നിതീഷിന് ക്രിക്കറ്റാണ് ജീവിതം..
text_fieldsഎം. ഡി. നിതീഷ്
തൃപ്പൂണിത്തുറ: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി കേരളം കലാശപ്പോരാട്ടത്തിലേക്ക് കടന്നപ്പോൾ തന്നെ സന്തോഷത്തിലായിരുന്നു പേസ് ബോളർ എം. ഡി. നിതീഷിന്റെ കുടുംബം. അരയൻകാവ് എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് കേരള ടീമിന്റെ മുൻനിര ബോളർ സ്ഥാനത്തേക്കുള്ള നിധീഷിന്റെ യാത്രക്ക് വീട്ടിലെ പിന്തുണയാണ് കരുത്ത്. പാടത്തെ ഗ്രൗണ്ടിൽ നിന്ന് ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങൾ പഠിച്ച നിതീഷിന് ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാടും നാട്ടുകാരും. കാഞ്ഞിരമറ്റത്തിനടുത്ത് ആമ്പല്ലൂർ പഞ്ചായത്തിലെ 13ാം വാർഡിൽ അരയൻകാവ് മറ്റകണ്ടത്തിൽ വീട്ടിൽ എം. കെ. ദിനേശൻ-ഷീല ദമ്പതികളുടെ മകനാണ്. 1991 സെപ്തംബർ അഞ്ചിനാണ് ജനനം. വീടിന് തൊട്ടടുത്ത് തന്നെയാണ് ഭാര്യ ചിത്രലേയുടെ വീട്. നഴ്സറി വിദ്യാർഥിയാണ് മകൻ അയാൻ. എം.ഡി. നിഖിലാണ് സഹോദരൻ.
നിതീഷ് ഒന്ന് മുതൽ ഏഴുവരെ കീച്ചേരി ഗവ. യുപി സ്കൂളിലായിരുന്നു പഠനം. എട്ട് മുതൽ പ്ലസ്ടു വരെ കാഞ്ഞിരമറ്റം സെൻറ്. ഇഗ്നേഷ്യസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ സ്വകാര്യ കോളേജിൽ നിന്ന് ബികോം ബിരുദം നേടി. 2014-’15 ലാണ് ആദ്യമായി രഞ്ജി ട്രോഫിയിൽ കളിച്ചത്. 2018ൽ ഐ.പി.എൽ മുംബൈ ഇന്ത്യൻസിൽ ഇടം നേടി. ചെറു ക്ലബുകൾക്ക് വേണ്ടിയായിരുന്നു നിതീഷ് കളിക്കാനാരംഭിച്ചത്. ആദ്യം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിലും പിന്നീട് എം.ആർ.എഫ് ഫൗണ്ടേഷനിലും പരിശീലനത്തിന് കളമൊരുങ്ങി. രഞ്ജി ട്രോഫി ടീമിന്റെ നെറ്റ്സിൽ പന്തെറിയാനുള്ള അവസരം കൂടിയായതോടെ ആത്മവിശ്വാസമേറി. രഞ്ജിയിൽ ഫൈനലിലും സെമിയിലും ഒരു വിക്കറ്റേ നേടാനായുള്ളൂവെങ്കിലും ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ നടത്തിയ മികച്ച പേസ് ബോളിങ് പ്രകടനം കേരളത്തെ സെമിയിലെത്തിക്കുന്നതിൽ സഹായകമായി. രണ്ട് ഇന്നിങ്സുകളിലായി 10 വിക്കറ്റായിരുന്നു നേട്ടം.
ഇന്ത്യൻ ടീമിന് വേണ്ടി കളിക്കണമെന്നതാണ് നിതീഷിന്റെ ആഗ്രഹമെന്നും ക്രിക്കറ്റിൽ തന്നെയാണ് ഫോക്കസെന്നും ഭാര്യ ചിത്രലേഖ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.