Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജിയിൽ കേരളമോ...

രഞ്ജിയിൽ കേരളമോ വിദർഭയോ? ഇനി സാധ്യത ഇങ്ങനെ...

text_fields
bookmark_border
രഞ്ജിയിൽ കേരളമോ വിദർഭയോ? ഇനി സാധ്യത ഇങ്ങനെ...
cancel

നാഗ്പൂർ: മൂന്നാം ദിനത്തോടെ തന്നെ പരുക്കനായി മാറിയ വിക്കറ്റിൽ ശേഷിക്കുന്ന രണ്ടു ദിവസത്തെ കളിയുടെ സാധ്യത എന്തെല്ലാം? വിദർഭ 37 റൺസിന്‍റെ ലീഡ് പിടിച്ചെങ്കിലും കേരളത്തിന് കളി കൈവിട്ടെന്ന് പറയാറായിട്ടില്ല. ഇരു ടീമുകൾക്കും ഓരോ ഇന്നിങ്സ് ബാക്കിയുണ്ട്. രണ്ടു ദിവസം ശേഷിക്കെ വിദർഭയെ പരമാവധി ചെറിയ സ്കോറിന് പുറത്താക്കി റൺ പിന്തുടർന്ന് ജയിക്കുക എന്ന ഒറ്റ സാധ്യത മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.

അതേസമയം, ഇന്നിങ്സ് ലീഡ് പിടിച്ചതിനാൽ കളി സമനിലയിലായാലും വിദർഭ കിരീടം ചൂടും. ഇനിയുള്ള രണ്ടു ദിവസം പരമാവധി സ്കോർ ഉയർത്തുകയാവും വിദർഭയുടെ ലക്ഷ്യം. വിക്കറ്റു കളയാതിരിക്കാൻ വിദർഭയും ജീവന്മരണ പോരാട്ടത്തിനായി കേരളവും നാലാം ദിനം ഇറങ്ങുമ്പോൾ കളി പ്രവചനാതീതമാവും. ദിവസം ചെല്ലുംതോറും പിച്ച് സ്പിന്നർമാർക്ക് കൂടുതൽ അനുകൂലമാവുന്നുവെന്നതും കളിയെ ശ്രദ്ധേയമാക്കും.

കൈയടിക്കാൻ ജൂനിയർ താരങ്ങളും

വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനായി കൈയടിക്കാൻ ജൂനിയർ താരങ്ങളും ഗാലറിയിലെത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രത്യേക താൽപര്യമെടുത്താണ് അണ്ടർ 16, അണ്ടർ 14 ക്രിക്കറ്റ് താരങ്ങളെ വിമാനമാർഗം നാഗ്പുരിലെത്തിച്ചത്. നിർണായകമായ മൂന്നാം ദിനത്തിൽ കേരളത്തിനായി ഓരോ റണ്ണിലും സംഘം കൈയടിച്ചും ആർപ്പുവിളിച്ചും ആവേശം ചൊരിഞ്ഞു. പരിശീലകരടക്കം 31 അംഗ സംഘമാണ് നാഗ്പുരിലെത്തിയത്.

സച്ചിന്‍റെ നഷ്ടം...

കേരള ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ സുവർണ ഫൈനലിലൊരു സെഞ്ച്വറി. അതും പ്രതിസന്ധി ഘട്ടത്തിൽ ടീമിന്‍റെ നങ്കൂരമായി മാറിയ ഇന്നിങ്സിൽ. ഇതുപോലൊരു ഹൈപെർഫോമൻസ് സെഞ്ച്വറി അവസരം കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കരിയറിൽ മുമ്പുണ്ടായിട്ടില്ല. എന്നാൽ, ശതകത്തിന് രണ്ടു റൺ അകലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് താരം പുറത്താകുമ്പോൾ അദ്ദേഹത്തെക്കാളേറെ നിരാശരായത് കേരളത്തിന്‍റെ കന്നി കിരീടത്തിനായി കാത്തിരുന്ന ആരാധകരായിരുന്നു. സച്ചിനും ജലജ് സക്സേനയും ചേർന്ന ജോടി ആത്മവിശ്വാസത്തോടെ കളിച്ചുവരുന്നതിനിടെയായിരുന്നു സച്ചിന്‍റെ മടക്കം. ഇതോടെ ജലജ് പ്രതിരോധത്തിലായി. വൈകാതെ ജലജ് ബൗൾഡായി മടങ്ങുകയും ചെയ്തു. ഈ കൂട്ടുകെട്ട് തകർക്കാനായതാണ് കളിയിൽ വിദർഭക്ക് മേൽക്കൈ നൽകിയത്. അവസാന രണ്ടു വിക്കറ്റ് അഞ്ചു റൺസിനിടെ വീണു. അഞ്ചാമനായിറങ്ങി 345 മിനിറ്റ് ക്രീസിൽനിന്ന് 235 പന്ത് നേരിട്ട് 10 ബൗണ്ടറിയടക്കമാണ് സച്ചിൻ 98 റൺസെടുത്തത്. നൂറാം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന സച്ചിന്‍റെ 28ാം അർധ സെഞ്ച്വറിയാണിത്. ഇതുവരെ 14 സെഞ്ച്വറി നേടി.

റെക്കോഡിട്ട് ഹർഷ് ദുബെ

രഞ്ജി ട്രോഫിയിൽ സീസൺ വിക്കറ്റ് വേട്ടയിൽ റെക്കോഡിട്ട് വിദർഭയുടെ വലംകൈയൻ സ്പിന്നർ ഹർഷ് ദുബെ. കേരളത്തിനെതിരായ ഫൈനലിൽ മൂന്നാം ദിനം മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് നേട്ടം. 2018-19 സീസണിൽ ബിഹാറിന്‍റെ അഷുതോഷ് അമൻ നേടിയ 68 വിക്കറ്റ് എന്ന റെക്കോഡാണ് ദുബെ 69 വിക്കറ്റുമായി മറികടന്നത്. പുണെ സ്വദേശിയായ ദുബെ മുമ്പ് അണ്ടർ 19 ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket teamRanji Trophy 2025
News Summary - Kerala or Vidarbha in Ranji? Here is the possibility
Next Story