‘എന്തു നല്ല പയ്യനാണവൻ, അവനെ വല്ലാതെ മിസ് ചെയ്യുന്നു’, കമന്ററി സംഘത്തിൽ ഇർഫാൻ പത്താൻ ഇല്ലാത്തതിനെക്കുറിച്ച് സിധു
text_fieldsനവ്ജ്യോത് സിങ് സിധു, ഇർഫാൻ പത്താൻ
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം. മുംബൈ ഇന്നിങ്സിന്റെ 11-ംാ ഓവറിനിടയിൽ കമന്റററി ബോക്സിൽ മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിധു മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനെ പ്രശംസ കൊണ്ട് മുടുന്നു. ഐ.പി.എല്ലിനുള്ള ടെലിവിഷൻ കമന്റേറ്റർമാരുടെ സംഘത്തിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അവസാന നിമിഷം ഒഴിവാക്കിയ ഇർഫാനെ താൻ ഏറെ മിസ് ചെയ്യുന്നുവെന്നായിരുന്നു സിധുവിന് പറയാനുണ്ടായിരുന്നത്.
കമന്ററിയിൽ സിധുവിന്റെ വലിയ കൂട്ടായിരുന്നു ഇർഫാൻ. ഇരുവരും ഒന്നിച്ചുള്ള കമന്ററിക്ക് ആരാധകരും ഏറെയായിരുന്നു. ഇക്കുറി ജിയോ ഹോട്സ്റ്റാറിന്റെ കമന്ററി സംഘത്തിൽ നിന്ന് ഇർഫാനെ ഒഴിവാക്കിയതിൽ ആരാധകർ പലരും കടുത്ത രീതിയിൽ പ്രതികരിച്ചിരുന്നു. കളിക്കാർക്കെതിരെ കമന്ററിക്കിടയിൽ പത്താൻ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും താരങ്ങൾ ഇക്കാര്യത്തിൽ പരാതി അറിയിച്ചതിനെ തുടർന്നാണ് കമന്റേറ്റർ സംഘത്തിൽനിന്ന് ഒഴിവാക്കിയതെന്നുമാണ് ബി.സി.സി.ഐ പറയുന്നത്.
‘ഇർഫാൻ എന്റെ ജീവനാണ്. എന്തു നല്ല പയ്യനാണവൻ, അവനെ വല്ലാതെ മിസ് ചെയ്യുന്നു’ എന്നാണ് കമന്ററിക്കിടയിൽ സിധു പറഞ്ഞത്. ഇതിനോട് സമൂഹമാധ്യമമായ എക്സിൽ ഇർഫാൻ സസ്നേഹം പ്രതികരിച്ചു. ‘പാജീ, ഞാൻ നിങ്ങളെയും വല്ലാതെ മിസ് ചെയ്യുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും’ -എന്നായിരുന്നു ഇർഫാന്റെ ട്വീറ്റ്. ‘നിങ്ങളുമായുള്ളത് ആത്മാർത്ഥമായ ബന്ധം. ഒരിക്കലും തകർക്കാനും ഇളക്കാനുമാവാത്തത്. ഏറ്റവും മികച്ചത് നിങ്ങളുടേതായിരിക്കട്ടെ’ എന്ന് സിധു അതിന് മറുപടിയായി കുറിച്ചു.
40കാരനായ ഇർഫാൻ പത്താൻ 29 ടെസ്റ്റിലും 120 ഏകദിനങ്ങളിലും 24 ട്വന്റി20 മത്സരങ്ങളിലും ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. കളിയിൽനിന്ന് വിരമിച്ചശേഷവും ആരാധകർക്ക് ഏറെ പ്രിയമുള്ളവനാണ് ഇർഫാൻ ഇന്നും. ഐ.പി.എൽ കമന്ററി സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിനുപിന്നാലെ, ‘സീധീ ബാത്ത് വിത്ത് ഇർഫാൻ പത്താൻ’ എന്ന യൂട്യൂബ് ചാനലുമായി രംഗത്തെത്തിയ താരം ആരാധകരുമായി സംവദിക്കുന്നുണ്ട്. അവതരിച്ച് ഒരാഴ്ചക്കകം മൂന്നു ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ആണ് ചാനലിനുള്ളത്.
റിട്ടയർമെന്റിനുശേഷം കഴിഞ്ഞ ആറേഴു കൊല്ലമായി കമന്ററിയിൽ സജീവമായ പത്താൻ, രാജ്യത്തെ ഹിന്ദി കമന്റേറ്റർമാരിൽ ഒന്നാംനിരക്കാരനാണ്. കളിയെക്കുറിച്ചുള്ള വിശാലമായ അറിവ്, കൃത്യതയുള്ള വിശകലനം, രസകരമായ അവതരണം എന്നിവയിലൂടെ ക്രിക്കറ്റ് കമന്ററിയിൽ പുതിയ രീതിയും ഊർജസ്വലതയും ഇർഫാൻ കൊണ്ടുവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.