രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ സമനില പിടിച്ച് കേരളം
text_fieldsആദിത്യ സർവാടെ, സൽമാൻ നിസാർ
ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനിലയോടെ തുടക്കം. ഝാർഖണ്ഡിനെതിരായ ഗ്രൂപ് സി മത്സരം സമനിലയിൽ പിരിഞ്ഞു. നാലാം ദിനം ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഝാർഖണ്ഡിന്റെ കൂറ്റൻ സ്കോറായ 587 റൺസിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 395ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ ആതിഥേയർ വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. കേരളത്തിന് ഒരു പോയന്റ് ലഭിച്ചു. സ്കോർ: ഝാർഖണ്ഡ് 587, കേരളം 395, 60/2.
ആറ് വിക്കറ്റിന് 269 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി പുനരാരംഭിച്ച കേരളത്തിന് സൽമാൻ നിസാറും ആദിത്യ സർവാടെയും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, സ്കോർ 353ൽ നിൽക്കെ സൽമാന്റെ വിക്കറ്റ് വീഴ്ത്തി മനീഷി സിങ് ഈ സഖ്യത്തിന് അന്ത്യമിട്ടു. 43 റൺസാണ് സൽമാൻ നേടിയത്. തുടന്നെത്തിയവർക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഏദൻ ആപ്പിൾ ടോം മൂന്ന് റൺസെടുത്ത് പുറത്തായി.
മറുവശത്ത് ഉറച്ചുനിന്ന സർവാടെയും സെഞ്ച്വറിക്ക് അരികെ പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റൺസെടുത്ത സർവാടെ, ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ഝാർഖണ്ഡിനായി ഉത്കർഷും മനീഷിയും നാല് വിക്കറ്റ് വീതവും മുഹമ്മദ് കൗനെയ്ൻ ഖുറേഷി രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ കേരളത്തിന് തുടക്കത്തിലേ ഓപണർ രോഹൻ കുന്നുമ്മലിനെ (1) നഷ്ടമായി.
മറ്റൊരു ഓപണർ അഭിഷേക് നായരും (21 നോട്ടൗട്ട്) സച്ചിൻ ബേബിയും (37) രക്ഷാപ്രവർത്തനം തുടങ്ങി. സച്ചിന്റെ വിക്കറ്റ് വീണതോടെയാണ് കളി സമനിലയിൽ പിരിയുന്ന പ്രഖ്യാപനം വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

