മോശം ഫോമിലുള്ള കരുൺ നായർക്ക് മൂന്നാം ടെസ്റ്റിൽ ടീമിലിടമുണ്ടായേക്കില്ല; നാലാം ടെസ്റ്റിൽ സായ് സുദർശനെ കളിപ്പിക്കാൻ നീക്കമെന്ന് സൂചന
text_fieldsമാഞ്ചസ്റ്റർ: ഒമ്പത് ടെസ്റ്റുകളിലെ 13 ഇന്നിങ്സുകളിൽനിന്ന് 505 റൺസ്. അതിൽ ഒരു ട്രിപ്ൾ സെഞ്ച്വറി (303 നോട്ടൗട്ട്). എന്നാൽ, ആ ഐതിഹാസിക ഇന്നിങ്സ് മാറ്റിനിർത്തിയാൽ കരുൺ നായർ എന്ന 33കാരന്റെ ടെസ്റ്റ് കരിയറിലുള്ളത് 12 ഇന്നിങ്സുകളിൽ 16.8 ശരാശരിയിൽ 202 റൺസ് മാത്രം. ഒരു അർധ സെഞ്ച്വറി പോലുമില്ല.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ഇടംപിടിക്കുമ്പോൾ കരുൺ നായർക്കത് രണ്ടാം ജന്മമായിരുന്നു. എട്ടു വർഷത്തെ ഇടവേളക്കുശേഷം ടീമിലേക്കുള്ള തിരിച്ചുവരവ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമിനും സ്ഥിരതക്കുമൊപ്പം കരുണിന് തുണയായത് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും പടിയിറക്കം കൂടിയായിരുന്നു. ഇംഗ്ലണ്ടിൽ തിളങ്ങിയാൽ ടീമിൽ സാന്നിധ്യമുറപ്പിക്കാനുള്ള സുവർണാവസരം. എന്നാൽ, മൂന്നു മത്സരങ്ങളിലെ ആറ് ഇന്നിങ്സുകൾ കഴിയുമ്പോൾ കരുണിന്റെ കാര്യം ഏറെ കഷ്ടത്തിലാണ്. അക്കൗണ്ടിലുള്ളത് 131 റൺസ് മാത്രം. കൂടിയ സ്കോർ 40. ആദ്യ ടെസ്റ്റിൽ ആറാം നമ്പറിലിറങ്ങിയ കരുണിന് പിന്നീടുള്ള രണ്ട് കളികളിൽ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും അതൊന്നും മുതലാക്കാനായില്ല. 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് ആറ് ഇന്നിങ്സുകളിലെ കരുണിന്റെ സ്കോർ.
കോഹ്ലിയും രോഹിതും ഒഴിച്ചിട്ട സ്ഥാനങ്ങളിലേക്ക് ആദ്യ ടെസ്റ്റിൽ അവസരം കിട്ടിയത് സായ് സുദർശനും കരുണിനുമായിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ ഒരു ഓൾറൗണ്ടറെ കൂടുതലായി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്താകാനുള്ള നറുക്ക് വീണത് അരങ്ങേറ്റക്കാരനായ സുദർശന്. പരിചയസമ്പത്തിന്റെ ബലത്തിൽ സ്ഥാനം നിലനിർത്തിയ കരുണിന് സുദർശന്റെ അഭാവത്തിൽ വൺഡൗൺ പൊസിഷനിൽ അവസരം കിട്ടുകയും ചെയ്തു. കോഹ്ലി പോയതോടെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലാം നമ്പറിലേക്ക് മാറിയതിനാൽ മൂന്നാം നമ്പറിൽ കുറ്റിയുറപ്പുള്ള ഒരു ബാറ്ററെ തേടുന്ന ഇന്ത്യക്ക് സാങ്കേതിക തികവോടെ കളിക്കുന്ന കരുണിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
കളിച്ച കളികളിലൊന്നും മോശം ഷോട്ടിലോ വിക്കറ്റ് വലിച്ചെറിഞ്ഞോ അല്ല കരുൺ പുറത്തായത്. പക്ഷേ, നല്ല തുടക്കം ലഭിച്ച കളികളിൽപോലും അത് ടീമിന് ഉപകാരപ്പെടുംവിധം മികച്ച സ്കോറിലേക്കുയർത്താൻ കഴിഞ്ഞില്ലെന്നുള്ളതാണ് തിരിച്ചടിയായത്. ലോഡ്സിലെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് പേസർ ബ്രൈഡൻ കാഴ്സിനു മുന്നിൽ ഷോട്ട് കളിക്കാതെ വിക്കറ്റിനു മുന്നിൽ കുടുങ്ങിയുള്ള പുറത്താകൽ കരുണിന്റെ ആത്മവിശ്വാസമില്ലായ്മയുടെ ഉദാഹരണം കൂടിയായി.
മൂന്നു കളികളിലും തിളങ്ങാത്ത കരുണിനു പകരം നാലാം ടെസ്റ്റിൽ സായ് സുദർശനെ കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം എന്നാണ് സൂചന. മാഞ്ചസ്റ്ററിൽ ടീമിൽ മറ്റു മാറ്റങ്ങൾക്ക് സാധ്യതയില്ല. പേസ് കുന്തമുന ജസ്പ്രീത് ബുംറ മൂന്നു മത്സരങ്ങളിൽ മാത്രമേ കളിക്കൂ എന്ന് ടീം മാനേജ്മെന്റ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ ഓൾഡ് ട്രാഫോഡിൽ ഇന്ത്യക്ക് ജയം അനിവാര്യമായതിനാൽ ഇതു തന്നെയായിരിക്കും ബുംറയുടെ മൂന്നാം ടെസ്റ്റ് എന്നാണ് കരുതപ്പെടുന്നത്.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.