ധോണിയുടെ 100 കോടി രൂപാ മാനനഷ്ടകേസ് 11 വർഷത്തിനു ശേഷം വിചാരണക്ക്
text_fieldsന്യൂഡൽഹി: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 11 വർഷം മുമ്പ് മുൻ ഇന്ത്യൻ താരം എം.എസ്. ധോണി നൽകിയ മാനനഷ്ട കേസ് ഒടുവിൽ വിചാരണക്കെടുക്കുന്നു. മദ്രാസ് ഹൈകോടതിയാണ് 2014 ഫെബ്രുവരിയിൽ എം.എസ് ധോണി നൽകിയ കേസിൽ തുടർനടപടികൾക്ക് നിർദേശം നൽകിയത്.
ഐ.പി.എൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ധോണിയുടെ പേര് വലിച്ചിഴച്ചുവെന്ന പരാതിയിലാണ് സീ മീഡിയ കോർപറേഷൻ, മാധ്യമപ്രവർത്തകനായ സുധീർ ചൗധരി, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ ജി. സമ്പത് കുമാർ, ന്യൂസ് നേഷൻ നെറ്റ്‍വർക്ക് എന്നിവർക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കേസിന്റെ തുടർ നടപടിയുടെ ഭാഗമായി ധോണിയുടെ മൊഴി രേഖപ്പെടുത്താനായി ജസ്റ്റിസ് സി.വി കാർത്തികേയൻ അഭിഭാഷക കമീഷനെ നിയമിച്ചു. പത്തു വർഷത്തിലേറെയായി കോടതിയിൽ കെട്ടിക്കിടക്കുന്ന മാനനഷ്ട കേസ് പരിഗണിക്കാനും നീതി ഉറപ്പാക്കാനും ആവശ്യപ്പെട്ട് ധോണിക്കുവേണ്ടി പി.ആർ രാമൻ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഈ വർഷം ഒക്ടോബർ 20നും ഡിസംബർ 10ത്തിനുമിടയിലെ ദിവസങ്ങളിൽ മൊഴി നൽകാൻ ഹാജരാവാമെന്ന് ധോണി അറിയിച്ചു. ധോണി കോടതിയിലെത്തുന്നത് മൂലമുള്ള ആരാധക തിരക്ക് ഒഴിവാക്കാൻ താരത്തിന്റെ സൗകര്യമനുസരിച്ച് അഭിഭാഷക കമീഷന് സ്വകാര്യ സ്ഥലങ്ങളിലെത്തി മൊഴി രേഖപ്പെടുത്താനും കോടതി അനുവാദം നൽകി.
രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച 2013ലെ ഐ.പി.എൽ വാതുവെപ്പ്, ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവം. ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ടീം ഉടമകൾ കൂടി ഉൾപ്പെട്ടെ ഒത്തുകളി കേസുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലായിരുന്നു ധോണിക്കെതിരെയും ആരോപണമുന്നയിച്ചത്. ഒത്തുകളിയിലും വാതുവെപ്പിലും ടീം ക്യാപ്റ്റൻ ധോണിക്കും പങ്കുണ്ടെന്നായിരുന്നു കേസിലെ എതിർകക്ഷികൾ ആരോപണമുന്നയിച്ചത്. ധോണിക്കെതിരെ തമിഴ്നാട് പൊലീസ് സമൻസ് പുറപ്പെടുവിച്ചുവെന്നായിരുന്നു ന്യൂസ് നേഷൻ റിപ്പോർട്ട് ചെയ്തത്. തുടർന്നായിരുന്നു 2014 ഫെബ്രുവരിയിൽ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരം മാനനഷ്ട കേസ് നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.