ബുംറ ടീം ക്യാമ്പിൽനിന്നു മടങ്ങി; ഏഷ്യാകപ്പിൽ കളിക്കുന്നത് സംശയത്തിൽ
text_fieldsജസ്പ്രീത് ബുംറ
ലണ്ടൻ: അഞ്ചാം ടെസ്റ്റിൽ വിശ്രമം അനുവദിക്കപ്പെട്ട ജസ്പ്രീത് ബുംറ ടീം ക്യാമ്പിൽനിന്നു മടങ്ങി. ടീമിലെ പ്രധാന പേസ് ബൗളറായ ബുംറയുടെ ജോലിഭാരം കുറയ്ക്കാനായി ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലേ കളിപ്പിക്കൂ എന്ന് ടീം മാനേജ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ലീഡ്‌സിലും ലോർഡ്‌സിലും മാഞ്ചെസ്റ്ററിലും കളി ച്ച ബുംറ അഞ്ചാം ടെസ്റ്റിൽ ഇറങ്ങില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. മൂന്നുമത്സരങ്ങളിലാ യി 119.4 ഓവർ ബൗൾചെയ്ത് ആകെ 14 വിക്കറ്റാണ് താരം നേടിയത്. രണ്ടുതവണ അഞ്ചുവിക്കറ്റ് നേടി.
മാഞ്ചസ്റ്റർ ടെസ്റ്റിലെ ഒരിന്നിങ്സിൽ 100 റൺസ് വഴങ്ങിയ ബുംറ കരിയറിൽ ആദ്യമായാണ് ഇത്രയധികം റൺസ് ഒന്നിച്ച് വിട്ടുനൽകുന്നത്. 31കാരനായ സീനിയർ താരം ഇതുവരെ 48 ടെസ്റ്റിൽനിന്ന് 219 വിക്കറ്റാണ് നേടിയിട്ടുള്ളത്. സെപ്റ്റംബർ ഒമ്പതുമുതൽ 28 വരെ യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിലാണ് ഇന്ത്യയുടെ അടുത്തമത്സരം. എന്നാൽ ടൂർണമെന്‍റിൽ കളിക്കാൻ ബുംറ തയാറായേക്കില്ലെന്നാണ് വിവരം. ഏഷ്യാകപ്പിന് പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബർ രണ്ടിന് തുടങ്ങും. നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെയും ടെസ്റ്റ് പരമ്പരയുണ്ട്.
ഏഷ്യാകപ്പിൽ കളിച്ചാൽ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ബുംറയുണ്ടാകില്ല. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് നടക്കും. അതിനു മുന്നോടിയായി ജനുവരിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്. കുട്ടിക്രിക്കറ്റിൽ ലോകകപ്പ് ലക്ഷ്യമാക്കി ബുംറക്ക് തയാറെടുത്താൽ മതിയെന്നും എന്നാൽ ടെസ്റ്റ് പരമ്പര ഒഴിവാക്കിയാൽ അത്, ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് തടസമായേക്കുമെന്നും വിലയിരുത്തലുണ്ട്. ബുംറയുടെയും കോച്ച് ഗൗതം ഗംഭീറിന്‍റെയും താൽപര്യമനുസരിച്ചാകും വരാനിരിക്കുന്ന മത്സരങ്ങളിൽ താരം കളത്തിലിറങ്ങുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.