രഞ്ജി ട്രോഫി: സലാം സൽമാൻ
text_fieldsരഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെ സെഞ്ച്വറി നേടിയ കേരളത്തിന്റെ സൽമാൻ നിസാറിന്റെ ആഹ്ലാദം
തിരുവനന്തപുരം: ബിഹാറിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൽമാൻ നിസാറിന്റെ ചുമലിലേറി കൂട്ടത്തകര്‍ച്ചയില്‍നിന്ന് കരകയറിയ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം തുടക്കത്തില്‍ 81-4ലേക്കും പിന്നീട് 202 -8ലേക്കും തകര്‍ന്ന കേരളത്തെ സെഞ്ച്വറിയിലൂടെ (പുറത്താകാതെ111) സല്മാന് നിസാറും മികച്ച പിന്തുണ നല്കിയ എം.ഡി. നിധീഷും ചേര്‍ന്ന് 300 കടത്തി. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 172 പന്തില്‍ 111 റണ്‍സുമായി സല്മാന് നിസാറും ഒരു റണ്‍സോടെ വൈശാഖ് ചന്ദ്രനുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്ന് റണ്‍സ് മാത്രമെടുത്ത രോഹന് കുന്നുമ്മലിനെ വീഴ്ത്തിയ ഹര്‍ഷ് വിക്രം സിംഗാണ് കേരളത്തെ ഞെട്ടിച്ചത്. പിന്നാലെ ആനന്ദ് കൃഷ്ണും (11) മടങ്ങി. ഗുലാം റബ്ബാനിക്കാണ് വിക്കറ്റ്. ക്യാപ്റ്റന്‍ സച്ചിന് ബേബിക്കും തിളങ്ങാനായില്ല. നാല് റണ്‍സ് മാത്രമെടുത്ത സച്ചിനെ അഭിഷേക് പുറത്താക്കുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമായിരുന്നു. പ്രതീക്ഷ നല്കിയ അക്ഷയ് ചന്ദ്രൻ (38) ടീം സ്കോര്‍ 100 കടക്കുംമുമ്പ് മടങ്ങി. ഇതോടെ നാലിന് 81 എന്ന നിലയിലായി കേരളം.
ഷോണ്‍ റോജറുടെ 59 റണ്‍സാണ് കേരളത്തിന് പിന്നീട് ആശ്വാസം നല്‍കിയത്. സല്‍മാനൊപ്പം ചേര്‍ന്ന് ഷോണ്‍ 89 റണ്‍സ് കൂട്ടച്ചേര്‍ത്തു. ഷോണിനെ മടക്കി വീര്‍ പ്രതാപ് സിംഗ് ബിഹാറിന് ബ്രേക്ക് ത്രൂ നല്കി. മുഹമ്മദ് അസറുദ്ദീന് (9), ജലജ് സക്സേന (5), ആദിത്യ സര്‍വാതെ (6) എന്നിവരും നിരാശപ്പെടുത്തിയതോടെ കേരളം എട്ടിന് 202 എന്ന നിലയിൽ കൂട്ടത്തകര്‍ച്ചയിലായി.
ഒമ്പതാം വിക്കറ്റിൽ പേസ് ബൗളർ എം.ഡി. നിധീഷിനെ കൂട്ടുപിടിച്ച് നിസാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്. ഇരുവരും ചേർന്ന് 79 റൺസാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് അടിച്ചുകൂട്ടിയത്. നിധീഷ് 43 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായെങ്കിലും പതിനൊന്നാമനായി ഇറങ്ങിയ വൈശാഖ് ചന്ദ്രനെ കൂട്ടുപിടിച്ച് നിസാര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സൽമാൻ നിസാറിന്റെ ഇന്നിങ്സ്. ബിഹാറിനായി സച്ചിന് കുമാര്‍ സിംഗും ഹര്‍ഷ് വിക്രം സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കേരളത്തിന് നിർണായകം
ക്വാർട്ടറിലെത്താൻ ബിഹാറിനെതിരായ മത്സരം കേരളത്തിന് നിർണായകമാണ്. മധ്യപ്രദേശിനെതിരായ സമനിലയോടെ പോയന്റ് പട്ടികയില്‍ ഗ്രൂപ് സിയില്‍ 21 പോയന്റുമായി രണ്ടാമതാണ് കേരളം. ഈ മത്സരം ആദ്യ ഇന്നിങ്സ് ലീഡോടെ സമനിലയെങ്കിലും പിടിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. 26 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കെതിരെ കര്‍ണാടക ഒന്നാം ഇന്നിങ്സ് ലീഡോടെ ഇന്നിങ്സ് ജയം നേടാതിരിക്കുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.