കെ.സി.എൽ ഒരുക്കങ്ങൾ തകൃതി; റണ്ണൊഴുക്കിന് അഞ്ച് പിച്ചുകൾ
text_fieldsആലപ്പുഴ അരൂരിലെ ഔര്‍ ലേഡി ഓഫ് മേഴ്സി സ്കൂളില്‍ കെ.സി.എല്‍ ട്രോഫി ടൂര്‍ പര്യടനത്തിന് ലഭിച്ച സ്വീകരണം
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐ.പി.എൽ) വാതിൽതുറക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) തലസ്ഥാനത്ത് ടോസ് വീഴാൻ ഇനി ദിവസങ്ങൾ മാത്രം. ആഗസ്റ്റ് 21ന് കാര്യവട്ടം ഗ്രീൻഫീൽഡിൽ വൻ ആഘോഷപരിപാടികളോടെയാകും രണ്ടാം സീസണിന് തുടക്കമാകുക. ഇന്ത്യൻ താരം സഞ്ജു സാംസൺ അടക്കം ഇത്തവണ കളത്തിലിറങ്ങുമ്പോൾ കളി കളറാകുമെന്ന ഉറപ്പാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആരാധകർക്ക് നൽകുന്നത്.
ആറ് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ, 21ന് ഉച്ചക്ക് മൂന്നിന് നിലവിലെ ചാമ്പ്യന്മാരായ സച്ചിൻ ബേബിയുടെ കൊല്ലം സെയ്ലേഴ്സും റണ്ണറപ്പായ രോഹൻ കുന്നുമ്മലിന്റെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ലീഗിന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ മുഖ്യാതിഥിയാകും.
വൈകീട്ട് 7.45ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ബാനറിലാണ് സഞ്ജു സാംസണും സംഘവും കളത്തിലിറങ്ങുന്നത്. ട്രിവാൻഡ്രം റോയൽസാണ് കടുവകളുടെ എതിരാളികൾ. എല്ലാ ദിവസവും ഉച്ചക്ക് മൂന്നിനും രാത്രി ഏഴിനുമാണ് മത്സരങ്ങൾ. തിരുവോണ ദിനമായ സെപ്റ്റംബർ അഞ്ചിനാണ് സെമിഫൈനലുകൾ. ഫൈനൽ ആറിന് വൈകീട്ട് ഏഴിനും.
ഇംപാക്ട് പ്ലെയർ ഉൾപ്പെടെ ഐ.പി.എൽ മത്സര മാനദണ്ഡങ്ങൾ പാലിച്ചാണ് രണ്ടാം സീസണിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇത്തവണ ടീമുകൾക്ക് അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാനാവുന്ന ഡി.ആർ.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര മത്സര മാതൃകയിൽ ഓരോ ഇന്നിങ്സിലും ഇരുടീമുകൾക്കും മൂന്നുവീതം ഡി.ആർ.എസ് അവസരങ്ങളാകും ലഭിക്കുക. ആദ്യ സീസണിൽ അമ്പയർമാർക്ക് തീരുമാനമെടുക്കാൻ സഹായകമാകുന്ന തേഡ് അമ്പയർ സംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ടൂർണമെന്റിനായുള്ള പിച്ചുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. അഞ്ച് പിച്ചുകളാണ് തയാറാക്കുന്നത്. ഇതില്‍ മാറിമാറിയായിരിക്കും മത്സരങ്ങള്‍ നടത്തുക. കൂടാതെ ഒമ്പതോളം പരിശീലന പിച്ചുകളും ഒരുക്കുന്നുണ്ട്. ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാം സീസണില്‍ കൂടുതല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാമെന്ന് കെ.സി.എ ക്യൂറേറ്റർ എ.എം ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു.
ട്വന്റ്വി 20യിൽ റണ്ണൊഴുകിയാൽ മാത്രമേ കാണികൾ ഒഴുകിയെത്തൂവെന്നതിനാൽ ഗ്രീൻഫീൽഡിൽ പാകപ്പെട്ടുവരുന്ന കളിമൺ പിച്ചുകൾ ബാറ്റിങ്ങിന് അനുയോജ്യമാകും. എന്നാൽ, കണിശതയോടെ പന്തെറിഞ്ഞാല്‍ പിച്ച് ബൗളർമാർക്കും വഴങ്ങിക്കൊടുക്കുമെന്ന് ബിജു അറിയിച്ചു.
ആദ്യ സീസണിൽ കെ.സി.എല്ലിലൂടെ മികവ് തെളിയിച്ച വിഘ്നേഷ് പുത്തൂർ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്നു. ഈ സീസണിലും പുത്തൻ താരങ്ങൾക്ക് കുറവില്ല. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 30ലേറെ പുതിയ താരങ്ങളാണ് കെ.സി.എൽ രണ്ടാം സീസണിൽ കളിക്കാനിറങ്ങുന്നത്. ലീഗ് വീക്ഷിക്കാന്‍ ദേശീയ സെലക്ടർമാരും ഐ.പി.എൽ ടീമുകളുടെ ടാലറ്റ് സ്കൗട്ട് അംഗങ്ങളുമെത്തും.
ലീഗിന് മുന്നോടിയായി ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ പൂർണമായും എൽ.ഇ.ഡി ആക്കി. ഫ്ലഡ് ലൈറ്റ് നവീകരണത്തിനുമാത്രം എട്ട് കോടി രൂപയാണ് കെ.സി.എ ചെലവാക്കിയത്. കെ.സി.എൽ പൂർത്തിയായാൽ ജനുവരി 31ന് ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി-ട്വന്റി മത്സരത്തിനും ഏപ്രിലിൽ ഇന്ത്യയുടെ ഏകദിന മത്സരത്തിനും ഗ്രീൻഫീൽഡ് വേദിയാകും.
പരസ്യചിത്രം പ്രകാശനം ഇന്ന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ ഔദ്യോഗിക പരസ്യ ചിത്രത്തിന്റെ പ്രകാശനം വ്യാഴാഴ്ച ലീഗിന്റെ ബ്രാൻഡ് അംബാസിഡറും നടനുമായ മോഹൻലാൽ നിർവഹിക്കും. വൈകീട്ട് ഏഴിന് ഹോട്ടല്‍ ഹയാത്തിലാണ് ചടങ്ങ്.
മോഹൻലാൽ, സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ എന്നിവർ അഭിനയിച്ച പരസ്യചിത്രം സംവിധാനം ചെയ്തത് ഗോപ്സ് ബെഞ്ച്മാർക്കാണ്. “ആവേശ ക്രിക്കറ്റ്, അറ്റ് ഇറ്റ്സ് ബെസ്റ്റ് !!’’ എന്ന ആശയമാണ് ഗോപ്സ് ഇത്തവണ കെ.സി.എല്ലിനായി ഒരുക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.