രാഹുലിന് അർധ സെഞ്ച്വറി (53*); ഇന്ത്യ മൂന്നിന് 145 റൺസ്
text_fieldsലണ്ടൻ: ചെറു ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒരിക്കൽക്കൂടെ കൊടുങ്കാറ്റായ ദിനത്തിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ. കരിയറിൽ 37ാം സെഞ്ച്വറിയുമായി ജോ റൂട്ട് മുന്നിൽനിന്ന നയിച്ച ആദ്യ ഇന്നിങ്സ് 387 റൺസിൽ അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് വീഴ്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാൾ എട്ട് പന്തിൽ 13 റൺസെടുത്ത് ആർച്ചറുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ കരുൺ നായർ പക്ഷേ, രാഹുലിനൊപ്പം ചേർന്ന് പോരാട്ടത്തിന് കരുത്തുപകർന്നു. രാഹുൽ അർധശതകം നേടി നങ്കൂരമുറപ്പിച്ചപ്പോൾ മലയാളി താരം 62 പന്തിൽ 40 റൺസ് നേടി പുറത്തായി. 44 പന്തിൽ 16 റൺസ് നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു. റിഷഭ് പന്തിനൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനുള്ള നീക്കത്തിലാണ് രാഹുൽ. 33 പന്തിൽ 19 റൺസുമായി റിഷഭ് പന്തും 113 പന്തിൽ 53 റൺസുമായി രാഹുലുമാണ് ക്രീസിൽ. ഏഴ് വിക്കറ്റ് ശേഷിക്കെ 242 റൺസുകൂടി വേണം ഇന്ത്യക്ക് ഇംഗ്ലണ്ട് സ്കോറിന് ഒപ്പമെത്താൻ.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ വിശ്രമം കഴിഞ്ഞ് വീണ്ടും പന്തെടുത്ത ബുംറയുടെ മാരക സ്പെല്ലാണ് വെള്ളിയാഴ്ച രാവിലെ കളിയുടെ ഗതി നിയന്ത്രിച്ചത്. നാലു വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലീഷ് നിരയിൽ ജോ റൂട്ട് സെഞ്ച്വറി തികച്ചതായിരുന്നു ആദ്യ ഹൈലൈറ്റ്. നേരിട്ട ആദ്യ പന്ത് അതിർത്തി കടത്തിയ താരം ലോർഡ്സിൽ തന്റെ എട്ടാം ശതകമാണ് പിന്നിട്ടത്. എന്നാൽ, ബുംറ കളിയേറ്റെടുത്തതോടെ റൂട്ടിന് പിടിച്ചുനിൽക്കാനായില്ല. 199 പന്ത് നേരിട്ട് 104 റൺസ് അടിച്ചെടുത്ത് താരം മടങ്ങി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (44) സംപൂജ്യനായി ക്രിസ് വോക്സും കൂടാരം കയറിയതോടെ ഇംഗ്ലീഷ് സ്കോർ ഏഴു വിക്കറ്റിൽ 271 എന്ന നിലയിൽ പതറി. എന്നാൽ, കഴിഞ്ഞ ഇന്നിങ്സുകളിൽ ഉജ്വല ഫോമുമായി ഇന്ത്യൻ ബൗളിങ്ങിനെ നേരിട്ട ജാമി സ്മിത്തും കാഴ്സും ചേർന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിടിച്ചുനിന്നതോടെ ഇംഗ്ലീഷ് സ്കോർ പതിയെ നീങ്ങി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത് 84 റൺസ്. സ്മിത്ത് 56 പന്തിൽ 51 റൺസ് അടിച്ചപ്പോൾ കാഴ്സ് 56ഉം സ്വന്തമാക്കി. മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുൽ കൈവിട്ടത് അവസരമാക്കിയാണ് സ്മിത്ത് കുതിച്ചത്. ഇരുവരും പിരിഞ്ഞതോടെ ഇന്ത്യ വീണ്ടും കളിയേറ്റെടുത്തു.
ബുംറ 74 റൺ വഴങ്ങി അഞ്ചു പേരെ മടക്കിയ കളിയിൽ സിറാജും നിതീഷ് കുമാർ റെഡ്ഡിയും രണ്ടുവീതം വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജക്കായിരുന്നു ശേഷിച്ച വിക്കറ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.