Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​7 താരങ്ങളെ നാട്ടിലേക്ക് മടക്കി, മുഖ്യപരിശീലകനെ പുറത്താക്കി; ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താൻ

text_fields
bookmark_border
​7 താരങ്ങളെ നാട്ടിലേക്ക് മടക്കി, മുഖ്യപരിശീലകനെ പുറത്താക്കി; ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താൻ
cancel

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വമ്പൻ അഴിച്ചുപണി. പരമ്പരക്കിടെ ഏഴ് താരങ്ങളെയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെയും പുറത്താക്കിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി), അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെടെ ഏഴ് പേരെ പുതിയതായി ടീമിലേക്ക് തിരിച്ചുവിളിച്ചു. സെപ്റ്റംബർ ഒമ്പതിന് എഡ്ജ്ബാസ്റ്റണിൽ (ബർമിങ്ഹാം) നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് പാക് ബോർഡിന്റെ ഈ അസാധാരണ നടപടി.

മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ, അലി ഉസ്മാൻ, ഖുറം ഷഹ്‌സാദ്, ആമിർ ജമാൽ, മുഹമ്മദ് ഉവൈസ് സഫർ എന്നീ ഏഴ് താരങ്ങളെയാണ് ലോർഡ്‌സ് ടെസ്റ്റിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചയച്ചത്. മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനൊപ്പം സഹ പരിശീലകനും മുൻ പേസറുമായ ഉമർ ഗുല്ലിനെയും ചുമതലകളിൽ നിന്ന് നീക്കി.

പാകിസ്താന്റെ വൈറ്റ് ബോൾ കോച്ചായ മൈക്ക് ഹെസ്സൻ, മുൻ ഓസ്ട്രേലിയൻ താരം ആഷ്‌ലി നോഫ്‌കെ എന്നിവർക്കാണ് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലക ചുമതല. അരഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ, റസാഉല്ല എന്നീ അഞ്ച് താരങ്ങൾക്ക് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിവന്നു. ഇതിനുപുറമെ, മുൻ പരിചയമുള്ള സയീം അയൂബ്, അബ്ദുല്ല ഫസൽ എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്തുപകരാൻ ടീമിലെത്തിയിട്ടുണ്ട്.

ഹെഡിങ്‌ലിയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് പരാജയം ഏറ്റുവാങ്ങിയ പാക് ടീം, ലോർഡ്‌സിൽ 194 റൺസിനാണ് തകർന്നടിഞ്ഞത്. ഈ നാല് ഇന്നിങ്സുകളിലും 200 റൺസ് തികയ്ക്കാൻ പാകിസ്താന് സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ബാബർ അസമിന്റെ അഭാവത്തിൽ ടീമിനെ നയിച്ച സൽമാൻ അലി ആഘയെയും, ലോർഡ്‌സിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് ബാറ്റ് ചെയ്യാതിരുന്ന ഇമാം ഉൾ ഹഖിനെയും പി.സി.ബി ഒഴിവാക്കി.

പരമ്പരക്കിടെയുള്ള ഈ കൂട്ടപ്പിരിച്ചുവിടലിനെതിരെ മുൻ പാക് നായകനും പി.സി.ബി ചെയർമാനുമായിരുന്ന റമീസ് രാജ രംഗത്തെത്തി. പാക് ക്രിക്കറ്റ് കടുത്ത പരിഭ്രാന്തിയിലാണെന്നും, ഫുട്ബോളിൽ സീസണിന്റെ പകുതിക്ക് വെച്ച് മാനേജറെ മാറ്റുന്നതുപോലുള്ള ഈ നടപടി ടീമിന്റെ ആത്മവിശ്വാസം കെടുത്തുമെന്നും അദ്ദേഹം ബി.ബി.സിയോട് പ്രതികരിച്ചു. ഇതിനിടെ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം ഒരു ചാനൽ സംപ്രേഷണം ചെയ്തതിനെതിരെ പരമ്പര ബഹിഷ്കരിക്കാൻ പി.സി.ബി ഭീഷണിപ്പെടുത്തിയെന്ന വിവാദവും രണ്ടാം ടെസ്റ്റിനിടെ പുകഞ്ഞിരുന്നു.

മൂന്നാം ടെസ്റ്റിനുള്ള പുതുക്കിയ പാക് സ്ക്വാഡ്:

ബാബർ അസം (ക്യാപ്റ്റൻ), അബ്ദുല്ല ഫസൽ, അബ്ദുല്ല ഷഫീഖ്, അരഫാത്ത് മിൻഹാസ്, അസാൻ ഉവൈസ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് ഇമ്രാൻ ജൂനിയർ, മുഹമ്മദ് ഗാസി ഘോരി (വിക്കറ്റ് കീപ്പർ), റസാഉല്ല, സാദ് ബെയ്ഗ് (വിക്കറ്റ് കീപ്പർ), സയീം അയൂബ്, സാജിദ് ഖാൻ, സൗദ് ഷക്കീൽ, ഷാൻ മസൂദ്, ഉബൈദ് ഷാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan Overhauls Cricket Team and Coaches Following Test Series Defeat Against England
Next Story