ഐ.പി.എൽ മത്സരങ്ങൾ ഈ ആഴ്ച തന്നെ പുനരാരംഭിച്ചേക്കും; ഫൈനൽ കൊൽക്കത്തയിൽ നിന്നും മാറ്റാൻ നീക്കം
text_fieldsഐ.പി.എൽ
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തി സംഘർഷംമൂലം നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ ഈ ആഴ്ച പുനരാരംഭിച്ചേക്കും. മേയ് 16നോ 17നോ കളി തുടങ്ങാനാണ് ഐ.പി.എൽ ഗവേണിങ് കൗൺസിലും ബി.സി.സി.ഐയും ആലോചിക്കുന്നത്. 25നു നടക്കേണ്ട ഫൈനൽ ജൂൺ ഒന്നിലേക്ക് മാറ്റും.
കൊൽക്കത്ത ഈഡൻ ഗാർഡൻസാണ് കലാശപ്പോരാട്ടത്തിന് വേദിയാവേണ്ടത്. എന്നാൽ, ഫൈനൽ ദിവസം കൊൽക്കത്തയിൽ മഴക്ക് സാധ്യതയുള്ളതിനാൽ പകരം അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനും പദ്ധതിയുണ്ട്. പ്ലേ ഓഫ് മത്സരങ്ങൾ ഹൈദരാബാദിൽതന്നെയായിരിക്കും.
നാല് വേദികളിൽ മാത്രമായിരിക്കും ബാക്കി 16 കളികൾ. ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. എട്ടിന് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ പഞ്ചാബ് കിങ്സ്-ഡൽഹി കാപിറ്റൽസ് മത്സരം അരങ്ങേറുന്നതിനിടെയാണ് ഐ.പി.എൽ നിർത്തിവെച്ചത്. ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽവന്ന സാഹചര്യത്തിൽ കളി ഈ ആഴ്ചതന്നെ പുനരാരംഭിക്കാനാണ് തീരുമാനം.
നിലവിലെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും എത്രയും വേഗം മത്സരങ്ങൾ വീണ്ടും തുടങ്ങാൻ ഫ്രാഞ്ചൈസികളുൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തുകയാണെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോട് തിരിച്ചെത്താൻ നിർദേശം നൽകിയതായി ബി.സി.സി.ഐ വൃത്തങ്ങൾ വാർത്ത ഏജൻസിയോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.