അവിശ്വസനീയം! പരിശീലിപ്പിച്ചവരിൽ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് രവി ശാസ്ത്രി
text_fieldsമുംബൈ: സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദേശീയ ടീമിനുവേണ്ടി താൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച കളിക്കാരനാണ് കോഹ്ലിയെന്ന് ശാസ്ത്രി പറഞ്ഞു.
കോഹ്ലിയും ശാസ്ത്രിയും അടുത്ത ബന്ധം പുലർത്തുന്നവരാണ്. കോഹ്ലി ടീമിന്‍റെ നായകനായിരിക്കുന്ന സമയത്താണ് ശാസ്ത്രി പരിശീലകനായി എത്തുന്നത്. 2017 മുതൽ 2021 വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കോഹ്ലി കളിച്ച ഏതാനും ഇന്നിങ്സുകൾ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ശാസ്ത്രി പറഞ്ഞു. ‘സ്കൈ സ്പോർട്സി’ന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് മുൻ ഇന്ത്യൻ താരത്തിന്‍റെ കോഹ്ലി പ്രശംസ.
‘കോഹ്‌ലി എന്ന ബാറ്റർ ഒരു അവിശ്വസനീയ താരമാണെന്ന് ഞാൻ പറയും, കാരണം ഇന്ത്യ റെഡ്-ബാൾ ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തായിരുന്ന ആ അഞ്ച് വർഷങ്ങളിൽ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ താരം കളിച്ച ചില ഇന്നിങ്സുകൾ വിശ്വസിക്കാനാകുന്നില്ല’ -ശാസ്ത്രി പറഞ്ഞു. എം.എസ്. ധോണി വിരമിച്ചശേഷം നേതൃസ്ഥാനത്തേക്ക് താൻ കണ്ടെത്തിയ താരമായിരുന്നു കോഹ്ലിയെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
കോഹ്ലിയുടെ ബാറ്റിങ് പാടവവും കഠിനാധ്വാനവും വിജയതൃഷ്ണയും മത്സരം മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അസാധാരണമാണെന്നും ശാസ്ത്രി പ്രതികരിച്ചു. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ഐ.സി.സി കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും ദീർഘനാളത്തിനുശേഷം ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനായി. നാട്ടിലെ ടെസ്റ്റ് വിജയങ്ങളാണ് ഇന്ത്യയെ ഇതിന് സഹായിച്ചത്. ആസ്ട്രേലിയൻ മണ്ണിൽ ചരിത്ര പരമ്പര വിജയം കൈവരിച്ചതും കോഹ്ലി-ശാസ്ത്രി കാലഘട്ടത്തിലാണ്.
2014ലാണ് ധോണിയിൽനിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നായക പദവി കോഹ്ലി ഏറ്റെടുക്കുന്നത്. അഡ്ലയ്ഡിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റിൽ തന്നെ രണ്ടു സെഞ്ച്വറികൾ നേടിയാണ് കോഹ്ലി വരവറിയിച്ചത്. അടുത്ത അഞ്ചു വർഷം റെഡ് ബാൾ ക്രിക്കറ്റിൽ കോഹ്ലിയുടെ കാലമായിരുന്നു. 4,492 റൺസാണ് താരം നേടിയത്. 63.27 ആണ് ശരാശരി. 18 സെഞ്ച്വറികളും നേടി. കോഹ്ലിക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനായത് വലിയ അനുഭവമായിരുന്നു. ആ സമയം ടീമിനെ നയിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി കോഹ്ലി മാത്രമായിരുന്നു. അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചേതേശ്വർ പൂജാര, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ എന്നിവരുണ്ടെങ്കിലും താൻ പരിശീലിപ്പിച്ചവരിൽ ഏറ്റവും മികച്ച താരം കോഹ്ലിയായിരുന്നുവെന്നും ശാസ്ത്രി പ്രതികരിച്ചു.
കോഹ്ലി-ശാസ്ത്രി കാലഘട്ടത്തിലാണ് 2019 ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിലെത്തുന്നതും 2019-21 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെടുന്നതും. കോഹ്ലിയുടെ കീഴിലാണ് ഇന്ത്യ ടെസ്റ്റിൽ ആർക്കും തള്ളിക്കളയാനാകാത്ത ശക്തിയായി വളരുന്നത്. ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, ഉമേഷ് യാദവ് ഉൾപ്പെടെയുള്ള മികച്ച പേസർമാരും അന്ന് ടീമിലുണ്ടായിരുന്നു.
2020ൽ വൈറ്റ് ബാൾ ക്രിക്കറ്റിൽ തകർപ്പൻ ഫോം തുടർന്നെങ്കിലും, ടെസ്റ്റ് പ്രകടനം നിരാശപ്പെടുത്തി. ഒടുവിൽ അപ്രതീക്ഷിതമായാണ് ഇംഗ്ലണ്ട് പരമ്പരക്കു തൊട്ടുമുമ്പായി കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.