കെ.സി.എൽ: ആലപ്പി റിപ്പിൾസിനെ തോൽപിച്ച് കൊല്ലം സെമിയിൽ
text_fieldsകൊല്ലം സെയിലേർസ് ലോഗോ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ സെമി ഫൈനലിലേക്ക് കൊല്ലം സെയിലേഴ്സ് ഒടുവിൽ ടിക്കറ്റ് ഉറപ്പിച്ചു. അവസാന ലീഗ് മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാർ അവസാന സ്ഥാനക്കാരായി സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ കൊല്ലം ആറ് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് ഓവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇതോടെ വെള്ളിയാഴ്ച ഉച്ചക്ക് നടക്കുന്ന ആദ്യ സെമിയിൽ രണ്ടും മൂന്നും സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. വൈകീട്ട് 6.45ന് ഒന്നാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് കൊല്ലത്തിന്റെ എതിരാളികൾ. ഞായറാഴ്ച വൈകീട്ടാണ് ഫൈനൽ. സെമി പ്രവേശനത്തിന് ഇരുടീമിനും വിജയം അനിവാര്യമായിരിക്കെ, ടോസ് ലഭിച്ച കൊല്ലത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബി ആലപ്പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ ജലജ് സക്സേനയെ (എട്ട്) മടക്കി എ.ജി. അമലാണ് റിപ്പിൾസിനെ ആദ്യം ഞെട്ടിച്ചത്.
എന്നാൽ എ.കെ. ആകർഷ് (46), ആകാശ് പിള്ള (33), അനൂജ് ജോട്ടിൻ (33) എന്നിവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഒരു ഘട്ടത്തിൽ 13 ഓവറിൽ രണ്ടിന് 108 റൺസെന്ന നിലയിലായിരുന്നു ആലപ്പി. 14ാം ഓവറിൽ ഷറഫുദ്ദീൻ ആകാശ് പിള്ളയെ അമലിന്റെ കൈകളിലെത്തിച്ചതോടെ ആലപ്പിയുടെ വെടി തീരുകയായിരുന്നു. 29 റൺസെടുക്കുന്നതിനിടെ അവസാന ഏഴുവിക്കറ്റുകളും നിലംപൊത്തി. ഇതോടെ ആലപ്പിയുടെ ഫിനിഷിങ് 137ൽ അവസാനിച്ചു. ആലപ്പി നിരയിൽ ഏഴുപേർക്ക് രണ്ടക്കം കാണാനായില്ല.
മറുപടി ബാറ്റിങ്ങിൽ സച്ചിൻ ബേബി (നാല്), ഭരത് സൂര്യ (10), വത്സൽ ഗോവിന്ദ് (13) എന്നിവർ നിരാശപ്പെടുത്തി. വിഷ്ണു വിനോദ് (39), രാഹുൽ ശർമ (26), അഭിഷേക് നായർ (25) എന്നിവർ മുന്നിൽനിന്ന് പൊരുതിയതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ കൊല്ലം വിജയം എത്തിപ്പിടിക്കുകയായിരുന്നു. 13 റൺസുമായി ഷറഫുദ്ദീനും നാലു റൺസുമായി എം.എസ്. അഖിലും പുറത്താകാതെ നിന്നു. ആലപ്പിക്കുവേണ്ടി ആദി അഭിലാഷ് നാല് വിക്കറ്റ് വീഴ്ത്തി. കൊല്ലത്തിനായി മൂന്നോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ.ജി. അമലാണ് കളിയിലെ താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.