തകർത്തടിച്ച് വിഷ്ണു വിനോദ് (38 പന്തിൽ 86); ഗ്രീൻഫീൽഡിൽ ചാമ്പ്യന്മാരുടെ ഉയർത്തെഴുന്നേൽപ്പ്
text_fieldsകൊല്ലം സെയ്ലേഴ്സ് താരം വിഷ്ണു വിനോദ് ബാറ്റിങ്ങിനിടെ
തിരുവനന്തപുരം: തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം ഗ്രീൻഫീൽഡിൽ ചാമ്പ്യന്മാരുടെ ഉയർത്തെഴുന്നേൽപ്പ്. ഞായറാഴ്ച കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയിട്ടും കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് പരാജയം ഏറ്റുവാങ്ങി ഹൃദയം തകർന്ന സച്ചിൻ ബേബിയും കൂട്ടരും, തൊട്ടടുത്ത ദിവസം തൃശൂർ ടൈറ്റൻസിനെ എട്ട് വിക്കറ്റിന് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സ് 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. കൊല്ലത്തിനായി തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ വിഷ്ണു വിനോദാണ് (86) കളിയിലെ താരം. സ്കോർ: തൃശൂർ ടൈറ്റൻസ് 144/10 (19.5 ഓവർ), കൊല്ലം സെയിലേഴ്സ് -150/2 (14.1 ഓവർ)
റണ്ണൊഴുകുന്ന പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന്റെ ബാറ്റർമാർക്ക് കൊല്ലത്തിന്റെ അളന്നുകുറിച്ച ബൗളിങ്ങിന് മുന്നിൽ മുട്ടിടിക്കുകയായിരുന്നു. ഓപണർ ആനന്ദ് കൃഷ്ണൻ (38 പന്തിൽ 41), മധ്യനിര ബാറ്റർ അക്ഷയ് മനോഹർ (25 പന്തിൽ 24) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ്ങാണ് പൊരുതാനുള്ള സ്കോറെങ്കിലും തൃശൂരിന് സമ്മാനിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തൃശൂരിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച, കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെതിരെ സെഞ്ച്വറി നേടിയ ഓപണർ അഹമ്മദ് ഇമ്രാനെ (16) സ്കോർ ബോർഡിൽ 30 റൺസുള്ളപ്പോൾ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിന്റെ കൈകളിലെത്തിച്ച് ഓൾ റൗണ്ടർ ഷറഫുദ്ദീനാണ് വേട്ട തുടങ്ങിയത്.
പിന്നാലെയെത്തിയ ഷോൺ റോജറെ (11) ക്രീസിൽ നിലയുറപ്പിക്കും മുമ്പേ എ.ജി. അമലും പറഞ്ഞുവിട്ടതോടെ ടൈറ്റൻസ് അപകടം മണത്തു. സ്കോർ 85ൽ നിൽക്കെ അമലിന് മുന്നിൽ ആനന്ദ് കൃഷ്ണനും വീണതോടെ പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. അജയ് ഘോഷും ഷറഫുദ്ദീനും എം.എസ്. അഖിലും ചേർന്ന് തൃശൂരിന്റെ അടിവേരിളക്കിയതോടെ 144 റൺസിന് ടൈറ്റൻസ് ബാറ്റ് താഴെവച്ചു. 3.5 ഓവറിൽ 27 റൺസ് വഴങ്ങി അജയ് ഘോഷ് നാലും 18 റൺസ് വഴങ്ങി അമൽ മൂന്നും ഷറഫുദ്ദീൻ രണ്ടും അഖിൽ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിയുമായി ഇറങ്ങിയ കൊല്ലത്തിന് രണ്ടാം ഓവറിൽ അഭിഷേക് നായരെ (രണ്ട്) നഷ്ടമായെങ്കിലും ക്രീസിലെത്തിയ സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണു വിനോദ് അടിച്ചു തകർക്കുകയായിരുന്നു. എട്ട് സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 38 പന്തിൽ 86 റൺസെടുത്ത താരത്തെ സിബിൻ സുരേഷിന്റെ പന്തിൽ ബൗണ്ടറി ലൈനിനരികിൽ വിനോദ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ലീഗിലെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണ് വിഷ്ണു വിനോദിന്റേത്. വിഷ്ണു മടങ്ങിയതോടെ കരുതലോടെ കളിച്ച സച്ചിൻ (32*) 15ാം ഓവറിലെ ആദ്യ പന്തിൽ അക്ഷയ് മനോഹറിനെ ഡീപ് സ്ക്വയറിന് മുകളിലേക്ക് പറത്തി സെയിലേഴ്സിന് സീസണിലെ രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു. ക്യാപ്റ്റന് പിന്തുണയുമായി എം.എസ്. അഖിൽ (19*) പുറത്താകാതെ നിന്നു. തൃശൂരിനായി ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.