ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, എന്നിട്ട് ക്രിക്കറ്റ് അവസാനിച്ചോ? പാകിസ്താൻ ടീമിന്‍റെ തോൽവിയെ ന്യായീകരിച്ച് പി.സി.ബി
text_fieldsമുഹ്സിൻ നഖ്‌വി
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർ തോൽവികളിൽ പാകിസ്താൻ ടീമിനെതിരെ വിമർശനം കനക്കുന്നതിനിടെ വിചിത്രവാദവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മുഹ്സിൻ നഖ്‌വി. ഇന്ത്യ അയർലൻഡിനോടും, ദക്ഷിണാഫ്രിക്ക നമീബിയയോടും തോറ്റിട്ടുണ്ടെന്നും എന്നിട്ട് ക്രിക്കറ്റ് അവസാനിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
തോൽവിക്കു പിന്നാലെ പരിശീലകൻ സര്‍ഫറാസ് അഹമ്മദ്, ബാളിങ് പരിശീലകൻ ഉമർ ഗുൽ എന്നിവരെ പുറത്താക്കിയ പി.സി.ബി, ടീമിലെ ഏഴു താരങ്ങളെ ഒറ്റയടിക്ക് പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും തോറ്റ പാക് ടീം, രണ്ടാം ടെസ്റ്റിൽ 194 റൺസിനും തോറ്റിരുന്നു.
പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തിയതോടെ പി.സി.ബി ടീമിൽ വരുത്തിയ വലിയ അഴിച്ചുപ്പണിയെ നഖ്‌വി ന്യായീകരിക്കുകയാണ്. തങ്ങൾ ഏകദിന റാങ്കിങ്ങിൽ എട്ടിൽനിന്ന് അഞ്ചിലേക്ക് മുന്നേറിയെന്നും, ആറ് ഏകദിന പരമ്പരകളിൽ നാലെണ്ണത്തിലും വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 24 ശതമാനമായിരുന്ന വിജയശതമാനം ഇപ്പോൾ 73 ശതമാനമായി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ദക്ഷിണാഫ്രിക്ക നമീബിയയോടു തോൽക്കുന്നു. ഇന്ത്യ അയർലൻഡിനോടു തോൽക്കുന്നു. അതുകൊണ്ട് ക്രിക്കറ്റ് അവസാനിച്ചോ? ഒരു കാര്യം പാകിസ്താനു വളരെ പ്രധാനപ്പെട്ടതാണ്. ടീമിന് ആരൊക്കെ ആവശ്യമുണ്ടോ, അവരെ ഉറപ്പായും ഉൾപ്പെടുത്തും. ടീമിലുള്ള ഒരു താരം ഫോം കണ്ടെത്തുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്? പാകിസ്താന് ഓരോ മത്സരങ്ങളും ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണ്’ -നഖ്‌വി പറഞ്ഞു. ജീവിതത്തിൽ യാതൊരു നേട്ടങ്ങളും സ്വന്തമാക്കാത്ത ചില മുൻ താരങ്ങൾ പാകിസ്താൻ ക്രിക്കറ്റിനെ വിമർശിക്കുന്നതിനോടും നഖ്‌വി രൂക്ഷമായാണ് പ്രതികരിച്ചത്. എന്നാൽ വസീം അക്രത്തെ പോലുള്ള വലിയ കളിക്കാർ സംസാരിക്കുമ്പോൾ താൻ അത് ഗൗരവമായി എടുക്കുമെന്നും നഖ്‌വി പ്രതികരിച്ചു.
അതേസമയം, ടീം തെരഞ്ഞെടുപ്പിൽ പിഴവുകൾ പറ്റിയിട്ടുണ്ടെന്നും അതിന് താൻ ഉത്തരവാദിയാണെന്നും നഖ്‌വി തുറന്നുപറഞ്ഞു. റിസ്‌വാൻ, ഇമാം എന്നിവരുടെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ആഖിബ് ജാവേദ്, മിസ്ബാഹുൽ ഹഖ്, അസാദ് ഷെഫീഖ് എന്നിവർക്ക് പി.സി.ബി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ മിസ്ബാഹുൽ ഹഖ് സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് രാജി വെച്ചു. കളിയിൽ മികവ് പുലർത്താത്തവരെ ഒഴിവാക്കുമെന്നും ടീമിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പെട്ടെന്ന് നടക്കില്ലെന്നും നഖ്‌വി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

