സ്പോർട്സ് ബില്ലിൽനിന്ന് ബി.സി.സി.ഐ പുറത്ത്; സർക്കാർ സഹായം പറ്റുന്നവർക്ക് മാത്രം ബാധകം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന സ്പോർട്സ് ഗവേണൻസ് ബില്ലിന്റെ പരിധിയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പുറത്താവും. ബി.സി.സി.ഐ ഉൾപ്പെടെ രാജ്യത്തെ എല്ലാ കായിക ഫെഡറേഷനുകളെയും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലും വിവരാവകാശ നിയമത്തിന് കീഴിലും കൊണ്ടുവരുന്ന ബില്ലാണ് ജൂലൈ 23ന് കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ, കേന്ദ്ര സർക്കാറിൽനിന്നോ സംസ്ഥാന സർക്കാറുകളിൽനിന്നോ സാമ്പത്തിക സഹായമോ ഗ്രാന്റോ സ്വീകരിക്കുന്ന കായിക സംഘടനകൾക്ക് മാത്രം ഇത് ബാധകമാക്കുന്ന തരത്തിൽ ഭേദഗതി വരുത്താനാണ് തീരുമാനം. കായിക വികസനത്തിനും പ്രോത്സാഹനത്തിനുമായി ദേശീയ സ്പോർട്സ് ഗവേണൻസ് ബോഡികൾ, ദേശീയ സ്പോർട്സ് ബോർഡ്, ദേശീയ സ്പോർട്സ് ഇലക്ഷൻ പാനൽ, ദേശീയ സ്പോർട്സ് ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കുന്നതിന് ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്വയംഭരണാവകാശമുള്ള സ്ഥാപനമായി തുടർന്നുകൊണ്ടുതന്നെ ഭരണസമിതി തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ബില്ലിലെ ചട്ടങ്ങൾ പാലിക്കാൻ ബി.സി.സി.ഐയടക്കം ബാധ്യസ്ഥരാകണമായിരുന്നു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുകയും വേണം. എന്നാൽ, ബി.സി.സി.ഐ സർക്കാർ സഹായം പറ്റാത്ത കായിക സംഘടനയായതിനാൽ ഭേദഗതി പ്രകാരം ബില്ലിന്റെ പരിധിയിൽ വരില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.