അയർലൻഡ് ട്വന്റി 20: ഇന്ത്യക്ക് ജയം, പരമ്പര
text_fieldsഡബ്ലിൻ: അയർലൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ജയം. 33 റൺസിന് അയർലൻഡിനെ കീഴടക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ആതിഥേയർ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും നിശ്ചിത 20 ഓവറിൽ 152 റൺസിന് ഇന്നിങ്സ് അവസാനിച്ചു. അനായാസ വിജയം പ്രതീക്ഷ ഇന്ത്യയെ ഓപണർ ആൻഡ്രൂ ബിർണിയുടെ വെടിക്കെട്ട് ഇന്നിങ്സാണ് കുഴപ്പിച്ചത്. 51 പന്തിൽ നാല് സിക്സും അഞ്ചു ഫോറുമുൾപ്പെടെ 72 റൺസെടുത്താണ് ആൻഡ്രൂ ബിർണി മടങ്ങി. ഒറ്റയാൾ പോരാട്ടം നടത്തിയ ബിർണിക്ക് പിന്തുണയേകാൻ അയർലൻഡ് നിരയിൽ മറ്റാർക്കും കഴിയാതിരുന്നത് വിനയായി.
മാർക്ക് അഡയർ (23), കർട്ടിസ് കാംഫർ(18),ജോർജ് ഡോക്രെൽ(13) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്‌ക്‌വാദും(58) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സഞ്ജു സാംസണും(40) റിങ്കു സിംഗും (38) ചേർന്നാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
18 റൺസെടുത്ത് ക്രെയ്ഗ് യംഗിന് വിക്കറ്റ് നൽകി ഒാപണർ യശസ്വി ജയ്‌സ്‌വാളാണ് അദ്യം പുറത്തായത്. പിറകെ കഴിഞ്ഞ കളിയിലെ ആവർത്തനം പോലെ നിലയുറപ്പിക്കും മുൻപെ തിലക് വർമ (1) പുറത്തായി. തുടർന്ന് സഞ്ജുവും ഗെയ്ക് വാദും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ അതിവേഗം നൂറ് കടന്നു. 26 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമുൾപ്പെടെ 40 റൺസെടുത്ത സഞ്ജു ബെൻ വൈറ്റിന്റെ പന്തിൽ സ്ക്വയർ കട്ടിന് ശ്രമിക്കവെ ബാറ്റിൽ തട്ടിൽ സ്റ്റംപിൽ കയറുകയായിരുന്നു. തുടർന്നെത്തിയ റിങ്കു സിങ് ഗെയ്ക്വാദിന് മികച്ച പിന്തുണ നൽകി.
43 പന്തിൽ ആറ് ഫോറും ഒരു സിസ്കും സഹിതം 58 റൺസെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദ് മക്കാർത്തിക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. 21 പന്തിൽ മൂന്ന് സിക്സറും രണ്ടുഫോറുമുൾപ്പെടെ 38 റൺസെടുത്താണ് റിങ്കു സിങ് പുറത്തായത്. 16 പന്തിൽ രണ്ടു സിക്സറുൾപ്പെടെ 22 റൺസെടുത്ത ശിവംദുബെയും റൺസൊന്നുമെടുക്കാതെ വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു. അയർലൻഡിന് വേണ്ടി ബാരി മെക്കാർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
മഴ മൂലം കളി തടസ്സപ്പെട്ട ആദ്യ ട്വന്റി 20 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസിന് ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ട നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.