'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം
text_fieldsകൗമാരതാരം വൈഭവ് സൂര്യവംശി അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥാനമുറപ്പിക്കുമെന്നും എന്നാൽ ഇത്തവണ മലയാളി താരം സഞ്ജു സാംസൺ അല്ല മറ്റ് രണ്ട് താരങ്ങളാവും താരത്തിന് വഴിമാറി കൊടുക്കേണ്ടിവരികയെന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ഇന്ത്യൻ ട്വന്റി20 വൈസ് ക്യാപ്റ്റൻ തിലക് വർമയെ ഓൾ റൗണ്ടർ ശിവം ദുബെയോ ആയിരിക്കും പുറത്തുപോകുക എന്ന് അദ്ദേഹം പറഞ്ഞു.
"തിലക് വൈസ് ക്യാപ്റ്റനാണെന്ന് എനിക്കറിയാം. പക്ഷേ, വൈസ് ക്യാപ്റ്റൻമാരെ മുമ്പ് ഒഴിവാക്കിയിട്ടുണ്ട്. അതിനെകുറിച്ച് ഞാൻ സംസാരിക്കുന്നില്ല. ശിവം ദുബെ എല്ലാ മത്സരങ്ങളിലും റൺസ് കണ്ടെത്തുന്നില്ല. അവൻ ഇനിയും സ്വയം തെളിയിക്കേണ്ടതുണ്ട്. അവന്റെ ഫീൽഡിങ്ങും മോശമാണ്. ഒരു ബൗളിങ് ഓൾ റൗണ്ടർ എന്ന രീതിയിൽ പരിഗണിക്കാവുന്ന താരമല്ല അവൻ. ഒരു ബാറ്റർ മാത്രമായാണ് കളിക്കുന്നത്. അതിനാൽ തന്നെ ആറ് മാസത്തിന് ശേഷം ഇവരിൽ ഒരാൾ പുറത്ത് പോകും. വൈഭവ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും." - കൈഫ് തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും ജപ്പാനെതിരായ ഏക ട്വന്റി20 മത്സരത്തിലും വൈഭവിനെ പ്ലെയിങ് ഇലവനില്‍ ഉൾപ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച 15കാരൻ സിംബാബ്‌വെക്കെതിരെയും കളിച്ചിരുന്നു. ഇരുപരമ്പരകളിലും മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവിനെ മാറ്റി ഓപ്പണിങ്ങിൽ താരത്തെ ഇറക്കിയത്. പിന്നീട് അഫ്ഗാൻ പരമ്പരയിലൂടെ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ സഞ്ജു മികച്ച പ്രകടനം നടത്തിയതോടെ വൈഭവിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു.
ദുലീപ് ട്രോഫിയിലടക്കം മികച്ച പ്രകടനം പുറത്തെടുക്കുന്ന വൈഭവിനെ കൂടുതൽ കാലം ടീം മാനേജ്‌മെന്‍റിന് മാറ്റിനിർത്താൻ കഴിയില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി. അവൻ തന്റെ കളി മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദുലീപ് ട്രോഫിയിൽ അവൻ പന്തെറിയുകയും ചെയ്തു. മത്സരത്തിൽ കുറച്ച് ഓവറുകൾ പന്തെറിയുന്നത് മുൻതൂക്കം നൽകുമെന്ന് അവൻ മനസിലാക്കി. ഇത് ഓൾറൗണ്ടർ എന്ന നിലയിൽ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും കൈഫ് കൂട്ടിച്ചേർത്തു.
വൈഭവ് 2026ല്‍ ഇതുവരെ കളിച്ച ആറ് ട്വന്‍റി20യില്‍ 193 റണ്‍സ് നേടിയിട്ടുണ്ട്. 32.17 ശരാശരിയും 189.22 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

