ചാമ്പ്യൻമാർ റിച്ചാകും! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് കോടിക്കിലുക്കം
text_fieldsദുബൈ: ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും കൊമ്പുകോർക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജേതാക്കളെ കാത്തിരിക്കുന്നത് കോടിക്കിലുക്കം. കഴിഞ്ഞ തവണ നൽകിയതിന്റെ ഇരട്ടിയിലേറെയാണ് ഇത്തവണ സമ്മാനത്തുക.
2023ൽ ഇന്ത്യക്കെതിരെ ഫൈനൽ ജയിച്ച കംഗാരുക്കൾക്ക് ലഭിച്ചിരുന്നത് 16 ലക്ഷം ഡോളറായിരുന്നെങ്കിൽ ഇത്തവണ ദക്ഷിണാഫ്രിക്ക- ആസ്ട്രേലിയ മത്സര വിജയികൾക്ക് 36 ലക്ഷം ഡോളർ (30 കോടിയിലേറെ രൂപ) ലഭിക്കും. റണ്ണേഴ്സിന് 21 ലക്ഷം ഡോളറും നൽകും. കഴിഞ്ഞ തവണ എട്ടു ലക്ഷം ഡോളർ നൽകിയതാണ് ഇത്തവണ വൻതുകയായി ഉയർന്നത്. അവസാന പരമ്പരയിൽ ശ്രീലങ്കയെ 2-0ന് കെട്ടുകെട്ടിച്ച് ദക്ഷിണാഫ്രിക്കയാണ് പോയിന്റ് പരമ്പരയിൽ ഒന്നാമത്- 69.44 ശരാശരി പോയിന്റ്.
രണ്ടാമതുള്ള ആസ്ട്രേലിയക്ക് 67.54ഉം. ഏറെനാൾ ഒന്നാമത് നിന്ന ഇന്ത്യ അവസാനം 50 ശരാശരിയിലാണ് അവസാനിപ്പിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും പ്രഖ്യാപിച്ചു. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് കിരീടപോരാട്ടം. നിരോധിത മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ വിലക്ക് നേരിട്ട പേസർ കാഗിസോ റബാദ ആഫ്രിക്കൻ സംഘത്തിൽ തിരിച്ചെത്തി. നായകനായി ടെംബ ബാവുമ തുടരും.
പാറ്റ് കമിൻസ് നയിക്കുന്ന ഓസീസ് ടീമിൽ പരിക്കിൽനിന്ന് മോചിതനായ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെയും സ്പിന്നർ മാറ്റ് കുനിമാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം കിരീടം നേടുന്ന ആദ്യ ടീമാകുക എന്ന ലക്ഷ്യത്തോടെയാണ് ഓസീസ് സംഘം ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നത്.
സ്ക്വാഡ്
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ഹാം, കോർബിൻ ബോഷ്, ടോണി ഡി സോർസി, മാർകോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർകറം, വിയാൻ മൾഡർ, സെനുറൻ മുത്തുസാമി, ലുങ്കി എൻഗിഡി, ഡെയ്ൻ പാറ്റേഴ്‌സൺ, കാഗിസോ റബാദ, റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്ൻ.
ആസ്‌ട്രേലിയ: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാൻ ഖാജ, സാം കോൺസ്റ്റാസ്, മാറ്റ് കുനിമാൻ, മാർനസ് ലബൂഷെയ്ൻ, നതാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.