ക്യാപിറ്റൽസിനെ 59 റൺസിന് കീഴടക്കി; പ്ലേഓഫ് ഉറപ്പിച്ച് മുംബൈ ഇന്ത്യൻസ്
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് പ്ലേഓഫ് ഉറപ്പിച്ചു. മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റൽസ് 121ന് പുറത്തായി. 39 റൺസ് നേടിയ സമീർ റിസ്വിയാണ് ക്യാപിറ്റൽസിന്‍റെ ടോപ് സ്കോറർ. ജയത്തോടെ നാലാം സ്ഥാനത്തു തുടരുന്ന മുംബൈയുടെ പോയിന്‍റ് 16 ആയി. ശേഷിക്കുന്ന മത്സരത്തിൽ ജയിച്ചാലും ഡൽഹിക്ക് 15 പോയിന്‍റ് മാത്രമേ ആകൂ. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾ നേരത്തെ പ്ലേഓഫ് ബർത്ത് ഉറപ്പിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ ഡൽഹി ടീമിന് വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേ അവസാനിക്കും മുമ്പ് ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി (6), കെ.എൽ. രാഹുൽ (11), അഭിഷേക് പൊരൽ (6) എന്നിവർ വീണു. സമീർ റിസ്വിക്കൊപ്പമെത്തിയ വിപ്രജ് നിഗം (11 പന്തിൽ 20) വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും ഏറെ നേരത്തെ ആയുസുണ്ടായിരുന്നില്ല.
ഇന്നിങ്സ് പതിയെ ചലിപ്പിച്ച റിസ്വി (39) 15-ാം ഓവറിൽ വീണു. പിന്നീടിറങ്ങിയവരിൽ അശുതോഷ് ശർമക്ക് (18) മാത്രമാണ് രണ്ടക്കം കാണാനായത്. ട്രിസ്റ്റൻ സ്റ്റബ്സ് (2), മാധവ് തിവാരി (3), കുൽദീപ് യാദവ് (7), മുസ്തഫിസുർ റഹ്മാൻ (0), ദുഷ്മന്ത ചമീര (8*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. 18.2 ഓവറിലാണ് ഡൽഹി ടീം കൂടാരം കയറിയത്. മുംബൈക്കായി ജസ്പ്രീത് ബുംറയും മിച്ചൽ സാന്‍റ്നറും മൂന്ന് വീതം വിക്കറ്റുകൾ നേടി.
അർധ ശതകവുമായി സൂര്യ, നമൻ ധിറിന്‍റെ വെടിക്കെട്ട്
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി സീനിയർ താരങ്ങളായ രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും നിരാശപ്പെടുത്തിയപ്പോൾ, അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് (43 പന്തിൽ 73*) പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ കത്തിക്കയറിയ നമൻ ധിറിന്‍റെ ഇന്നിങ്സും മുംബൈക്ക് കരുത്തായി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 180 റൺസ് നേടിയത്. റയാൻ റിക്കിൾടൺ (18 പന്തിൽ 25) തുടക്കം മുതൽ വമ്പനടികൾ പുറത്തെടുത്തപ്പോൾ, മൂന്നാം ഓവറിൽ വീണ ഹിറ്റ്മാൻ രോഹിത് ശർമ (5) വീണ്ടും നിരാശപ്പെടുത്തി.
പവർപ്ലേ അവസാനിക്കും മുമ്പ് വിൽ ജാക്സും (13 പന്തിൽ 21) തൊട്ടടുത്ത ഓവറിൽ റിക്കിൾടണും വീണു. ഇതോടെ സ്കോർ 6.4 ഓവറിൽ മൂന്നിന് 58 എന്ന നിലയിലായി. പിന്നാലെയെത്തിയ തിലക് വർമ നിലയുറപ്പിച്ചു കളിച്ചതോടെ സ്കോർ ഉയർന്നു. നാലാം വിക്കറ്റിൽ സൂര്യയും തിലകും ചേർന്ന് മുംബൈ ഇന്നിങ്സിൽ 55 റൺസ് കൂട്ടിച്ചേർത്തു. 15-ാം ഓവറിൽ തിലകിനെ (27) സമീർ റിസ്വിയുടെ കൈകളിലെത്തിച്ച് മുകേഷ് കുമാറാണ് ഈ കൂട്ടുകെട്ട് തകർത്തത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (3) നിലയുറപ്പിക്കാനാകാതെ മടങ്ങി.
പിന്നാലെയെത്തിയ നമൻ ധിറിനെ സാക്ഷിയാക്കി സൂര്യകുമാർ അർധ ശതകം പൂർത്തിയാക്കി. 36 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്. അവസാന ഓവറുകളിൽ ഇരുവരും വമ്പൻ ഷോട്ടുകൾ പുറത്തെടുത്തതോടെ സ്കോർ 180ലെത്തി. സൂര്യ 73 റൺസും നമൻ എട്ട് പന്തിൽ 24 റൺസുമായി പുറത്താകാതെനിന്നു. ക്യാപിറ്റൽസിനായി മുകേഷ് കുമാർ രണ്ട് വിക്കറ്റുനേടി. ദുഷ്മന്ത ചമീര, മുസ്താഫിസുർ റഹ്മാൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.