്തെക്കൂടി ആശ്രയിക്കേണ്ടിവരും.
അതിർത്തി കടക്കാൻ
പുതുക്കിയ ഷെഡ്യൂളിൽ ബംഗളൂരു, ജയ്പൂർ, ഡൽഹി, ലഖ്നോ, മുംബൈ, അഹ്മദാബാദ് എന്നീ വേദികളിൽ മാത്രമാണ് മത്സരങ്ങൾ അരങ്ങേറുക. ഗുജറാത്ത് ടൈറ്റൻസ് (16 പോയന്റ്), റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (16 ), പഞ്ചാബ് കിങ്സ് (15), മുംബൈ ഇന്ത്യൻസ് (14), ഡൽഹി കാപിറ്റൽസ് (13), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (11), ലഖ്നോ സൂപ്പർ ജയന്റ്സ് (10) എന്നീ ടീമുകൾക്കാണ് പ്ലേഓഫ് സാധ്യത അവശേഷിക്കുന്നത്. ഇതിൽ കൊൽക്കത്തക്കും ലഖ്നോവിനും വിദൂര സാധ്യതയാണുള്ളത്. ശേഷിക്കുന്ന അഞ്ചു ടീമുകളിൽ മുംബൈ ഒഴികെയുള്ളവക്ക് മൂന്നു മത്സരം വീതം ശേഷിക്കുന്നുണ്ട്.
ഐ.പി.എൽ അവസാന ലാപ്പിലെത്തുമ്പോൾ എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. ഒറ്റ ജയം കുറിച്ചാൽ ഗുജറാത്തും ബംഗളൂരുവും പ്ലേ ഓഫ് ഉറപ്പിക്കും. പിന്നീടുള്ള രണ്ടു സ്ഥാനങ്ങൾക്കായി പഞ്ചാബും മുംബൈയും ഡൽഹിയും തമ്മിലാകും പോരാട്ടം. പോയന്റ് നില തുല്യമായാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും പ്ലേ ഓഫ് പ്രവേശനം.
അറ്റാക്ക് മൂഡ്
ടോപ് ഓർഡറിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ക്യാപ്റ്റൻ രജത് പാട്ടിദാർ പരിക്കുമാറി തിരിച്ചെത്തുന്നുവെന്നതാണ് ആർ.സി.ബി ക്യാമ്പിലെ പുതിയ വിശേഷം. മേയ് മൂന്നിന് ചെന്നൈക്കെതിരായ ഹോം മാച്ചിലാണ് പാട്ടിദാറിന്റെ വിരലിന് പരിക്കേറ്റത്. പരിക്കുമൂലം രണ്ടു മത്സരങ്ങളെങ്കിലും നഷ്ടപ്പെടുമെന്നിരിക്കെയാണ് ഐ.പി.എൽ മത്സരങ്ങൾ നീട്ടിയത്. ടെസ്റ്റിലെ വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ആരാധകർക്കു മുന്നിലെത്തുന്ന ആദ്യമത്സരം കൂടിയാണിത്. പക്ഷേ, വൺ ഡൗൺ ബാറ്റ്സ്മാനായ മലയാളി താരം ദേവദത്ത് പടിക്കൽ വലതുകാലിലെ പേശിക്ക് പരിക്കേറ്റ് സീസണിൽനിന്ന് ഔട്ടായത് ടീമിന് തിരിച്ചടിയാണ്. മായങ്ക് അഗർവാളാണ് പകരം സൈൻ ചെയ്ത താരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ദക്ഷിണാഫ്രിക്കൻ താരം ലുൻഗി എൻഗിഡിയെ വിട്ടുനൽകേണ്ടിവരുമെങ്കിലും കൊൽക്കത്തക്കെതിരെ താരം ടീമിലുണ്ടാകും. എൻഗിഡിക്കുപുറമെ, ടിം ഡേവിഡ്, റൊമാരിയോ ഷെഫേഡ്, ജേക്കബ് ബെതൽ, ലിയാം ലിവിങ്സ്റ്റൺ, ഫിൽ സാൾട്ട് എന്നീ വിദേശ താരങ്ങൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. 18 വിക്കറ്റുമായി സീസണിൽ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തുള്ള ആസ്ട്രേലിയൻ പേസർ ജോഷ് ഹാസൽവുഡിന്റെ സേവനം ഈ മത്സരത്തിലുണ്ടാവില്ല. പരിക്കേറ്റ താരം നാട്ടിൽ ചികിത്സയിലാണ്. കൊൽക്കത്ത നിരയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് ഓൾ റൗണ്ടർ മുഈൻ അലി തിരിച്ചെത്തില്ല. വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രെ റസ്സലും സുനിൽ നരെയ്നും ടീമിനൊപ്പം ചേർന്നു.
വെടിനിർത്തലില്ലാതെ മഴ
ബംഗളൂരുവിൽ കഴിഞ്ഞദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴ വില്ലനായേക്കും. വ്യാഴാഴ്ച ആർ.സി.ബിയുടെ നെറ്റ് പ്രാക്ടീസിനിടെ കോരിച്ചൊരിഞ്ഞ മഴയിൽ ടിം ഡേവിഡ് സ്റ്റേഡിയത്തിൽ കുട്ടികളെ പോലെ മഴ ആസ്വദിച്ചു കളിച്ചുനടന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടും മഴ തുടർന്നതിനാൽ ഇടവേളക്കുശേഷമുള്ള ആദ്യ മത്സരത്തിന്റെ ടോസിനുമുമ്പുതന്നെ വെടിനിർത്തലിന് മഴ തയാറായേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.