‘കോഹ്‌ലിയും രോഹിത്തും അശ്വിനും പോയി, വൈകാതെ ബുംറയും വിരമിക്കും’; സ്റ്റാർ പേസർ ശാരീരിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് മുൻതാരം
text_fieldsന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബൗളറായ ജസ്പ്രീത് ബുംറ ഏറെ വൈകാതെ ഈ ഫോർമാറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യം ബുംറയുടെ ശരീരത്തിന് താങ്ങാനാകുന്നില്ലെന്നും, ഏതു നിമിഷവും താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കാമെന്നും കൈഫ് അഭിപ്രായപ്പെട്ടു. പരമ്പരയിലെ ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് നാലാം ടെസ്റ്റ് ആയപ്പോഴേക്കും ബുമ്രയുടെ പന്തുകൾക്ക് വേഗം നഷ്ടമായതായും കൈഫ് ചൂണ്ടിക്കാട്ടി. ആദ്യ മത്സരങ്ങളിൽ സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞിരുന്ന ബുംറ, നിലവിൽ 130–135 കിലോമീറ്റർ വേഗത്തിലാണ് പന്തെറിയുന്നത്.
‘‘ഇന്ത്യയുടെ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരുപക്ഷേ ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടാനില്ല. അദ്ദേഹത്തിന്റെ ശരീരം അത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവിധം ശരീരം കൈവിട്ടുകഴിഞ്ഞു. മാഞ്ചസ്റ്റർ ടെസ്റ്റിൽ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗം ക്രമാതീതമായി കുറഞ്ഞു. ഈ മത്സരത്തിൽ അദ്ദേഹത്തിന്റെ പന്തുകൾക്ക് തീരെ വേഗമില്ല. നിസ്വാർഥനായ വ്യക്തിയാണ് ബുംറ എന്നതും ശ്രദ്ധിക്കണം. തനിക്ക് 100 ശതമാനം ആത്മാർഥത കാണിക്കാനാകുന്നില്ലെന്ന് തോന്നിയാൽ, മത്സരങ്ങൾ ജയിപ്പിക്കാനുള്ള മികവ് നഷ്ടമായെന്ന് ബോധ്യപ്പെട്ടാൽ, വിക്കറ്റുകൾ ലഭിക്കാതെ വന്നാൽ അദ്ദേഹം പിൻമാറിയേക്കാം.
ബുംറയുടെ പന്തുകൾക്ക് ഇപ്പോൾ 125–130 കി.മീറ്റർ മാത്രമാണ് വേഗത. അദ്ദേഹത്തിന് കിട്ടിയ വിക്കറ്റ് ആകട്ടെ, വിക്കറ്റ് കീപ്പറുടെ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ ലഭിച്ചതുമാണ്. ബുംറയുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പഴയപടി തന്നെയായിരിക്കാം. പക്ഷേ, ശരീരം അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽനിന്ന് പോയിക്കഴിഞ്ഞു. കായികക്ഷമതയും പ്രശ്നത്തിലാണ്. ശരീരത്തിൽനിന്ന് ആഗ്രഹിക്കുന്ന പിന്തുണ ബുംറക്ക് ലഭിക്കുന്നില്ല. ഈ ടെസ്റ്റിൽ ബുംറ നേരിടുന്ന പ്രശ്നങ്ങൾ, ഭാവിയിലും ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളികളുടെ സൂചനകളാണ്.
ഒരുപക്ഷേ, അധികകാലം അദ്ദേഹത്തെ ടെസ്റ്റിൽ കണ്ടേക്കില്ല. ആദ്യം വിരാട് കോഹ്‌ലി പോയി. പിന്നാലെ രോഹിത് ശർമയും വിരമിച്ചു. അശ്വിനും വിടപറഞ്ഞു. ഇനി ബുംറയും പോകും. അദ്ദേഹമില്ലാത്ത ടെസ്റ്റ് ടീമിനെക്കുറിച്ച് ആരാധകരും ചിന്തിച്ചേ തീരൂ. എന്റെ പ്രവചനം തെറ്റിപ്പോകട്ടെ എന്നു തന്നെയാണ് എന്റെ പ്രാർഥന. ഈ ടെസ്റ്റിൽ ഞാൻ കണ്ട കാഴ്ചകൾ പക്ഷേ, അത്ര സന്തോഷകരമല്ല. ബുംറ ബോളിങ് ആസ്വദിക്കുന്നതായി തോന്നുന്നില്ല. മനസ് ഇപ്പോഴും കരുത്തുറ്റതാണെങ്കിലും ശരീരം കൈവിട്ടുകഴിഞ്ഞു” –കൈഫ് പറഞ്ഞു.
ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിനിടെ പുറത്തിനു പരിക്കേറ്റ് ബുംറ സജീവ ക്രിക്കറ്റിൽനിന്ന് നീണ്ട കാലം വിട്ടിനിന്നിരുന്നു. പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിലും ബുംറ കളിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമേ ബുമ്രയെ കളിപ്പിക്കുന്നുള്ളൂ എന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബുമ്ര ടെസ്റ്റ് കരിയറിന് ഉടൻ വിരാമമിട്ടേക്കാമെന്ന കൈഫിന്റെ പ്രവചനം. മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇതുവരെ ബുംറക്ക് ആകെ വീഴ്ത്താനായത് രണ്ടു വിക്കറ്റ് മാത്രമാണ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്സിൽ ജെയ്മി സ്മിത്ത്, ലിയാം ഡോവ്സൻ എന്നിവരുടെ വിക്കറ്റുകളാണ് താരത്തിന് ലഭിച്ചത്. രണ്ടു ദിവസങ്ങളിലായി 33 ഓവറുകൾ ബോൾ ചെയ്താണ് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.