‘മതത്തിന്‍റെ പേരിൽ നിരപരാധികളെ കൊല്ലുന്നത് ശുദ്ധ തോന്നിവാസം’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പേസർ സിറാജ്
text_fieldsന്യൂഡൽഹി: പഹൽഗാമിലെ ബൈസാരനിലുണ്ടായ ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. മതത്തിന്‍റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്നത് ശുദ്ധ തോന്നിവാസമാണെന്നും ഒരു വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും ഇത്തരമൊരു ക്രൂരകൃത്യത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും താരം പ്രതികരിച്ചു. നേരത്തെ, വിരാട് കോഹ്ലി, സചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരും അപലപിച്ചിരുന്നു.
വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയായിരുന്നു സിറാജിന്‍റെ പ്രതികരണം. ‘പഹൽഗാമിലെ ഭീകരവും ഞെട്ടിപ്പിക്കുന്നതുമായ ഭീകരാക്രമണത്തെ കുറിച്ച് വായിച്ചു. മതത്തിന്‍റെ പേരിൽ നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കുന്നത് ശുദ്ധ തോന്നിവാസമാണ്. ഒരു വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും ഒരിക്കലും ഇത്തരമൊരു ക്രൂരകൃത്യത്തെ ന്യായീകരിക്കാൻ കഴിയില്ല. മനുഷ്യജീവന് ഒരു വിലയുമില്ലാത്ത ഇത് എന്തൊരു യുദ്ധമാണ്?’ -സിറാജ് കുറിച്ചു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം അനുഭവിക്കുന്ന വേദനയും ആഘാതവും എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇതിനെ അതിജീവിക്കാനുള്ള ശക്തി കുടുംബങ്ങൾക്ക് ലഭിക്കട്ടെയെന്നും സിറാജ് കൂട്ടിച്ചേർത്തു. ഈ ഭ്രാന്ത് ഉടൻ അവസാനിക്കുമെന്നും ഈ തീവ്രവാദികളെ കണ്ടെത്തി കടുത്ത ശിക്ഷ തന്നെ നൽകുമെന്നും പറഞ്ഞാണ് താരത്തിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
അക്രമികൾക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. “പഹൽഗാമിൽ നിരപരാധികൾക്കുമേൽ നടന്ന നിഷ്ഠൂര ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് സമാധാനവും ശക്തിയും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം” -കോഹ്‌ലി പ്രതികരിച്ചു.
അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടിക്ക് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.