ഡൽഹിക്കെതിരായ മത്സരം ഉപേക്ഷിച്ചു; ഹൈദരാബാദ് പുറത്ത്
text_fieldsഹൈദരാബാദ്: ഡൽഹി കാപിറ്റൽസിനെതിരെ വിജയിച്ച് ഐ.പി.എൽ പടിയിറങ്ങാമെന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ മോഹം മഴയിൽ െപാലിഞ്ഞു. പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് അതോടെ പുറത്തായി. ഇതോടെ പ്ലേ ഓഫ് കാണാതെ മടങ്ങുന്ന മൂന്നാമത്തെ ടീമായി സൺ റൈസേഴ്സ്. ഐ.പി.എൽ പ്ലേ ഓഫിലിടം തേടിയിറങ്ങിയ ഡൽഹിയും ഹൈദരാബാദും ഓരോ പോയന്റ് പങ്കിട്ടു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 133 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് മുൻനിര വിക്കറ്റെടുത്ത ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസാണ് കാപിറ്റൽസിന് കനത്ത പ്രഹരമേൽപിച്ചത്. 41 വീതം റൺസ് നേടി ട്രിസ്റ്റൻ സ്റ്റബ്സും അശുതോഷ് ശർമയും ഡൽഹിയുടെ ടോപ് സ്കോറർമാരായി. കേരള ക്യാപ്റ്റൻ സചിൻ ബേബി ഹൈദരാബാദ് ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.
സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിൽതന്നെ കരുൺ നായരെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ക്യാച്ചെടുത്ത് പുറത്താക്കി. സ്റ്റാർക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഫാഫ് ഡുപ്ലെസിസും മടങ്ങി. എട്ടു പന്തിൽ മൂന്നു റൺസെടുത്ത താരത്തെ ഇഷാൻ കൈയിലൊതുക്കി. സമാനരീതിയിൽ സ്റ്റാർക്കിന്റെ അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തിൽ അഭിഷേക് പോറേലും (10 പന്തിൽ എട്ട്) പുറത്ത്. ഇത്തവണയും ക്യാച്ചെടുത്തത് ഇഷാൻതന്നെ. ഡൽഹി 4.1 ഓവറിൽ മൂന്നു വിക്കറ്റിന് 15.
അധികം വൈകാതെ നായകൻ അക്ഷർ പട്ടേലും (ഏഴു പന്തിൽ ആറ്) കെ.എൽ. രാഹുലും (14 പന്തിൽ 10) മടങ്ങി. 29 റൺസിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടം. ആറാം വിക്കറ്റിൽ സ്റ്റബ്സും വിപ്രജ് നിഗമും നടത്തിയ ചെറുത്തുനിൽപാണ് ടീം സ്കോർ 50 കടത്തിയത്. പിന്നാലെ 17 പന്തിൽ 18 റൺസെടുത്ത വിപ്രജ് റണ്ണൗട്ടായി. ഇംപാക്ട് പ്ലെയറായി അശുതോഷ് കളത്തിലെത്തിയതോടെ ടീം സ്കോറിന് വേഗം വന്നു.
ഏഴാം വിക്കറ്റിൽ ഇരുവരും 66 റൺസാണ് അടിച്ചെടുത്തത്. സ്റ്റബ്സ് 36 പന്തിൽ 41 റൺസുമായി പുറത്താകാതെനിന്നു. അശുതോഷ് 26 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 41 റൺസെടുത്തു. മോശം ഫോമിലുള്ള നിതീഷ് കുമാർ റെഡ്ഡിയുടെ പകരക്കാരനായാണ് സചിൻ ടീമിലെത്തിയത്. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് 36കാരനായ സചിന് ഐ.പി.എല്ലിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. 2021ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായി ഇറങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.