ഇന്ത്യൻ അണ്ടർ 19 ടീമിൽ മലയാളി സ്പിന്നര്‍ ഇനാൻ; മഹാത്രെ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശിയും
text_fieldsതിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചു. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് മത്സരങ്ങള്‍. കഴിഞ്ഞ ആസ്‌ട്രേലിയന്‍ പര്യടനത്തിലും ഇനാന്‍ ടീമിലുണ്ടായിരുന്നു.
തൃശൂർ പരൂർ അമ്പലത്തിൻവീട്ടിൽ ഷാനവാസിന്‍റെയും റഹീനയുടെയും മകനാണ്. ആസ്ട്രേലിയക്കെതിരെയായ അണ്ടര്‍ 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിർണായക ശക്തിയായത് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ ആറും ടെസ്റ്റില്‍ 16ഉം വിക്കറ്റ് നേടി.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളുമായിട്ടാണ് ടൂര്‍ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നുംപ്രകടനം നടത്തിയ 14കാരൻ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്.
സ്ക്വാഡ്: ആയുഷ് മഹാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിങ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിങ്, ആർ.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുധാജിത്ത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാൻ, ആദിത്യ റാണ, അൻമോൽജീത് സിങ്.
ഇന്ത്യൻ സാധ്യതാ ടീമിൽ മലയാളിപ്പട
ന്യൂഡൽഹി: അടുത്ത മാസം തജികിസ്താനിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബാൾ ടീം സാധ്യതാ സംഘത്തെ പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ചു. 29 അംഗ സംഘത്തിൽ ഒരുപിടി മലയാളി താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
ഡിഫൻഡർ മുഹമ്മദ് സഹീഫ്, മിഡ്ഫീൽഡർമാരായ വിബിൻ മോഹനൻ, രാഹുൽ രാജു, സ്ട്രൈക്കർമാരായ മുഹമ്മദ് സുഹൈൽ, കെ. മുഹമ്മദ് സനാൻ, അലൻ സജി, ജോസഫ് സണ്ണി തുടങ്ങിയവരാണ് പട്ടികയിലെ കേരളീയർ. കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷദ്വീപ് മലയാളി മിഡ്ഫീൽഡർ മുഹമ്മദ് അയ്മനും സംഘത്തിലുണ്ട്. തജികിസ്താന്റെയും കിർഗിസ്താന്റെയും അണ്ടർ 23 ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.