16 റൺസ് നേടുന്നതിനിടെ വീണത് എട്ട് വിക്കറ്റുകൾ; ശ്രീലങ്കയെ തകർത്ത് ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്താൻ
text_fieldsവിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാകിസ്താൻ താരങ്ങൾ
റാവൽപിണ്ടി: ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയുടെ ഫൈനലിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്താൻ വിജയികളായി. സന്ദർശകർ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടന്നു. 37 റൺസ് നേടിയ ബാബർ അസമാണ് ആതിഥേയ നിരയിലെ ടോപ് സ്കോറർ. 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് പിഴുത മുഹമ്മദ് നവാസ് കളിയിലെ താരമായി. പരമ്പരയിലെ താരവും നവാസ് തന്നെയാണ്. സ്കോർ: ശ്രീലങ്ക -19.1 ഓവറിൽ 114ന് പുറത്ത്, പാകിസ്താൻ -18.4 ഓവറിൽ നാലിന് 118. സിംബാബ്വെയായിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ കമിൽ മിഷാര (59) മത്സരത്തിലെ ടോപ് സ്കോററായി. ഒരുഘട്ടത്തിൽ രണ്ടിന് 98 എന്ന നിലയിലായിരുന്ന ലങ്കൻ നിരയെ പാക് സ്പിന്നർമാർ കടപുഴക്കുകയായിരുന്നു. 16 റൺസ് ചേർക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. ഏഴുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് നവാസും മൂന്ന് വീതം വിക്കറ്റുകൾ നേടി. അബ്രാർ അഹ്മദ് രണ്ട് വിക്കറ്റ് പിഴുതപ്പോൾ സൽമാൻ മിർസയും സയിം അയൂബും ഓരോന്ന് പോക്കറ്റിലാക്കി.
മറുപടി ബാറ്റിങ്ങിൽ ശ്രദ്ധയോടെയാണ് പാക് ബാറ്റർമാർ ബാറ്റുവീശിയത്. സ്കോർ 48ൽ നിൽക്കെ സാഹിബ്സാദ ഫർഹാൻ (23) വീണു. സയിം അയുബ് 36 റൺസ് നേടി പുറത്തായി. മുൻ ക്യാപ്റ്റൻ ബാബർ അസം 37 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സൽമാൻ ആഘ (14), ഫഖർ സമാൻ (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ലങ്കൻ നിരയിൽ പവൻ രത്നായകെ രണ്ട് വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

