രോഹനിലേറി കേരളം; ഒമാനിൽ രണ്ടാം ജയം; പരമ്പരയിൽ മുന്നിൽ
text_fieldsമസ്കത്ത്: ഒമാൻ ചെയർമാൻ ഇലവനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന കളിയിൽ 76 റൺസിനാണ് ഒമാൻ സംഘത്തെ മലയാളിപ്പട പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം സെഞ്ച്വറി നേടിയ (95 പന്തിൽ 130) രോഹൻ കുന്നുമലിന്റെയും അർധ സെഞ്ച്വറി സ്വന്തമാക്കിയ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെയും (78) മികവിൽ 45 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 219 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വൈകി തുടങ്ങിയതിനാൽ മത്സരം 45 ഓവറാക്കി ചുരുക്കിയിരുന്നു. ജയത്തോടെ പരമ്പരയിൽ കേരളം 2-1ന് മുന്നിലായി. അവസാന മത്സരം ഞായറാഴ്ച നടക്കും.
കേരള സ്കോർ 61ൽ നിൽക്കെ 22 റൺസുമായി ഓപണർ അഭിഷേക് നായർ മടങ്ങി. രോഹന് കൂട്ടായി അസ്ഹറുദ്ദീൻ എത്തിയതോടെ സ്കോറിങ്ങിന് വേഗം പകരാൻ തുടങ്ങി. രോഹൻ മടങ്ങുമ്പോൾ കേരളത്തിന്റെ സ്കോർ 35 ഓവറിൽ 215ലെത്തിയിരുന്നു. മൂന്ന് സിക്സറും 18 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സൽമാൻ നിസാർ (26) ഒഴികെ മറ്റുള്ളവർക്കൊന്നും കാര്യമായി സംഭാവന നൽകാൻ സാധിക്കാത്തതിനാൽ കേരളത്തിന്റെ സ്കോർ 294ൽ അവസാനിക്കുകയായിരുന്നു. ഒമാനുവേണ്ടി ഹുസൈൻ അലി ഷാ ഒമ്പത് ഓവറിൽ 52 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.
ക്യാപ്റ്റൻ ജതീന്ദർ സിങ് (60), സുഫിയാൻ മഹ് മൂദ് (49*), മുജീബുർ അലി (40) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും ഒമാൻ നിരയിൽ തിളങ്ങാനായില്ല. ഒമ്പത് ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത എൻ.പി. ബേസിലും രണ്ട് വിക്കറ്റെടുത്ത ബിജു നാരായണനുമാണ് ഒമാൻ ചെയർമാൻ ഇലവന്റെ വിജയ പ്രതീക്ഷകൾ തകർത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.