അനന്തപുരിയെ പൂരപ്പറമ്പാക്കാന്‍ തിടമ്പേറ്റി കൊമ്പന്മാര്‍ വരുന്നു...
text_fieldsതിരുവനന്തപുരം: അനന്തപുരിയെ പൂരപ്പറമ്പാക്കാന്‍ തേക്കിന്‍കാട് മൈതാനത്തുനിന്നും കെ.സി.എല്ലിന്‍റെ തിടമ്പേറ്റി കൊമ്പന്മാര്‍ വരുന്നു. ബാറ്റില്‍ വെടിമരുന്നും പന്തില്‍ തിരിയും നിറച്ച് എത്തുന്ന തൃശൂരിന്‍റെ വമ്പന്മാരെ വരവേല്‍ക്കാന്‍ അനന്തപദ്മനാഭന്‍റെ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. ഇനി കാണേണ്ടത് ബൗണ്ടറികളുടെ കുടമാറ്റവും വെടിക്കെട്ടും. കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണ്‍ സെമിഫൈനലില്‍ കൊല്ലം സെയിലേഴ്സിനോട് 16 റണ്‍സിന്‍റെ കടം ബാക്കിവെച്ച് ഉപചാരം ചൊല്ലിപ്പിരിഞ്ഞതിന്‍റെ സങ്കടം ചെറുതൊന്നുമല്ല തൃശൂരിന്.
ഫൈനലിലേക്ക് പ്രവേശിക്കാൻ കഴിയാതെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടി വന്നതോടെ താരങ്ങളെയും ആശാന്മാരെയും മൊത്തമായി ടീം മാനേജ്മെന്‍റ് പൊളിച്ചടുക്കുകയായിരുന്നു. രണ്ടാം സീസണില്‍ പുതിയൊരു നേതൃത്വത്തെയാണ് കാര്യങ്ങൾ ഏൽപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പൂരം കലങ്ങില്ലെന്നും കലാശം കൊട്ടി ഇറങ്ങുമ്പോൾ തൃശൂര്‍ ടൈറ്റന്‍സിന്‍റെ നെറ്റിപ്പട്ടത്തിന് മുകളിൽ കിരീടമുണ്ടാകുമെന്നും ടീം ഉടമ സജ്ജാദ് സേട്ട് വ്യക്തമാക്കുന്നു.
ക്യാപ്റ്റനായിരുന്ന വരുണ്‍ നയനാരെ നീക്കിയതോടെ കോട്ടയംകാരൻ സിജോമോന്‍ ജോസഫാണ് തൃശൂർ മേളപ്പെരുക്കത്തിന്‍റെ മാരാർ. ‘കുറുക്കു’വഴികളിലൂടെ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ താരം മികച്ച സ്പിന്നര്‍ക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പുരസ്കാരം നേടിയിട്ടുണ്ട്. ഇടംകൈയന്മാരുടെയും മികച്ച ഓൾ റൗണ്ടർമാരുടെയും അഭാവം പല മത്സരങ്ങളിലും കൊമ്പന്മാരെ വലച്ചിരുന്നു. ഇത് മറികടക്കാൻ സിജോമോന് പുറമെ അക്ഷയ് മനോഹർ, ഇമ്രാന്‍ അഹമ്മദ്, അദിത്യ വിനോദ്, കെ. അജിനാസ്, അമൽ രമേശ്, ആനന്ദ് ജോസഫ്, സിബിന്‍ പി. ഗിരീഷ് എന്നിങ്ങനെ ഓൾറൗണ്ടർമാരുടെ വൻനിര തന്നെ ടൈറ്റൻസിനൊപ്പമുണ്ട്.
കഴിഞ്ഞ സീസണിൽ ടീമിന്‍റെ ടോപ്പ് സ്കോററും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണു വിനോദിനെ ലേലത്തിൽ കൈവിട്ടുപോയെങ്കിലും ഇടംകൈയനും ഓപണിങ് ബാറ്ററുമായ ആനന്ദ് കൃഷ്ണനെ ടീമിലെത്തിച്ചിട്ടുണ്ട്. ആദ്യ സീസണിൽ കൊച്ചിയുടെ താരമായിരുന്ന ആനന്ദ് 10 മത്സരങ്ങളിൽനിന്ന് 354 റൺസാണ് അടിച്ചുകൂട്ടിയത്.
ആനന്ദ് കൃഷ്ണനൊപ്പം ടൂർണമെന്‍റിലെ പ്രായം കുറഞ്ഞ താരമായ കെ.ആർ. രോഹിത്താണ് തൃശൂരിനായി ഓപണിങ്ങിനിറങ്ങുക. കേരള അണ്ടര്‍ 19 ടീമിന്‍റെ ഓപണറായ ഈ പതിനേഴുകാരന്‍റെ പരിശീലന മത്സരങ്ങളിലെ സാമ്പിൾ വെടിക്കെട്ട് കണ്ട് പരിശീലകർ അന്തിച്ചുനിൽക്കുകയാണ്. രോഹിത്തിനെ കൂടാതെ വിക്കറ്റ് കീപ്പറും ടീമിലെ ‘എ.കെ.47’ നുമായ അർജുൻ എ.കെ., മുതിർന്ന താരം അരുണ്‍ പൗലോസ്, യുവതാരം വിഷ്ണു മേനോന്‍ രഞ്ജിത്തും ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും ബൗളർമാരെ തല്ലി പതംവരുത്താൻ കഴിവുള്ളവരാണ്.
മധ്യനിരയിൽ വരുൺ നായനാർ, ഷോൺ റോജർ, അക്ഷയ് മനോഹർ, സിജോമോൻ, അജിനാസ് എന്നിവർ എത്തുമ്പോൾ അടികൾ ഇത്തവണ വഴിപാടാകില്ല. ‘കേരള എക്സ്പ്രസ്’ എം.ഡി നിധീഷിന്‍റെ നേതൃത്വത്തിലാണ് ബൗളിങ് നിരയിറങ്ങുക. രഞ്ജി ട്രോഫി, സൈദ് മുഷ്താഖ് അലി, വിജയ് ഹസാരെ പോലുള്ള മുന്‍നിര ടൂര്‍ണമെന്‍റുകളിൽ കൃത്യമായ ലൈനും ലങ്തും കൊണ്ട് എതിരാളികളെ വിറപ്പിച്ച സി.വി. വിനോദ് കുമാർ, സ്പിന്നിൽ രഞ്ജിതാരം ഇമ്രാന്‍ അഹമ്മദുമെത്തുമ്പോൾ ഇത്തവണ ഗ്രീൻഫീൽഡിൽ ‘തൃശൂർ പൂരം’ കത്തിക്കയറും.
ടൈറ്റൻസ് സ്ക്വാഡ്
സിജോമോന്‍ ജോസഫ് (ക്യാപ്റ്റൻ), അക്ഷയ് മനോഹര്‍, നിധീഷ് എം.ഡി., വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, ആനന്ദ് കൃഷ്ണന്‍, അർജുൻ എ.കെ., ആനന്ദ് ജോസഫ്, അജിനാസ്, രോഹിത് കെ.ആര്‍., സിബിന്‍ പി. ഗിരീഷ്, അജു പൗലോസ്, ആതിഫ് ബിന്‍ അഷ്‌റഫ്, അദിത്യ വിനോദ്, അരുണ്‍ പൗലോസ്, വിനോദ് കുമാര്‍ സി.വി., അമല്‍ രമേഷ്, വിഷ്ണു മേനോന്‍ രഞ്ജിത്ത്, ഇമ്രാന്‍ അഹമ്മദ്, മുഹമ്മദ് ഇഷാഖ്.
ഇടംകൈയൻ ബാറ്റർമാരുടെയും ഓൾറൗണ്ടർമാരുടെയും അഭാവം തിരിച്ചടിയായി
ആദ്യ സീസണിൽ ഇടംകൈയൻ ബാറ്റർമാരുടെയും ഓൾറൗണ്ടർമാരുടെയും അഭാവം സെമി ഫൈനലിൽ അടക്കം ടീമിന് തിരിച്ചടിയായിരുന്നു. ഇത്തവണ ആ ന്യൂനത പരിഹരിച്ചിട്ടുണ്ട്. കേരള അണ്ടർ 14, 16, 19 ക്യാപ്റ്റനായിരുന്ന സിജോമോനെ ആദ്യ സീസണിൽ തന്നെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നു. പക്ഷേ നടന്നില്ല. ഇത്തവണ അദ്ദേഹത്തെ നേടിയെടുക്കാൻ സാധിച്ചു. എതിരാളികളുടെ കൈയിലുള്ള വൻതോക്കുകളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. ക്രിക്കറ്റ് എന്നത് ഒറ്റയാൾ പോരാട്ടമല്ല, ടീം ഗെയിമാണ്. എന്തിനും തയാറായ 20 ഗഡികളാണ് തൃശൂരിനുള്ളത്. എന്താണ് ഗ്രൗണ്ടിൽ ചെയ്യേണ്ടതെന്ന് ഓരോരുത്തർക്കും ബോധ്യമുണ്ട്. രണ്ടാം സീസണിന് കൊടിയിറങ്ങുമ്പോൾ കിരീടം ഞങ്ങൾ തൂക്കിയിരിക്കും.
എസ്. സുനിൽകുമാർ (മുഖ്യ പരിശീലകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.