ഗില്ലും പന്തുമല്ല! ഇന്ത്യക്ക് ആശ്രയിക്കാവുന്ന വിശ്വസ്തനായ ബാറ്റർ രാഹുലെന്ന് മുൻ ഇംഗ്ലണ്ട് സ്റ്റാർ...
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കുവേണ്ടി തകർപ്പൻ പ്രകടനമാണ് കെ.എല്‍. രാഹുൽ കാഴ്ചവെക്കുന്നത്. പരമ്പരയിൽ ഇതിനകം രണ്ടു സെഞ്ച്വറികളാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. ഇംഗ്ലണ്ട് മണ്ണിൽ നാലു സെഞ്ച്വറികളുമായി ദിലീപ് വെംഗ്സർക്കാറിന്‍റെയും ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെയു റെക്കോഡിനൊപ്പമാണ്.
ആറു സെഞ്ച്വറികളുമായി രാഹുൽ ദ്രാവിഡ് മാത്രമാണ് ഇനി മുന്നിലുള്ളത്. ഏറെക്കാലം വിരാട് കോഹ്ലിയുടെ നിഴലിലായിരുന്ന താരം, ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററെന്ന നിലയിലേക്ക് ഉയരുകയാണ്. ലീഡ്സിലും ലോർഡ്സിലും നേടിയ സെഞ്ച്വറികൾ ന്യൂ ബാളുകൾ നേരിനാടുള്ള താരത്തിന്‍റെ സാങ്കേതികത്തികവിന് അടിവരയിടുന്നു. ലീഡ്സിൽ 137 റൺസും ലോർഡ്സിൽ 100 റൺസുമാണ് താരം നേടിയത്.
ഇന്ത്യക്ക് എപ്പോഴും ആശ്രയിക്കാവുന്ന വിശ്വസ്തനായ ബാറ്ററെന്നാണ് രാഹുലിനെ മുൻ ഇംഗ്ലണ്ട് താരം ഉവൈസ് ഷാ വിശേഷിപ്പിക്കുന്നത്. ടീമിൽ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ കരുത്തുറ്റ സാന്നിധ്യവുമായി മാറാനുള്ള സുവർണാവസരമാണ് രാഹുലിന് ഈ പരമ്പരയെന്നും ഷാ പറയുന്നു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നു ടെസ്റ്റുകൾ പൂർത്തിയായപ്പോൾ, 62.50 ശരാശരിയിൽ 375 റൺസാണ് രാഹുലിന്‍റെ സമ്പാദ്യം.
‘കോഹ്ലിയുടെ നിഴലിലായിരുന്നു ഇതുവരെ രാഹുൽ. കോഹ്ലി ക്രീസിലുള്ളപ്പോൾ, ടീമിന്‍റെ പ്രധാന ബാറ്റർ അദ്ദേഹമായിരിക്കും. രാഹുൽ റഡാറിനടിയിലാകും. ഇപ്പോൾ പ്രതിഭ തെളിയിക്കാനുള്ള സമയമാണ് രാഹുലിന്. കോഹ്ലി ഇല്ലാത്ത ആദ്യ പരമ്പരയാണിത്. ബാറ്റിങ് ഓർഡറിലേക്ക് നോക്കു, ശുഭ്മൻ ഗിൽ മികച്ച പ്രകടനം നടത്തുന്നു, ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ ഗില്ലിൽ നിന്ന് ഇത്തരത്തിലൊരു പ്രകടനം പ്രതീക്ഷിച്ചില്ല’ -ഷാ പറഞ്ഞു.
ബാറ്റിങ്ങിൽ ഇന്ത്യക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച വിശ്വസ്തനായ ബാറ്റർ രാഹുലാണ്. 10-15 മത്സരങ്ങൾ കഴിയുമ്പോഴേക്കും രാഹുൽ ഗില്ലിനെ മറികടക്കും. വരുന്ന വർഷം രാഹുലിന്‍റേതാണെന്നും ഷാ കൂട്ടിച്ചേർത്തു. ദിലീപ് വെംഗ്സർക്കാറിനുശേഷം ലോർഡ്സിൽ രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോഡ് രാഹുൽ സ്വന്തമാക്കിയിരുന്നു. 2018 മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഓപ്പണർ കൂടിയായി രാഹുൽ -നാലു സെഞ്ച്വറികൾ.
മൂന്നു സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും രണ്ടു സെഞ്ച്വറിയുമായി സാക് ക്രോളിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.