സമീർ റിസ്വിയുടെ മിന്നൽ പ്രഹരം (58*), അവസാന അങ്കത്തിൽ ജയം പിടിച്ച് ഡൽഹി; പഞ്ചാബിനെതിരെ ആറ് വിക്കറ്റ് ജയം
text_fieldsജയ്പുർ: ജയ-പരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ചിരി ഡൽഹി ക്യാപിറ്റൽസിനൊപ്പം. ലീഗ് റൗണ്ടിൽ പുറത്തായെങ്കിലും സീസണിലെ അവസാന മത്സരത്തിൽ ജയിക്കാനായതിൽ ക്യാപിറ്റൽസിന് ആശ്വസിക്കാം. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിനാണ് ക്യാപിറ്റൽസ് തകർത്ത്. അവസാന ഓവറുകളിൽ കൂറ്റനടികളുമായി 25 പന്തിൽ 58 റൺസെടുത്ത സമീർ റിസ്വിയാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്. 44 റൺസെടുത്ത മലയാളി താരം കരുൺ നായരുടെ ഇന്നിങ്സും നിർണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 55 റൺസ് ചേർത്ത് കെ.എൽ. രാഹുലാണ് (21 പന്തിൽ 35) ആദ്യം പുറത്തായത്. പവർപ്ലേയിൽ 61 റൺസ് പിറന്നു. ഏഴാം ഓവറിൽ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി (15 പന്തിൽ 23) പവലയനിൽ തിരിച്ചെത്തി. സ്കോർ 93ൽ നിൽക്കെ സിദ്ദുഖുല്ല അതൽ (16 പന്തിൽ 22) മടങ്ങിയെങ്കിലും വമ്പനടികളുമായി കരുൺ നായർ കളം നിറഞ്ഞു.
അപകടകാരിയായ കരുണിനെ 15-ാം ഓവറിൽ സ്കോർ 155ൽ നിൽക്കേ പ്രവീൺ ദുബെ അർഷ്ദീപ് സിങ്ങിന്‍റെ കൈകളിലെത്തിച്ചു. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 44 റൺസാണ് താരം അടിച്ചെടുത്തത്. പിന്നീടൊന്നിച്ച സമീർ റിസ്വിയും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ക്യാപിറ്റൽസിനെ വിജയതീരമണച്ചു. റിസ്വി 58ഉം സ്റ്റബ്സ് 18ഉം റൺസെടുത്ത് പുറത്താകാതെനിന്നു. 207 റൺസെന്ന വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കേ ക്യാപിറ്റൽസ് മറികടന്നു.
ശ്രേയസിന് അർധ ശതകം, സ്റ്റോയിനിസിന്‍റെ മിന്നൽ പ്രഹരം
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധ ശതകവും (34 പന്തിൽ 53) മധ്യനിരയിൽ മാർക്കസ് സ്റ്റോയിനിസിന്‍റെ (16 പന്തിൽ 44*) വെടിക്കെട്ടുമാണ് കിങ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ടീം 206 റൺസടിച്ചത്.
സ്കോർ ബോർഡിൽ രണ്ടക്കം തികക്കും മുമ്പ് പ്രിയാൻഷ് ആര്യയെ പുറത്താക്കി മുസ്തഫിസുർ റഹ്മാൻ കിങ്സിനെ ഞെട്ടിച്ചു. രണ്ടാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങ്ങും ജോഷ് ഇംഗ്ലിസും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയിലെ അവസാന ഓവറിൽ ഇംഗ്ലിസിനെ (12 പന്തിൽ 32) വിപ്രജ് നിഗം മടക്കി. രണ്ടോവർ പിന്നിട്ടപ്പോൾ 28 റൺസ് നേടിയ പ്രഭ്സിമാനെയും വിപ്രജ് കൂടാരം കയറ്റി.
നിലയുറപ്പിച്ചു കളിച്ച ശ്രേയസിനൊപ്പം മറുവശത്തെത്തിയ നേഹൽ വധേരക്കും (16 പന്തിൽ 16) ശശാങ്ക് സിങ്ങിനും (10 പന്തിൽ 11) ഏറെനേരം പൊരുതാനായില്ല. പിന്നാലെയെത്തിയ സ്റ്റോയിനിസിനെ സാക്ഷിയാക്കി ക്യാപ്റ്റൻ ഫിഫ്റ്റി തികച്ചു. 18-ാം ഓവറിൽ ശ്രേയസ് മടങ്ങിയതോടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സ്റ്റോയിനിസ് ഏറ്റെടുത്തു. മൂന്ന് ഫോറും നാല് സിക്സും സഹിതം 16 പന്തിൽ 44 റൺസെടുത്ത താരം പുറത്താകാതെനിന്നു.
അസ്മത്തുല്ല ഒമർസായ് (1), മാർകോ യാൻസൻ (0), ഹർപ്രീത് ബ്രാർ (7*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ക്യാപിറ്റൽസിനായി മുസ്തഫിസുർ റഹ്മാൻ മൂന്നും വിപ്രജ് നിഗം, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.