ഗുജറാത്ത് ഔട്ട്, മുംബൈ ഇൻ; ഐ.പി.എൽ എലിമിനേറ്ററിൽ ഗുജറാത്തിനെ 20 റൺസിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ്
text_fieldsചണ്ഡിഗഡ്: സായ്സുദർശന്റെയും വാഷിങ്ടൺ സുന്ദറിന്റെയും ഗംഭീര ചെറുത്തുനിൽപ്പിനും ഗുജറാത്തിനെ രക്ഷിക്കാനായില്ല. മുംബൈക്കെതിരെ ഐ.പി.എൽ എലിമിനേറ്ററിൽ 20 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് കീഴടങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
49 പന്തിൽ 80 റൺസെടുത്ത ഓപണർ സായ് സുദർശനും 24 പന്തിൽ 48 റൺസെടുത്ത വാഷിങ്ടൺ സുന്ദറും ഗംഭീരമായ തിരിച്ചടിച്ചെങ്കിലും മുംബൈയുടെ റൺമല താണ്ടാനായില്ല. നായകൻ ശുഭ്മാൻ ഗിൽ ഒന്നും കുശാൻ മെൻഡിസ് 20 ഉം റൂഥർഫോർഡ് 24 ഉം ഷാറൂഖ് ഖാൻ 13ഉം റൺസെടുത്ത് പുറത്തായി. 16 റൺസുമായി രാഹുൽ തിവാതിയ പുറത്താകാതെ നിന്നു. ട്രെൻഡ് ബോൾട്ട് രണ്ടും ജസ്പ്രീത് ബുംറ, റിച്ചാർഡ് ഗ്ലീസൻ, മിച്ചൽ സാൻഡർ, അശ്വിനി കുമാർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, 50 പന്തിൽ 81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈ ബാറ്റിങ്ങിനെ മുന്നിൽ നിന്ന് നയിച്ചത്. 22 പന്തിൽ 47 റൺസെടുത്ത ജോണി ബെയർസ്റ്റോയും 20 പന്തിൽ 33 റൺസെടുത്ത സൂര്യകുമാർ യാദവും മുംബൈ ഇന്നിങ്സിന് കരുത്തേകി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള മുംബൈ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് രോഹിതും ബെയർസ്റ്റോയും ആഞ്ഞടിച്ചത്. 22 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 47 റൺസെടുത്ത ബെയർസ്റ്റോ സായ് കിഷോറിന്റെ പന്തിൽ ജെറാൾഡ് കോട്സി പിടിച്ചാണ് പുറത്താവുന്നത്. തുടർന്നെത്തിയ സൂര്യകുമാറും അതേ താളത്തിൽ കത്തിക്കയറിയതോടെ സ്കോർ അതിവേഗം നൂറുകടന്നു. സ്കോർ 143 നിൽക്കെ 33 റൺസെടുത്ത സൂര്യകുമാർ കൂറ്റനടിക്കുള്ള ശ്രമത്തിൽ സായ് കിഷാറിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. 20 പന്തുകൾ നേരിട്ട സൂര്യ മൂന്ന് സിക്സും ഒരുഫോറുമാണ് പായിച്ചത്. രോഹിതിന് കൂട്ടായെത്തിയ തിലക് വർമയും ഒട്ടും മോശമാക്കിയില്ല.
ടീം സ്കോർ 186 ൽ നിൽക്കെ രോഹിതിനെ നഷ്ടമായി. സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സിന് 81ൽ പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. 11 പന്തിൽ 25 റൺസെടുത്ത തിലക് വർമയും തൊട്ടുപിന്നാലെ മടങ്ങി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. നിലയുറപ്പിക്കും മുൻപെ നമൻധിറിനെ (9) പ്രസിദ്ധ് മടക്കി. അവസാന ഓവറുകൾ ആഞ്ഞടിച്ച് നായകൻ ഹാർദികിന്റെ ഇന്നിങ്സാണ് (9 പന്തിൽ പുറത്താകാതെ 22) സ്കോർ 228 റൺസിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.