മലയാളി താരം സി.പി റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
text_fieldsസി.പി റിസ്വാൻ
ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി. റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ചൊവ്വാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. യു.എ.ഇ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്. 2019 മുതൽ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നു.
2020 ജനുവരി എട്ടിന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലന്‍റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്വാന്റെ ആദ്യ സ്വഞ്ചറി. 136 പന്തിൽ നിന്ന് 109 റൺസ് നേടിയ റിസ്വാന്റെ പ്രകടനം അന്ന് ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കേരള ക്രിക്കറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയിൽ നിന്നാണ് സി.പി. റിസ്വാൻ യു.എ.ഇ ദേശീയ ടീമിൽ ഇടം നേടുന്നത്.
2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ആ വർഷം നടന്ന ട്വന്‍റി20യിലും വരവറിയിച്ചു. 42 ഏകദിനങ്ങളിലായി 948 റൺസ് റിസ്വാൻ 18 ട്വന്‍റി-20 മത്സരങ്ങളിൽ നിന്ന് 323 റൺസും സ്വന്തമാക്കി. നിലവിൽ എമിറേറ്റ്സ് എയർലൈനിൽ ഉദ്യോഗസ്ഥനാണ് റിസ്വാൻ. തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്, വഫ റഊഫ് എന്നിവർ സഹോദരിമാരാണ്. കുടുംബസമേതം യു.എ.ഇയിൽ ആണ് താമസം.
യു.എ.ഇയെ പ്രതിനിധീകരിച്ച് കളിക്കാൻ അവസരം ലഭിച്ചതിൽ ആദ്യം ദൈവത്തിന് നന്ദി പറയുന്നതായി റിസ്വാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ക്രിക്കറ്റ് കരിയറിൽ ഉന്നതിയിലെത്താൻ തനിക്ക് എല്ലാ പിന്തുണയും നൽകിയ കോച്ചുമാർ, ക്യാപ്റ്റൻമാർ, യു.എ.ഇ ക്രിക്കറ്റ് ബോർഡ്, കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നതായും റിസ്വാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.